Loading ...

Home Gulf

നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഗോള്‍ഡ് കാര്‍ഡ്

ദുബായ്: രാജ്യത്ത് സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് ഈവര്‍ഷം 6800 പേര്‍ക്കായിരിക്കും വിതരണം ചെയ്യുന്നത്. നിക്ഷേപകര്‍, സംരംഭകര്‍, ഗവേഷകര്‍, മികച്ചപ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാലാവധിയുള്ള വിസ അനുവദിക്കുന്നത്. വിവിധ രംഗങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുകയാണ് ഇത്തരത്തിലുള്ള സംവിധാനത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ഒരുകോടി ദിര്‍ഹത്തിനുമുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുന്നത്. ഇത്തരത്തിലുള്ള നിക്ഷേപം ബാങ്കില്‍നിന്ന് വായ്പ എടുക്കാതെ സ്വന്തം പേരിലുള്ളതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. നിലവിലുള്ള വിസാനടപടി ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ഇവര്‍ വീണ്ടും പാലിച്ചാല്‍ അവര്‍ക്ക് വീണ്ടും എമിഗ്രേഷന്‍ വകുപ്പ് വിസ പുതുക്കി നല്‍കും. സാധാരണ വിസാനടപടികള്‍ക്ക് വേണ്ട മെഡിക്കല്‍ പരിശോധനയും മറ്റു നടപടിക്രമങ്ങളും ഇവ പുതുക്കുന്നസമയത്തും അവശ്യമാണ്. ഗവേഷകര്‍ക്കും ഇത്തരത്തില്‍ 10 വര്‍ഷം കാലവധിയുള്ള വിസ നല്‍കുന്നുണ്ട്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. യു.എ.ഇ. സാംസ്കാരിക-വൈജ്ഞാനിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കലകളിലെ പ്രതിഭതെളിയിച്ചവര്‍ക്കും ദീര്‍ഘകാലം രാജ്യത്ത് താമസിക്കാന്‍ വിസ അനുവദിക്കും. വിദ്യാര്‍ഥികള്‍ക്കും ഈ ഗണത്തിലുള്ള വിസ ലഭ്യമാണ്. ഇത് ലഭിക്കണമെങ്കില്‍ പബ്ലിക് സെക്കന്‍ഡറി സ്കൂളുകളില്‍നിന്ന് 95 ശതമാനം മാര്‍ക്കോടെയുള്ള വിജയമോ സര്‍വകലാശാലകളില്‍നിന്ന് കുറഞ്ഞത് 3.75 ജി.പി.എ.യോടുകൂടി ഡിസ്റ്റിങ്ഷനോ ആണ് യോഗ്യത. ഇവരുടെ അപേക്ഷകള്‍ പ്രത്യേക കമ്മിറ്റിയുടെ സാന്നിധ്യത്തിലായിരിക്കും അനുവദിക്കുന്നത്. വിസ ലഭിക്കുന്ന വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കും വിദ്യാര്‍ഥിവിസയുടെ ആനുകൂല്യം ലഭിക്കും. മികച്ച ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്കും വിസ ലഭിക്കാനുള്ള യോഗ്യതയുണ്ട്. ഇവര്‍ എപ്പോഴും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുകയും അതേ പ്രവൃത്തിയില്‍ തുടരുകയും ചെയ്യുന്നിടത്തോളംകാലം വിസ തുടരുമെന്ന് താമസ കുടിയേറ്റവകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി പറഞ്ഞു. എന്നാല്‍ നിക്ഷേപകര്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അവരുടെ മൂല്യം കുറയ്ക്കുകയോ സംരംഭം പരാജയപ്പെടുകയോ ചെയ്താല്‍ കാര്യങ്ങള്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് വര്‍ഷത്തെ റെസിഡന്റ് പെര്‍മിറ്റും 10 വര്‍ഷത്തെ വിസയും ഇത്തരത്തില്‍ അനുവദിക്കും. പത്ത് വര്‍ഷത്തെ വിസ ലഭിച്ച നിക്ഷേപകര്‍ ചടങ്ങില്‍ തങ്ങളുടെ കൃതജ്ഞത അറിയിച്ചു. ജി.ഡി.ആര്‍.എഫ്.എ. അബുദാബി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് സാലിം ബല്‍ഹാസ് അല്‍ ഷംസി, ജി.ഡി.ആര്‍.എഫ്.എ. ദുബായ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News