Loading ...

Home National

വയനാട്ടിലും റായ്ബറേലിയിലും ജനാധിപത്യം തോറ്റോ?; പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം അട്ടിമറിച്ചും വോട്ടിങ്മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെയാണ് പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി അര്‍പ്പിച്ച്‌ രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബിജെപിയും സഖ്യ കക്ഷികളും വിജയിച്ചപ്പോള്‍ രാജ്യവും ജനാധിപത്യവും തോറ്റെന്ന് ചില നേതാക്കള്‍ പറയുന്നത് ദുഃഖത്തോടെ ഞാന്‍ കേട്ടു. ഇത്തരം പ്രസ്താവനകള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. എന്ത് കൊണ്ടാണ് ഇവര്‍ വോട്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്. വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ? എന്താണ് അമേഠിയില്‍ സംഭവിച്ചത്. ഏത് തരത്തിലുള്ള വാദങ്ങളാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ തോറ്റു എന്നാണോ ഇവര്‍ പറയുന്നതെന്നും മോദി ചോദിച്ചു. ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ടെന്നും 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്ര വലിയ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത്. സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. സ്ഥിരതയുള്ള സര്‍ക്കാര്‍ വരുന്നതിന്റെ ഗുണം പല സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്.
വോട്ടിങ് മെഷീന്‍ പ്രശ്നങ്ങള്‍ ചില ആളുകള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രിഹിക്കുന്നു. ആളുകള്‍ ഞങ്ങളെ കളിയാക്കിയിരുന്നു. പക്ഷേ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ജനങ്ങളുടെ വിശ്വാസം നേടുകയാണ് ഉണ്ടായത്. അല്ലാതെ ഒഴിവ്കിഴിവ് പറയുകയും പോളിങ് ബൂത്തുകളെ കുറ്റപ്പെടുത്തി ഇരിക്കുകയുമല്ലായിരുന്നു. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ വലിയൊരു നടപടിക്രമങ്ങളിലൂടെ ഭംഗിയായി തിരഞ്ഞെടുപ്പ് നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷനെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവിഎമ്മിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. സിപിഐ, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചതിന് അവരെ അഭിനന്ദിക്കുന്നു. എന്നാല്‍, ഇവിഎമ്മിനെ ചോദ്യം ചെയ്യുന്ന മറ്റു പാര്‍ട്ടികളൊന്നും ഇതിന് പോകാത്തത് എന്ത് കൊണ്ടാണെന്ന് അവര്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ വിലക്കെടുത്താണ് ബിജെപി ജയിച്ചതെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ തമിഴ്നാട്ടിലും കേരളത്തിലും ഇങ്ങനെ നടന്നെന്ന് ഇവര്‍ പറയുമോ. കോണ്‍ഗ്രസിലെ എന്റെ സുഹൃത്തുകള്‍ തോല്‍വി അംഗീകരിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ജനാധിപത്യത്തില്‍ ഇത് ആരോഗ്യകരമായ പ്രവണതയല്ലെന്നും മോദി പറഞ്ഞു. ഇതേ കാഴ്ചപ്പാട് തന്നെയാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ആശയത്തിലും അവര്‍ക്കുള്ളത്. ഒരു പക്ഷേ ഈ ആശയത്തോട് വിയോജിപ്പും ഇഷ്ടക്കുറവും ഉണ്ടാകാം. എന്നാല്‍, അത് സംബന്ധിച്ച്‌ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാര്‍ വളരെ ബോധവാന്‍മാരാണ്. ലോക്സഭയില്‍ എന്ത് നടക്കുന്നുവെന്നും രാജ്യസഭയില്‍ എന്ത് നടക്കുന്നുവെന്നും അവര്‍ക്ക് കൃതൃമായി അറിയാമെന്നും അതനുസരിച്ച്‌ തന്നെയാണ് അവര്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ട്രില്ല്യന്‍ ഡോളര്‍ സാമ്ബത്തിക ക്ലബ്ബില്‍ ഇന്ത്യ ഭാഗമാകുന്നത് ഈ സഭയിലുള്ളവരാരും ഇഷ്ടപ്പെടാതിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് ദയവായി നിങ്ങളുടെ നിര്‍ദേശങ്ങളും ആശയങ്ങളും നല്‍കണം. എല്ലാ നിര്‍ദേശങ്ങളും തുറന്ന മനസ്സോടെ ഞങ്ങള്‍ സ്വീകരിക്കും. എല്ലാം തികഞ്ഞവരാണ് ഞങ്ങളെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related News