Loading ...

Home Music

കസ്തൂരി മണക്കുന്നല്ലോ മാഷേ... രഞ്ജിത് മട്ടാഞ്ചേരി

അര്‍ജുനന്‍ മാഷിനെക്കുറിച്ചുള്ള എന്റെയൊരു ബാല്യകാല ഓര്‍മ ഇങ്ങനെയാണ്: പുഷ്പാഞ്ജലി എന്ന സിനിമയിലെ ദുഃഖമേ നിനക്ക് പുലര്‍കാലവന്ദനം തുടങ്ങിയ ശ്രീകുമാരന്‍ തമ്പി- എം.കെ.അര്‍ജുനന്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കൊച്ചിയിലെ ലൈറ്റ് ആന്റ് സൗണ്ടുകാര്‍ എവിടെയും കേള്‍പ്പിക്കുന്ന കാലം. ഞാനന്നു സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

തോപ്പുംപടിയില്‍ പട്ടേല്‍ ടാക്കീസ് എന്ന പ്രശസ്തമായ സിനിമാ തിയേറ്റര്‍ ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ 11 മണിയോടടുത്ത് ഞാന്‍ പട്ടേല്‍ ടാക്കീസിനു അടുത്തെത്തിയപ്പോള്‍ എതിരെ നിന്ന് എം.കെ.അര്‍ജുനന്‍ വരുന്നു. ചന്ദനക്കളറുള്ള ഷര്‍ട്ടിന്റെ കൈകള്‍ മടക്കിവെച്ചിരിക്കുന്നു. കസവുമുണ്ട്. സമൃദ്ധമായ താടി. ആരാധനയോടെ നില്‍ക്കുന്ന എന്നെ നോക്കി പുഞ്ചിരി തൂകി അദ്ദേഹം തിരക്കില്‍ എവിടെയോ മറഞ്ഞു.

ഇന്ന് ജൂണ്‍ 5 വെള്ളിയാഴ്ച, പള്ളുരുത്തി എന്‍.എസ്.എസ്. സ്‌കൂളിന് അടുത്തുള്ള അര്‍ജുനന്‍ മാഷിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ എന്റെ ആദ്യദര്‍ശനത്തെക്കുറിച്ച് പറഞ്ഞു. 
പുഷ്പാഞ്ജലി 1972-73 കാലത്തെ പടമാകണം. അക്കൊല്ലം 16 സിനിമകള്‍ക്ക് ഞാന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മാഷ് ഓര്‍ത്തുപറഞ്ഞു.

ആരാധന നിറഞ്ഞ മനസ്സോടെ അര്‍ജുനന്‍ മാഷിനെ നോക്കിനിന്ന എനിക്ക് പിന്നീട് അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനും കെ.കെ.ഹരിദാസന്‍ സംവിധാനം ചെയ്ത ഒന്നാംവട്ടം കണ്ടപ്പോള്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ എഴുതിക്കൊടുത്ത് ആ ഈണങ്ങള്‍ സ്വന്തമാക്കാനും കഴിഞ്ഞു.

1968-ല്‍ ആദ്യചിത്രമായ കറുത്തപൗര്‍ണമിയില്‍ പി. ഭാസ്‌കരനാണ് ഗാനങ്ങള്‍ എഴുതിയത്. മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അയകെട്ടും, ഹൃദയമുരുകി നീ കരയില്ലെങ്കില്‍, പൊന്‍കിനാവിന്‍ പുഷ്പരഥത്തില്‍ ഈ പാട്ടുകള്‍ ഞാന്‍ ഓര്‍മിച്ചു പറഞ്ഞു.
ബി.വസന്ത പാടിയ പൊന്നിലഞ്ഞി ചോട്ടില്‍ വെച്ചൊരു കിന്നരനെ കണ്ടു, യേശുദാസും ജാനകിയും പാടിയ ശിശുവിനെ പോല്‍ പുഞ്ചിരി തൂകി എന്നീ ഗാനങ്ങള്‍ കൂടി കറുത്ത പൗര്‍ണമിയില്‍ ഉണ്ടായിരുന്നതായി മാഷ് പറഞ്ഞു.

ദേവരാജന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയും കൂടി ചിത്രമേള എന്ന ചിത്രത്തിനു ശേഷം വഴക്കിട്ടു പിരിഞ്ഞ കാര്യം മലയാളികള്‍ക്ക് അറിയാം. വാശിക്കാരനായ ശ്രീകുമാരന്‍ തമ്പി ദേവരാജന്റെ ഹാര്‍മോണിയം വായനക്കാരനായിരുന്ന എം.കെ.അര്‍ജുനനെ റസ്റ്റ്ഹൗസ് എന്ന ചിത്രത്തില്‍ സംഗീത സംവിധാനം ചെയ്യാന്‍ വിളിച്ചു. ഗുരുത്വമുള്ള എം.കെ.അര്‍ജുനന്‍ ഗുരുവായ ദേവരാജനോട് അനുവാദം വാങ്ങിയാണ് സംഗീതം ചെയ്യാന്‍ പോയത്.

എം.കെ.അര്‍ജുനനുമായി സംസാരിക്കുമ്പോള്‍ അക്കാര്യം ഓര്‍ത്തു. പാര്‍വതീ മന്ദിരം എന്ന തന്റെ അമ്മയുടെ പേരുള്ള വീട്ടില്‍ ദേവരാജന്‍, എം.കെ.അര്‍ജുനന്റെ ആദ്യഗുരുവായ പളനിയിലെ കുമാരപിള്ളൈ എന്ന തമിഴന്‍, കൊച്ചിയിലെ ഗുരുനാഥനായ വിജയരാജന്‍ എന്നീ മൂന്ന് അധ്യാപകരുടെയും പടങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു. എം.കെ. അര്‍ജുനന്റെ ഹാര്‍മോണിയത്തില്‍ സൂപ്പര്‍ഹിറ്റ് ഈണങ്ങള്‍ ഒഴുകിവരുന്നത് നിഷ്‌കളങ്കമായ ഈ ഗുരുഭക്തികൊണ്ടാണ്.

എം.കെ. അര്‍ജുനന്റെ രണ്ടാമത്തെ ചിത്രമായ റസ്റ്റ്ഹൗസിലൂടെ പി.ഭാസ്‌കരന്‍- ബാബുരാജ്, വയലാര്‍- ദേവരാജന്‍ പോലെ ശ്രീകുമാരന്‍ തമ്പി- എം.കെ.അര്‍ജുനന്‍ കൂട്ടുകെട്ട് രൂപപ്പെട്ടു.

പാടാത്ത വീണയും പാടും, പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, മുത്തിലും മുത്തായ മണിമുത്തു കിട്ടി. റസ്റ്റ്ഹൗസിലെ ഗാനങ്ങള്‍ കേരളമാകെ തരംഗം സൃഷ്ടിച്ചു. യുവത്വത്തിന്റെ സംഗീതജോഡിയായി ശ്രീകുമാരന്‍ തമ്പിയും എം.കെ.അര്‍ജുനനും അവരോധിക്കപ്പെട്ടു. അവര്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

കൊമേഴ്‌സ്യല്‍ പാട്ടുകളുടെ ഇടയില്‍നിന്ന് ശ്രീകുമാരന്‍ തമ്പി- à´Žà´‚.കെ.അര്‍ജുനന്റെ വ്യത്യസ്തമായ à´šà´¿à´² ഗാനങ്ങളെക്കുറിച്ചു ഞാന്‍ മാഷിനോടും ചോദിച്ചു. 

അന്വേഷണം എന്ന സിനിമയിലെ മാനത്തുനിന്നൊരു നക്ഷത്രം വീണു മണ്ണില്‍ വന്നപ്പോള്‍ കന്യകയായി എന്ന യേശുദാസ് - ജാനകി ഗാനത്തിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. ഞാന്‍ മാഷിനോടു പറഞ്ഞു. സ്റ്റണ്ട് ചിത്രങ്ങള്‍ക്കു വേണ്ടിയാണ് അധികവും സംഗീതം പകര്‍ന്നത്. ചലച്ചിത്ര സംഗീതത്തിന് സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ഒന്നും കിട്ടാതിരുന്നതും അതുകൊണ്ടാണ്. പടങ്ങള്‍ അവാര്‍ഡിനു മത്സരിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു.

പി. ഭാസ്‌കരന്‍, വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഒ.എന്‍.വി. ഇവരുടെ രചനാ സവിശേഷതകള്‍ അദ്ദേഹത്തോടു ചോദിച്ചു. മാഷിന്റെ മറുപടി ഇതാ:

പി. ഭാസ്‌കരന്‍

നാടന്‍ ശൈലിയില്‍ ലളിതമായി എഴുതുന്നു. എല്ലാ രീതിയിലും പാട്ടുകള്‍ എഴുതും. എല്ലാരും ചൊല്ലണ്, കായലരികത്ത് തുടങ്ങി അദ്ദേഹം എഴുതുന്നതെല്ലാം ജനങ്ങള്‍ക്ക് പെട്ടെന്ന് മനസ്സില്‍ പതിയും.

വയലാര്‍

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇത്രയധികം എഴുതിയ മറ്റൊരാളില്ല. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു..., ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം, ദ്വാരകേ തുടങ്ങി വയലാറിന്റെ രചനാരീതി മറ്റൊരു തരത്തിലാണ്.

ശ്രീകുമാരന്‍ തമ്പി

സൗന്ദര്യത്തിന്റെ ആരാധകനാണ് തമ്പി. സംഗീതം തുളുമ്പുന്ന അക്ഷരങ്ങളാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍. ഞങ്ങള്‍ ഇരുവരും ചേര്‍ന്നൊരുക്കിയ പാട്ടുകള്‍ക്ക് മലയാളികള്‍ വലിയ സ്വീകരണം നല്‍കി.

ഒ.എന്‍.വി.

ഒ.എന്‍.വി.യുമായി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലാണ് ഒരുമിച്ചത്. ടൂറിസ്റ്റ് ബംഗ്ലാവ് ആയിരുന്നു ആദ്യചിത്രം. കണ്ണെഴുതി പൊട്ടുതൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ എന്ന ആ ചിത്രത്തിലെ ഗാനം പാടിയാണ് സുജാത പിന്നണിഗാനരംഗത്ത് വന്നത്. ഗ്രാമീണതയും പ്രണയവും സ്‌നേഹവും നിറഞ്ഞു നില്‍ക്കുന്ന ഈരടികളാണ് ഒ.എന്‍.വി.യുടെ പാട്ടുകളുടെ പ്രത്യേകത.

പാപ്പനംകോട് ലക്ഷ്മണന്‍

പാപ്പനംകോട് ലക്ഷ്മണനെ മുരുകാലയ കമ്പനിയുടെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ ചെന്നപ്പോഴാണ് പരിചയപ്പെടുന്നത്. പിക്ക്‌പോക്കറ്റ് എന്ന ചിത്രത്തില്‍ ജയചന്ദ്രന്‍ പാടിയ പളനിമലകോവിലിലെ പാല്‍ക്കാവടി എന്ന ഗാനമാണ് ഞങ്ങളുടെ സംഭാവനകളില്‍ മലയാളികള്‍ക്ക് കൂടുതല്‍ ഇഷ്ടമായത്.

എന്റെ ബാല്യകാലത്തില്‍ കുറച്ചുകാലം പളനിയിലാണ് കഴിച്ചു കൂട്ടിയത്. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് അവിടെവെച്ചു കുമാരപിള്ളെ എന്ന ഗുരുനാഥനാണ്. പളനിയിലെയും എന്റെ നാട്ടിലെ പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിലെയും വര്‍ണശബളമായ കാവടി ഘോഷയാത്രകള്‍ ഈ പാട്ടിന്റെ ഈണത്തിലും പശ്ചാത്തല സംഗീതത്തിലും വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പാപ്പനംകോട് ലക്ഷ്മണന് സിനിമാരംഗത്ത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല. അദ്ദേഹം പറഞ്ഞു.

ദേവരാജന്‍ മാസ്റ്ററാണ് അര്‍ജുനന്‍ മാഷിന് ട്യൂണ്‍ പറഞ്ഞു കൊടുക്കുന്നത് എന്നൊരു കിംവദന്തി ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്നു.

Related News