Loading ...

Home National

ഓം ബിര്‍ള ചുമതലയേറ്റു: രാഷ്ട്രപുരോഗതിക്കായി അദ്ദേഹം നല്‍കിയ സംഭവാനകള്‍ പ്രശംസിക്കപ്പെടേണ്ടത്-മോദി

ന്യൂദല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ള ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഓം ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവിസ്മരണീയമായ സംഭാവനകള്‍ രാജ്യത്തിന് നല്‍കിയ ആളാണ് ഓം ബിര്‍ളയെന്ന് അദ്ദേഹത്തെ അനുമോദിച്ച്‌ കൊണ്ട് നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനവും രാഷ്ട്രപുരോഗതിക്കായി നടത്തിയ സംഭവാനകളും പ്രശംസിക്കപ്പെടേണ്ടതാണ്. രാജസ്ഥാന്‍റെ വളര്‍ച്ചയില്‍ തന്‍റേതായ പങ്ക് അദ്ദേഹം വഹിച്ചു.മോദി പറഞ്ഞു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ള കോണ്‍ഗ്രസ്സിന്റെ രാം നാരായണ്‍ മീണയെ രണ്ടര ലക്ഷത്തോളം വോട്ടിനാണ് പരാജയപ്പെടുത്തിയത്. യുവമോര്‍ച്ചയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റും രാജസ്ഥാന്‍ അധ്യക്ഷനുമായിരുന്നു. 2001ലെ ഗുജറാത്ത് ഭൂകമ്ബകാലത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേരടങ്ങുന്ന സംഘവുമായി ബിര്‍ള ഗുജറാത്തില്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയോധ്യ പ്രക്ഷോഭത്തില്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. 2004 മുതല്‍ 2008 വരെ രാജസ്ഥാന്‍ സര്‍ക്കാരിന്റെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു. വനിതകള്‍ക്കും ദിവ്യാംഗര്‍ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം തവണ എംപിയായ ഓം ബിര്‍ള കോട്ട-ബൂന്ദി മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ മൂന്നു തവണ എംഎല്‍എയായിരുന്നു. സാധാരണയായി ദീര്‍ഘകാലം എംപിയായവരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് നിയമിക്കുന്നത്. 2014ല്‍ സ്പീക്കറായ സുമിത്രാ മഹാജന്‍ എട്ട് തവണ എംപിയായിരുന്നു. 75 വയസ് പിന്നിട്ടതിനാല്‍ ഇത്തവണ പാര്‍ട്ടി തീരുമാനപ്രകാരം അവര്‍ മത്സരിച്ചിരുന്നില്ല. രണ്ടു തവണ മാത്രം എംപിയായിട്ടുള്ളവര്‍ ഇതിന് മുന്‍പും സ്പീക്കറായിട്ടുണ്ട്. ഒരു തവണ എംപിയായ ശിവസേന നേതാവായിരുന്ന മനോഹര്‍ ജോഷിയാണ് കുറഞ്ഞ പ്രവൃത്തി പരിചയമുണ്ടായിരുന്ന സ്പീക്കര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം നഷ്ടപ്പെട്ടെങ്കിലും ലോക്സഭയില്‍ മുഴുവന്‍ സീറ്റുകളും ബിജെപി നേടി. രാജസ്ഥാനില്‍ നിന്നുള്ള മൂന്ന് പേര്‍ മന്ത്രിസഭയിലുണ്ട്.

Related News