Loading ...

Home India

ഇന്ത്യയുടെ വ്യാപാരമേഖലയില്‍ വിള്ളല്‍ വീഴ്ത്തിയ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതിനും വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും നീക്കം ചെയ്തതിനും തിരിച്ചടിയായി 29 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2018 മാര്‍ച്ചിലാണ് ട്രംപ് ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള ഉരുക്കിനും സ്റ്റിലീനും 10 ശതമാനം നികുതി ചുമത്താന്‍ തീരുമാനിച്ചത്. ഇതെ തുടര്‍ന്ന് ഇരു ഗവണ്‍മെന്റുകളും കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ തീരുമാനം. കഴിഞ്ഞ ജൂണില്‍ തന്നെ ഇന്ത്യ ഇത്തരമൊരു നീക്കത്തിന് തയാറെടുത്തിരുന്നുവെങ്കിലും ഇത് നടപ്പാക്കുന്ന തീയതി നീട്ടിവെക്കുകയായിരുന്നു. ജപ്പാനിലെ ഒസാക്കയില്‍ ഈ മാസം 28, 29 തിയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജി.20 ഉച്ചകോടിക്കിടയില്‍ കൂടിക്കാഴ്ച നടത്തുണ്ട്. ഇതിന്റെ മുന്നോടിയായി ജൂണ്‍ 26ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പൊംപിയോ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം കൂടുതല്‍ വഷളാകുന്ന പുതിയ തീരുമാനങ്ങള്‍. ഇക്കഴിഞ്ഞ ജൂണ്‍ 5നാണ് വ്യാപാര സൗഹൃദ പദവിയില്‍ നിന്നും അമേരിക്ക ഇന്ത്യയെ നീക്കം ചെയ്തിരുന്നു. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധനവിന് വഴിയൊരുക്കുന്ന ഈ തീരുമാനത്തെ തുടര്‍ന്നാണ് തുല്യനാണയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ആപ്പിള്‍, വാല്‍നട്ട്, നിലക്കടല, ബോറിക് ആസിഡ്, പരിപ്പ് തുടങ്ങിയ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില കുതിച്ചുയരും. ഇന്ത്യയുടേത് അമേരിക്കന്‍ തീരുമാനത്തോടുള്ള പ്രതികരണമാണെന്ന് വൈറ്റ്ഹൗസ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

Related News