Loading ...

Home National

ലോക്സഭാ ഇന്ന് തുടങ്ങും: കോണ്‍ഗ്രസിന് നേതാവായില്ല

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനംഇന്ന് ആരംഭിക്കാനിരിക്കെ കക്ഷി നേതാവില്ലാതെ കോണ്‍ഗ്രസ്. ഇതുവരെ ലോക്‌സഭാ ക്ഷി നേതാവിനെ തിരഞ്ഞെടുക്കാനാകാതെ കോണ്‍ഗ്രസ് വലയുകയാണ്. സമ്മേളനം ആരംഭിക്കും മുന്‍പ് കക്ഷി നേതാവിനെ കണ്ടെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്. അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനമുണ്ടാക്കിയ നേതൃപ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നം. മുതിര്‍ന്ന നേതാക്കളുടെ കൂട്ടത്തോല്‍വി ഉണ്ടാക്കിയ നഷ്ടം മറുവശത്ത്. ചുരുക്കത്തില്‍ ലോക്‌സഭയില്‍ ആരെ നായകനാക്കുമെന്നറിയാതെ പകച്ച്‌ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം എംപിമാര്‍ ഉന്നയിച്ചിട്ടുണ്ട്. പക്ഷെ അനുകൂലമോ പ്രതികൂലമോ ആയി രാഹുല്‍ പ്രതികരിച്ചിട്ടില്ല. നേതാവിനെ തീരുമാനിക്കാന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷെ രാഹുലിന്റെ നിസ്സഹകരണവും കക്ഷി നേതാവാകാന്‍ പാകത്തിലുള്ള നേതാക്കളില്ലാത്തതും സോണിയയെ വലയ്ക്കുന്നു. ഇതോടെ കക്ഷി നേതാവില്ലാതെയായിരിക്കും ആദ്യ ലോക്‌സഭ സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് പോവുകയെന്ന് ഉറപ്പായി.
മുതിര്‍ന്ന എംപിയെന്ന മാനദണ്ഡമാണ് പരിഗണിക്കുന്നതെങ്കില്‍ സാധ്യത കൂടുതല്‍ ഏഴാം തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനാണ്. പക്ഷെ സീനിയോരിറ്റി മാത്രം പരിഗണിച്ച്‌ തീരുമാനമെടുക്കില്ലെന്ന് കൊടിക്കുന്നില്‍ തന്നെ പറയുന്നു. മികച്ച പാര്‍ലമെന്റേറിയനെന്ന പരിഗണനയില്‍ ശശി തരൂരിന്റെ പേരും ഉയരുന്നുണ്ട്. ഹിന്ദി, ഇംഗ്ലിഷ് ഭാഷകള്‍ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് മനീഷ് തിവാരിക്കും സാദ്ധ്യത നല്‍കുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും പ്രതിപക്ഷ നിരയില്‍ ഐക്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. മാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള കോണ്‍ഗ്രസിന്റെ അവകാശവാദത്തിനും വലിയ ബലം ലഭിച്ചിട്ടില്ല. ഇതിനൊക്കെ പുറമെ പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട അടിയന്തര വിഷയങ്ങളേക്കുറിച്ച്‌ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി കാര്യമായ ചര്‍ച്ചയൊന്നും സംഘടിപ്പിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ താത്പര്യക്കുറവും ഈ വി്ഷയത്തില്‍ പ്രകടമാണ്. ചുരുക്കത്തില്‍ തീരെ ദുര്‍ബലമായ അവസ്ഥയിലാണ് പാര്‍ട്ടി ഇന്ന് നേതാവില്ലാതെ പാര്‍ലമെന്റിലെത്തുന്നത്. വിജയത്തിന് ശേഷം വയനാട്ടില്‍ നന്ദി പ്രകടനാര്‍ത്ഥം റാലി നടത്തിയതൊഴിച്ചാല്‍ മറ്റ് രാഷ്ട്രീയ പരിപാടികളിലൊന്നും രാഹുല്‍ ഗാന്ധി ഇതേവരെ പങ്കെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Related News