Loading ...

Home sports

'ശങ്കര്‍ ദ സ്റ്റാര്‍'; ആദ്യ ലോകകപ്പ്, ആദ്യ പന്തില്‍ തന്നെ വിക്കറ്റ്, വിജയ് ശങ്കറിന് അപൂര്‍വ്വ റെക്കോര്‍ഡ്

മാഞ്ചസ്റ്റര്‍: ലോകകപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കുമ്ബോഴും വിജയ് ശങ്കര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ കാലം കാത്തുവച്ചത് പോലെ ഭുവനേശ്വര്‍ കുമാറിന്റെ പരുക്ക് വിജയ് ശങ്കറിന് ഭാഗ്യമായി മാറി. പരുക്കിനെത്തുടര്‍ന്ന് ഭുവനേശ്വര്‍ കുമാര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയപ്പോള്‍ ആ ഓവറിലെ അവസാന രണ്ട് പന്തുകള്‍ എറിയാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പന്തേല്‍പ്പിച്ചത് വിജയ് ശങ്കറിനെയായിരുന്നു. ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ശങ്കര്‍ തിളങ്ങി. ഇതോടെ ചരിത്രത്തില്‍ സ്വന്തം പേരെഴുതി ചേര്‍ക്കുകയും ചെയ്തു വിജയ് ശങ്കര്‍. ലോകകപ്പില്‍ എറിയുന്ന ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് ശങ്കര്‍. ബര്‍മുഡയുടെ മലാച്ചി ജോണ്‍സ്, ഓസ്‌ട്രേലിയയുടെ ഇയാന്‍ ഹാര്‍വെ എന്നിവര്‍ മാത്രമാണ് ലോകകപ്പ് അരങ്ങേറ്റത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത മറ്റ് രണ്ടുപേര്‍. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും വിക്കറ്റെടുത്ത വിജയ് ശങ്കര്‍ 5.2 ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്.
മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 302 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 89 റണ്‍സകലെ പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ഇന്ത്യയുയര്‍ത്തിയ 337 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം പ്രതീക്ഷാവഹമായിരുന്നില്ല. ഏഴ് റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ സ്‌കോര്‍ 13 ലെത്തി നില്‍ക്കെ നഷ്ടമായി. പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിന്റെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി. എന്നാല്‍ ഫഖര്‍ സമാനും ബാബര്‍ അസമും ചേര്‍ന്ന് കളിയുടെ നിയന്ത്രണം പാക്കിസ്ഥാന്റെ വരുതിയിലേക്ക് കൊണ്ടു വന്നു. ഫഖറും ബാബറും പാക്കിസ്ഥാന്റെ വിജയ മോഹങ്ങള്‍ക്ക് ചിറകു നല്‍കി. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കളി ഇന്ത്യയുടെ കൈയ്യില്‍ നിന്നും പോകുമോ എന്ന് ശങ്കിച്ചെങ്കിലും സ്‌കോര്‍ 117 ലെത്തി നില്‍ക്കെ ബാബര്‍ അസമിനെ പുറത്താക്കി ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 57 പന്തുകളില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്സുമടക്കം 48 റണ്‍സുമായാണ് ബാബര്‍ അസം പുറത്തായത്. എന്നാല്‍ ഫഖര്‍ സമാന്‍ ക്രീസിലുണ്ടായിരുന്നതില്‍ പാക്കിസ്ഥാന്‍ പ്രതീക്ഷ കൈവിട്ടില്ല. പക്ഷെ 10 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ക്കുമ്ബോഴേക്കും ആ പ്രതീക്ഷയും അവസാനിച്ചു.
പാക്കിസ്ഥാന്റെ സ്‌കോര്‍ 126 ലെത്തി നില്‍ക്കെ വീണ്ടും കുല്‍ദീപ് എത്തി. 62 റണ്‍സുമായി ഫഖറും പുറത്തേക്ക്. ഏഴ് ഫോറും ഒരു സിക്സും ഫഖര്‍ നേടിയിരുന്നു. ഇതോടെ പാക്കിസ്ഥാന്റെ സര്‍വ്വ പ്രതീക്ഷയും മുഹമ്മദ് ഫഹീസിലും നായകന്‍ സര്‍ഫ്രാസ് അഹമ്മദിലുമായിരുന്നു. എന്നാല്‍ ഹഫീസിന് ഒമ്ബത് റണ്‍സ് മാത്രമാണെടുക്കാനായത്. ഹഫീസിനേയും പിന്നാലെ വന്ന ഷൊയ്ബ് മാലിക്കിനേയും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ എന്തുകൊണ്ട് പേടിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു. നായകന്‍ സര്‍ഫ്രാസും ഇമാദ് വസീമും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 12 റണ്‍സെടുത്ത സര്‍ഫ്രാസിനെ വിജയ് ശങ്കര്‍ മടക്കി അയച്ചു. അപ്പോള്‍ സ്‌കോര്‍ 165. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മഴയെത്തി. ഇന്ത്യ 35 ഓവര്‍ എറിഞ്ഞു കഴിഞ്ഞിരുന്നു. ഇതോടെ കളി നിര്‍ത്തിവച്ചു. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്‍ അപ്പോഴും 86 റണ്‍സ് പിന്നിലായിരുന്നു. മഴ മാറി കളി വീണ്ടും ആരംഭിച്ചപ്പോള്‍ മഴനിയമം പ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സെന്നതായി പുനര്‍നിര്‍ണയിച്ചു. പക്ഷെ പാക്കിസ്ഥാന് എത്തിപ്പിടിക്കാനാവുന്നതല്ലായിരുന്നു വിജയലക്ഷ്യം. ഇന്ത്യയ്ക്ക് 89 റണ്‍സിന്റെ വിജയം.

Related News