Loading ...

Home National

യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയില്‍; മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്യ തലസ്ഥാനത്തെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ബന്ധ ചര്‍ച്ചയടക്കം വിവിധ ലക്ഷ്യത്തോടെയാണ് പോംപിയോ ഇന്ത്യയിലെത്തിയത്. ഇന്ത്യ- റഷ്യന്‍ ആയുധ വ്യാപാരം, യു.എസ്- ഇന്ത്യ വ്യാപാര യുദ്ധം എന്നീ കാര്യങ്ങളിലൂന്നി ചര്‍ച്ച മുന്നോട്ടുപോകും. ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് യു.എസ് ഭരണകൂടം ഒഴിവാക്കിയതിന് പിന്നാലെയുള്ള മൈക്ക് പോംപിയോയുടെ ഈ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
വെളളിയാഴ്ച ജപ്പാനിലെ ഒസാക്കയില്‍ ജി- 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ഇതിന് തുടക്കമായാണ് ഈ സന്ദര്‍ശനം. കൂടാതെ, ഇറാനു മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുകയും പോംപിയോയുടെ വരവിന്റെ ലക്ഷ്യമാവാം. ഇറാനു മേല്‍ അമേരിക്ക എണ്ണ ഉപരോധം ശക്തമാക്കിയപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. ഇതോടെ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് കഴിഞ്ഞ മെയ് വരെ ഇളവ് നല്‍കിയിരുന്നു.

Related News