Loading ...

Home International

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്തും; തീരുമാനം മോദിയും സൗദി കിരീടാവകാശിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍, കേരളത്തിന് നേട്ടം

ഒസാക്ക : ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്തുമെന്ന് സൗദി കിരീടിവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമായത്. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജ സുരക്ഷ, ഭീകര വാദം തുടങ്ങിയവയില്‍ സൗദിയുമായുള്ള ഇന്ത്യയുടെ സഹകരണം മെച്ചപ്പെടുത്താനും താരുമാനമായി. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഇന്ത്യയും സൗദിയും തന്ത്രപരമായ കൂട്ട്‌ക്കെട്ട് ഉണ്ടാക്കുന്നതിന് തങ്ങളുടെ സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കമെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇതിനപ്പുറത്തേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഹജ്ജ് ക്വോട്ട കൂട്ടിയതോടെ കേരളത്തില്‍ നിന്നും ആയിരത്തോളം പേര്‍ക്ക് അധികമായി അവസരം ലഭിക്കും. കേരളത്തില്‍ നിന്നും ഇക്കുറി 11,472 പേര്‍ക്കാണ് അവസരം ലഭിച്ചത്. കേരളത്തിന്റെ മുസ്ലിം ജനസംഖ്യപ്രകാരം 6,383 ആണ് യഥാര്‍ഥ ക്വോട്ട. അപേക്ഷകര്‍ കുറവായ സംസ്ഥാനങ്ങളിലെ 17,418 സീറ്റുകള്‍ വീതം വെച്ചപ്പോഴാണ് കേരളത്തിന് അധികമായി 3,078 സീറ്റുകള്‍ ലഭിച്ചത്. കൂടാതെ, മഹറം വിഭാഗത്തിലെ 2011 സീറ്റ് ഉള്‍പ്പെടെയാണ് 11,472 ലഭിച്ചത്. പുതിയ ഹജ്ജ് നയപ്രകാരം 70 ശതമാനം സീറ്റുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യഗ്രൂപ്പുകള്‍ക്കും നല്‍കണമെന്നാണ് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ 17,500 കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 7,500 സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമായി നീക്കിവെക്കും. കേരളത്തിന് പുതിയ ക്വോട്ടയുടെ 5.15 ശതമാനമായിരിക്കും ലഭിക്കുക. കൂടാതെ, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ബാക്കിവരുന്ന സീറ്റുകളും ലഭിച്ചേക്കും.

Related News