Loading ...

Home USA

'താരിഫ് കൂട്ടിയത് അംഗീകരിക്കാനാവില്ല, പിന്‍വലിച്ചേ പറ്റൂ'- മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപ്

വാഷിങ്ടണ്‍: യു.എസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പാണ് ട്രംപിന്റെ പ്രസ്താവന. ട്വിറ്ററിലാണ് ട്രംപിന്റെ പ്രസ്താവന. യു.എസിനെതിരെ വര്‍ഷങ്ങളായി ഇന്ത്യ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് നിരക്കിനെപ്പറ്റി മോദിയോട് ചര്‍ച്ച ചെയ്യും. ഈയിടെ വീണ്ടും താരിഫ് വര്‍ധിപ്പിക്കുകയുണ്ടായി. ഇത് അംഗീകരിക്കാനാവില്ലെന്നും താരിഫ് പിന്‍വലിച്ചേ പറ്റൂയെന്നും ട്രംപ് ട്വീറ്റ് ചെയ്തു.ഹാര്‍ളി ഡേവിഡ്‌സണ്‍ അടക്കമുള്ള അമേരിക്കന്‍ മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് 100 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ ഇതും കൂടുതലാണെന്നും മുഴുവനായും കുറയ്ക്കണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
ഇന്ത്യ 'താരിഫ് രാജാവാ'ണെന്നും ഇടയ്ക്കിടെ അത് കൂട്ടിക്കൊണ്ടിരിക്കുകയാണെന്നുമാണ് ട്രംപിന്റെ വാദം. സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഇതംഗീകരിക്കാന്‍ യു.എസ് തയ്യാറാവാത്തതോടെ, മറുപടിയായി 28 ഉല്‍പന്നങ്ങളുടെ തീരുവ കഴിഞ്ഞയാഴ്ച ഇന്ത്യ കൂട്ടിയിരുന്നു.

Related News