Loading ...

Home Gulf

ഖത്തറില്‍ ഈയാഴ്ച മുഴുവന്‍ പൊടിക്കാറ്റ് വീശും , വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റിന്റെ വേഗം കുറയും

ദോഹ : ഖത്തറില്‍ ഈയാഴ്ച മുഴുവന്‍ പൊടിക്കാറ്റ് വീശും. അല്‍ ബവാരി എന്നാണ് കാറ്റിന്റെ പ്രാദേശിക നാമം. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റിന്റെ വേഗം കുറയും. എന്നാല്‍ കാറ്റും പൊടിയും നിറഞ്ഞ സമയങ്ങളില്‍ ദൂരക്കാഴ്ച 2 കിലോമീറ്റര്‍ വരെ കുറയുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളം അല്‍ ബവാരി ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തിപ്രാപിക്കുമെന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാത്രിയില്‍ ദുര്‍ബലമാകുകയും പുലര്‍ച്ചെ ശക്തിപ്രാപിക്കുകയുമാണ് ഈ കാറ്റിന്റെ ശൈലി. അതുകൊണ്ട് തന്നെ ജാഗ്രതയുണ്ടായിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദൂരക്കാഴ്ച കുറയത്തക്ക വിധം കാറ്റ് ശക്തമാകുന്ന സമയങ്ങളില്‍ പുറത്ത് പോകുന്നത് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. പുറത്തിറങ്ങുമ്ബോള്‍ മൂക്ക്, വായ, ചെവി എന്നിവ തുണിയോ മൂടുപടമോ ഉപയോഗിച്ച്‌ മൂടണം.വീടിന്റെ വാതിലുകളും ജനലുകളും അടയ്ക്കണം. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.കാറിന്റെ ജനലുകള്‍ ഉറപ്പായും അടച്ചിരിക്കണം. കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്ബോള്‍ കണ്ണട ഉപയോഗിക്കണമെന്നും അലര്‍ജിയുള്ളവര്‍ പ്രതിരോധ മരുന്ന് കരുതണമെന്നും അറിയിപ്പുണ്ട്.

Related News