Loading ...

Home sports

അന്ന് സച്ചിന്‍, ഇപ്പോള്‍ രോഹിത് ; 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഷോട്ടിന്റെ ആവര്‍ത്തനം

പാകിസ്ഥാനെതിരെ ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ പ്രധാന വിജയശില്പികളിലൊന്ന് രോഹിത് ശര്‍മ്മയായിരുന്നു. 113 പന്തില്‍ 140 റണ്‍സ് നേടിയ രോഹിതിന്റെ ബാറ്റിംഗായിരുന്നു മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ബാറ്റിംഗ് വിരുന്ന്‌ സമ്മാനിച്ച രോഹിതിന്റെ ഇന്നിംഗ്സില്‍ ഏറ്റവും ശ്രദ്ധേയം ഹസന്‍ അലിക്കെതിരെ നേടിയ തകര്‍പ്പ‌ന്‍ സിക്സറായിരുന്നു. 2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചു നടന്ന ലോകകപ്പില്‍ പാകിസ്ഥാനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറത്തിയ സിക്സറിന്‌ സമാനമായ സിക്സറായിരുന്നു ഇന്നലെ രോഹിതും നേടിയത്. ഓഫ് സ്റ്റമ്ബിന് വെളിയിലെത്തിയ ഹസന്‍ അലിയുടെ ഷോട്ട് പിച്ച്‌ പന്ത് ഒരു അപ്പര്‍ കട്ട് ഷോട്ടിലൂടെയായിരുന്നു രോഹിത് ഇന്നലെ സിക്സര്‍ പറത്തിയത്. 2003 ല്‍ ഷോയിബ് അക്തറിനെതിരെ സച്ചിന്‍ നേടിയതിന്‌ സമാനമായ ഷോട്ടായിരുന്നു അത്. ഈ ഷോട്ടുകള്‍ തമ്മിലുള്ള‌ സാമ്യം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായതിനിടെ ഐസിസി ഇരു സിക്സറുകളുടെയും വീഡിയോയുമായി‌ രംഗത്ത് വന്നു. രണ്ട് സിക്സറുകളുടേയും വീഡിയോ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് ഇതിലാരാണ് കൂടുതല്‍ നന്നായി ഈ‌ ഷോട്ട് അടിച്ചത് എന്ന ചോദ്യവും അവര്‍ ആരാധകരോടായി ചോദിച്ചു. 2003 ല്‍ സച്ചിന്‍ നേടിയ സിക്സറിന് സമാനമായ ഒന്ന് പതിനാറ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം രോഹിത്‌ ശര്‍മ്മയിലൂടെ കാണാനായത് ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചിട്ടുണ്ട്.

Related News