Loading ...

Home National

ഭീകരതയാണ് മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരതയാണ് മനുഷ്യവംശത്തിനെതിരായ ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത നിരപരാധികളെ കൊന്നൊടുക്കുന്നു. കൂടാതെ സാമ്ബത്തിക ഉന്നമനത്തേയും സാമുദായിക സന്തുലനത്തേയും പ്രതികൂലമായി ബാധിക്കാനും ഇടയാക്കും. ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വംശീയതയേയും തീവ്രവാദത്തേയും ഒരു കാരണവശാലും പിന്തുണയ്ക്കരുത്. ഭീകരതയുടെ തേര്‍വാഴ്ചയ്‌ക്കെതിരെ ആഗോള കൂട്ടായ്മ വരണമെന്നും മോദി പറഞ്ഞു. ലോകം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന് കാലാവസ്ഥാ വ്യതിയാനമാണ്. ഇതിനു പരിഹാരമായി പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം മോദി മുന്നോട്ടു വെച്ചു. ആഗോള തലത്തില്‍ ഇതിനുള്ള ശ്രമങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നു വരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളുടെ തലവന്മാരായ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊള്‍സൊനാരോ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാംഫോസ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മോദി ബ്രിക്സ് രാജ്യങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുത്തത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ ട്രംപ് അഭിനന്ദിച്ചു. കൂടിക്കാഴ്ചയില്‍ വ്യാപാര, സൈനിക സഹകരണം മുഖ്യചര്‍ച്ചയായി. യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കുള്ള അധിക ഇറക്കുമതി തീരുവ എടുത്തു കളയണമെന്ന ആവശ്യം അമേരിക്ക ചര്‍ച്ചയില്‍ ഉന്നയിക്കും. കഴിഞ്ഞ ദിവസം ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Related News