Loading ...

Home National

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പതിനേഴാം ലോക്‌സഭ; മുദ്രാവാക്യങ്ങളുമായി എം.പിമാര്‍

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രോ ടെം സ്പീക്കറുടെ അപേക്ഷ മറികടന്ന് ഇന്നലേയും വാശിയേറിയ മുദ്രാവാക്യം വിളികള്‍ സഭയില്‍ തുടര്‍ന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബിജെപിയിലെ മേനക ഗാന്ധി തുടങ്ങിയവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരില്‍ പ്രമുഖര്‍. മറ്റു കേരള അംഗങ്ങള്‍ക്കൊപ്പം ആദ്യ ദിനത്തില്‍ എത്താന്‍ കഴിയാതെ പോയ തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലിഷില്‍, ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലിയത്. പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരുമാസമായി ഒളിവിലുള്ള യുപിയിലെ ബിഎസ്പി എംപി അതുല്‍ റായ് സത്യപ്രതിജ്ഞയ്‌ക്കെത്തിയില്ല. പ്രചാരണത്തിന് പോലും പങ്കെടുക്കാതെ വമ്ബിച്ച ഭൂരിപക്ഷത്തില്‍ ജയിച്ച അതുല്‍ റായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
തമിഴ്‌നാട് എംപിമാര്‍ രാവിലെ ബിജെപിയുമായി മുദ്രാവാക്യ പോരിനു തുടക്കമിട്ടിരുന്നു. ഉച്ചയോടെ ഇതു മൂര്‍ധന്യത്തിലെത്തി. ഇന്നലെ ബിജെപി എംപിമാര്‍ 'ജയ് ശ്രീറാം' വിളികള്‍ തുടര്‍ന്നപ്പോള്‍ 'ജയ് ദുര്‍ഗ'യെന്ന മറുപടിയായിരുന്നു തൃണമൂല്‍ എംപിമാരുടേത്. അപ്‌രൂപ പൊഡ്ഡര്‍ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മമതയ്ക്കു സിന്ദാബാദ് വിളിച്ചു. ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഉവൈസി സത്യവാചകത്തിനു ശേഷം 'ജയ് ഭീം, ജയ് മീം, തഖ്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്' എന്നു പറഞ്ഞതോടെ 'ജയ്ശ്രീ റാം ഭാരത് മാതാ കീ ജയ്' വിളികളുമായി ഭരണപക്ഷം നേരിട്ടു.
ബിജെപി എംപി അരുണ്‍ കുമാര്‍ സാഗര്‍ 2 തവണ ഭാരത് മാതാ കീ ജയ് എന്നു വിളിച്ചതിനു ഒരു വട്ടം കൂടിയെന്നായിരുന്നു (വണ്‍സ് മോര്‍) രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇതോടെ, അരുണ്‍ കുമാര്‍ വീണ്ടും ഭാരത് മാതാ കീ ജയ് വിളിച്ചു. രാഹുല്‍ വീണ്ടും ആവശ്യപ്പെട്ടാല്‍ തയാറാണെന്നും പ്രഖ്യാപിച്ചു. താന്‍ ഭാരത് മാതാ എന്നു വിളിക്കുമ്ബോള്‍ രാഹുല്‍ കീ ജയ് എന്നു വിളിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ജയ് ഹിന്ദ് എന്നു രാഹുല്‍ ഉച്ചത്തില്‍ വിളിച്ചു. ഏറ്റുവിളിച്ചു പ്രതിപക്ഷവും ഉണര്‍ന്നു. കഴിഞ്ഞദിവസം ഭരണപക്ഷ എംപിമാര്‍ക്കെതിരെ തിരിഞ്ഞ എന്‍.കെ. പ്രേമചന്ദ്രന്‍ പ്രതിപക്ഷ മുദ്രാവാക്യത്തിന്റെ കാര്യത്തില്‍ നിശബ്ദനാകുന്നതെന്തെന്നായിരുന്നു ബിജെപിക്കാരുടെ ചോദ്യം. ആരും മുദ്രാവാക്യം മുഴക്കേണ്ടെന്നായിരുന്നു ചെയറിന്റെ ഇടപെടല്‍. വിദ്വേഷ പരാമര്‍ശങ്ങള്‍ക്കു കുപ്രസിദ്ധി നേടിയ ബിജെപി എംപി സാക്ഷി മഹാരാജ് അയോധ്യയെ ചൂണ്ടിക്കാട്ടി ക്ഷേത്രം അവിടെ പണിയും എന്നു പറഞ്ഞാണ് സത്യവാചകം അവസാനിപ്പിച്ചത്. ആം ആദ്മിയുടെ ഏക എംപി ഭഗവന്ത് മാന്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചാണ് മടങ്ങിയത്.

Related News