Loading ...

Home India

ഒന്നിക്കാന്‍ ഞങ്ങള്‍ വരില്ല; നിങ്ങളില്‍ വിശ്വാസമില്ല... മമതയോട് സിപിഎം പ്രതികരണം ഇങ്ങനെ

കൊല്‍ക്കത്ത: വളരെ വ്യത്യസ്തമായ ഐക്യ ആഹ്വാനമാണ് കഴിഞ്ഞദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭാഗത്തുനിന്നുണ്ടായത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ക്ഷണിക്കുകയായിരുന്നു അവര്‍. എല്ലാവരും ഒരുമിച്ച്‌ നിന്ന് ബിജെപിയെ ശക്തമായി എതിര്‍ക്കണമെന്നും മമത ബംഗാള്‍ നിയമസഭയില്‍ പ്രസംഗിക്കവെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമതയുടെ ക്ഷണം തള്ളിയിരിക്കുകയാണ് സിപിഎം. ഫാഷിസത്തിനെതിരെ പോരാടുന്ന വിഷയത്തില്‍ മമതയ്ക്ക് വിശ്വാസ്യതയില്ലെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ മുഹമ്മദ് സലീം പ്രതികരിച്ചു. ബിജെപിക്കെതിരെ പോരാടുന്നതിന് കൂട്ടായ്മ ഒരുക്കാന്‍ മമതയ്ക്ക് ധാര്‍മികമായ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യം ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ മമതയെ പിന്തുണയ്ക്കാന്‍ സിപിഎമ്മിനെ കിട്ടില്ല. ബിജെപിയെ നേരിടുന്ന പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ മമതയ്ക്ക് ധാര്‍മികമായ അവകാശമില്ലെന്നും മുഹമ്മദ് സലീം പറഞ്ഞു. ആദ്യമായിട്ടാണ് ബിജെപിക്കെതിരായ പോരാട്ടത്തിന് മമത മറ്റു പാര്‍ട്ടികളെ ക്ഷണിക്കുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സിപിഎം എതിര്‍ത്തതോടെ കോണ്‍ഗ്രസും മുഖം തിരിഞ്ഞുനില്‍ക്കാനാണ് സാധ്യത.
നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ എന്താണ് സംഭവിക്കുക എന്ന് ഭത്പാരയിലെ അക്രമങ്ങളില്‍ നിന്ന് ബോധ്യമായല്ലോ എന്ന് മമത നിയമസഭയില്‍ പ്രസംഗിക്കവെ ചോദിച്ചിരുന്നു. ലോക്‌സഭാ തിറഞ്ഞെടുപ്പ് വേളയില്‍ തുടങ്ങിയ സംഘര്‍ഷം ഭത്പാരയില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കൊല്‍ക്കത്തയോട് ചേര്‍ന്ന പ്രദേശമായ ഇവിടെ കഴിഞ്ഞദിവസവും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യമാണ് മമത സൂചിപ്പിച്ചത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സിപിഎമ്മും കൈക്കോര്‍ക്കണം. രാഷ്ട്രീയമായി ഒന്നിക്കണം എന്നതല്ല ഇതിന്റെ അര്‍ഥം. ദേശീയതലത്തില്‍ പൊതുവിഷയങ്ങളില്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് താന്‍ പറയുന്നതെന്നും മമത വിശദീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത്. ആകെയുള്ള 42 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടി. 18 സീറ്റ് ബിജെപിക്കും ലഭിച്ചു. കോണ്‍ഗ്രസിന് രണ്ടു സീറ്റാണ് കിട്ടിയത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലേക്ക് മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരും കൗണ്‍സിലര്‍മാരും ഒഴുകുകയാണ്.

Related News