Loading ...

Home Business

വന്‍ ഓഫറുകള്‍ നല്‍കിയുള്ള ഓണ്‍ലൈന്‍ വില്‍പ്പന നിയന്ത്രിക്കണമെന്ന് കേന്ദ്രം; ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും സര്‍ക്കാരിന്റെ താക്കീത്

വന്‍ ഓഫറുകള്‍ നല്‍കി ഓണ്‍ലൈന്‍ വഴി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന വിദേശ കമ്ബനികളെ നിയന്ത്രിക്കണമെന്ന് കേന്ദ്രം. വിദേശ ഇ-കൊമേഴ്സ് കമ്ബനികളായ ആമസോണും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്ലിപ്കാര്‍ട്ടും സര്‍ക്കാരിന്റെ പുതിയ വിദേശ നിക്ഷേപ നിയമം പാലിക്കണമെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇ-കൊമേഴ്സ് കമ്ബനികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയുടെ മുഖ്യ ആകര്‍ഷണമായ ഓഫറുകളുടെ പെരുമഴയ്ക്കു കടിഞ്ഞാണിടാനാണ് കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതല്‍ പുതിയ വിദേശ നിക്ഷേപ നിയമം നടപ്പിലാക്കിയത്. എന്നാല്‍ ഇതിനു ശേഷവും വിദേശ കമ്ബനികളുടെ ഓഫര്‍ വില്‍പനകള്‍ നടന്നിരുന്നു. ഇതിനെതിരെ രാജ്യത്തെ ചില കമ്ബനികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. വിദേശ കമ്ബനികളുടെ നിയമലംഘനം യാതൊരുതരത്തിലും അംഗീകരിക്കാനാകില്ല എന്നതാണ് കേന്ദ്ര നിലപാട്. വന്‍കിട ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ നല്‍കുന്ന വന്‍തോതിലുളള ഇളവുകള്‍ ബാധിക്കുന്നത് പരമ്ബരാഗത ചില്ലറ വ്യാപാരമേഖലയിലു കമ്ബനികളെയാണ്. രാജ്യത്തെ ചെറുകിയ കമ്ബനികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് കണ്ടില്ലെന്നു നടിക്കാനാകില്ല എന്നാണ് പിയൂഷ് ഗോയല്‍ പറഞ്ഞത്. ഓണ്‍ലൈന്‍ വിപണന രംഗത്തെ ഭീമന്‍മാരായ ഫ്ലിപ്കാര്‍ട്ടിനെയും ആമസോണിനെയും സാരമായി ബാധിക്കുന്ന വ്യവസ്ഥകളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. ഇ-കൊമേഴ്സ് വിപണന രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കു ഏതെങ്കിലും തരത്തിലുള്ള ഓഹരി പങ്കാളിത്തമുള്ള കമ്ബനികളുടെ വസ്തുക്കള്‍ ബന്ധപ്പെട്ട ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വില്‍പന നടത്തരുതെന്നതാണ് പരിഷ്കരിച്ച നിയമത്തിലെ പ്രധാന വ്യവസ്ഥ. ക്ലൗഡ്ടെയില്‍, അപ്പാരിയോ തുടങ്ങി പല തരത്തിലുള്ള സംയുക്ത സംരംഭങ്ങളുടെ ഉടമകളായ ആമസോണിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് പുതിയ വ്യവസ്ഥ. ഇത്തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്ബനികളുടെ ഉല്‍പന്നങ്ങള്‍ ആമസോണിലൂടെ വില്‍പന നടത്താനാകില്ല. 2019 ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. ഉല്‍പാദകരുമായി നേരിട്ടെത്തുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന എക്സ്ക്ലൂസീവ് ഇടപാടുകളും പുതിയ നിയമം വിലക്കുന്നുണ്ട്. ഫ്ലിപ്കാര്‍‌ട്ട്, ആമസോണ്‍ തുടങ്ങി വമ്ബന്‍മാര്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നതാണ് ഈ പരിഷ്കാരം, ഷവോമി, ഒപ്പോ തുടങ്ങിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച്‌ ഉപയോക്താക്കള്‍ക്കായി വിവിധ തരത്തിലുള്ള എക്സ്ക്ലൂസീവ് ഇടപാടുകള്‍ ഫ്ലിപ്കാര്‍ട്ട് മുന്നോട്ടുവയ്ക്കാറുണ്ട്. ഇത്തരം പ്രത്യേക ഇളവുകള്‍ ഇനി മുതല്‍ ഉപഭോക്താക്കളിലേക്കു എത്തിക്കാനാകില്ല. രാജ്യത്തു ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ നടക്കുന്ന ആകെ വില്‍പനയുടെ 50 ശതമാനവും സ്മാര്‍ട് ഫോണുകളാണെന്ന വസ്തുത പരിശോധിച്ചാല്‍ പുതിയ ചട്ടം മേഖലക്കു സമ്മാനിക്കുന്ന ആഘാതം വിലയിരുത്താനാകും. പുതിയ ഫോണുകള്‍ ഉള്‍പ്പെടെ പ്രത്യേക വിലക്കുറവോടു കൂടി അവതരിപ്പിച്ചാണ് ഉപഭോക്താക്കളെ ഇ-കൊമേഴ്സ് സൈറ്റുകള്‍ ആകര്‍ഷിച്ചിരുന്നത്. വന്‍കിട ഇ-കൊമേഴ്സ് വില്‍പനക്കാര്‍ നല്‍കുന്ന വന്‍ തോതിലുള്ള ഇളവുകള്‍ക്കെതിരെ പരമ്ബരാഗത ചില്ലറ വ്യാപാര മേഖലയിലുള്ളവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ആലിബാബ, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ കമ്ബനികള്‍ പുലര്‍ത്തുന്ന അനാരോഗ്യകരമായ വില്‍പന തന്ത്രം ചില്ലറ വില്‍പന മേഖലയുടെ അടിത്തറ ഇളക്കുന്നതാണെന്നതായിരുന്നു ഇവരുടെ പരാതി. ഇതു കണക്കിലെടുത്താണ് ഇ-കൊമേഴ്സ് നിയമങ്ങളില്‍ സമൂലമായ മാറ്റത്തിനു കേന്ദ്രം ഒരുങ്ങിയത്. ഉല്‍പാദകര്‍ക്കും വില്‍പനക്കാര്‍ക്കും തുല്യപരിഗണന നല്‍കണമെന്ന അടിസ്ഥാന തത്വം തന്നെ ലംഘിക്കപ്പെടുന്ന തരത്തിലാണ് വന്‍കിട ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വാണിജ്യ- വ്യവസായ മന്ത്രാലയത്തോടടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന പോരായ്മ. വിപണിയുടെ തന്നെ താളം തെറ്റിക്കുന്ന അശാസ്ത്രീയവും അന്യായവുമായ ഇളവുകളുടെ പെരുമഴക്കാലത്തിന് തടയിടുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ സൈറ്റുകളിലെ വില്‍പനയുടെ 25 ശതമാനം മാത്രമേ വന്‍കിട വില്‍പനക്കാരുടെ സംഭാവനയായി വരാന്‍ പാടുള്ളൂവെന്ന നിയമമുണ്ടെങ്കിലും വന്‍കിടക്കാരില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ചെറുകിട വ്യാപാരികളെ നിര്‍ബന്ധിച്ച്‌ അവരുടെ പേരില്‍ ഉല്‍പന്നങ്ങള്‍ അണിനിരത്തിയാണ് ഇ-കൊമേഴ്സ് ഭീമന്‍മാര്‍ ഈ നിയമ വ്യവസ്ഥയെ മറികടന്നുവരുന്നത്. ഇതിനും തടയിടുന്നതാണ് പുതിയ നിയമവ്യവസ്ഥ. പുതിയ നയം സംബന്ധിച്ച പ്രഖ്യാപനത്തോട് ആശങ്കയോടെയാണ് ഇ-കൊമേഴ്സ് രംഗത്തെ അതികായന്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്. പരസ്യമായ പ്രതികരണത്തിന് ആമസോണോ ഫ്ലിപ്കാര്‍ട്ടോ തയാറായിട്ടില്ല. എങ്കിലും വാള്‍മാര്‍ട്ട് ഫ്ലിപ്കാര്‍ട്ടിനെ ഉപേക്ഷിക്കുമെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.

Related News