Loading ...

Home National

പ്രധാനമന്ത്രി വിളിച്ച യോഗം; മമതയ്ക്ക് പിന്നാലെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ചന്ദ്രശേഖര്‍ റാവു

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും യോഗത്തില്‍ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തന്റെ തീരുമാനം വിശദീകരിക്കുന്നതിനായി ചന്ദ്രശേഖര്‍ റാവു ചൊവ്വാഴ്ച പത്രസമ്മേളനം വിളിച്ചിരുന്നു. ഭരണഘടനാപരമായ ബന്ധം മാത്രമാണ് കേന്ദ്രസര്‍ക്കാരുമായി ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നും ഒരു രൂപയുടെ സഹായം പോലും സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടേത് ഒരു ഫാസിസ്റ്റ് സര്‍ക്കാരാണെന്നുള്ളത് ഒരു വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ചന്ദ്രശേഖര്‍ റാവുവിന് പകരം അദ്ദേഹത്തിന്റെ മകന്‍ കെ.ടി രാമറാവു പ്രധാനമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു കുടുംബത്തോടൊപ്പം വിദേശത്ത് പോകുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. ഒരാഴ്ചത്തേയ്ക്കാണ് അദ്ദേഹം വിദേശ സന്ദര്‍ശനത്തിനായി പോകുന്നത്. ജൂണ്‍ 25ന് മാത്രമേ അദ്ദേഹം തിരികെയെത്തൂ എന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

Related News