Loading ...

Home National

അമിത് ഷായുടെ പിന്‍ഗാമി ഭൂപേന്ദ്ര യാദവ്? ; ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ആവാന്‍ സാധ്യത, ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാവുന്നതുവരെ ബിജെപി അധ്യക്ഷനായി അമിത് ഷാ തന്നെ തുടരാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ധാരണ. അതേസമയം കേന്ദ്രമന്ത്രിസഭയില്‍ ഷായുടെ തിരക്കുകള്‍ കണക്കിലെടുത്ത് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിച്ചേക്കും. ഷായുടെ വിശ്വസ്തനായ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് വര്‍ക്കിങ് പ്രസിഡന്റ് ആവുമെന്നാണ് സൂചനകള്‍. വരുംമാസങ്ങളില്‍ നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അമിത് ഷാ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നാണ് നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ള ധാരണ. അടുത്ത വര്‍ഷം ജനവരി വരെയാണ് അധ്യക്ഷപദത്തില്‍ ഷായുടെ കാലാവധി. അതിനു മുമ്ബ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ്‌അതേസമയം തന്നെ കേന്ദ്ര ഭരണത്തിലെ ഷായുടെ തിരക്കു കണക്കിലെടുത്ത് വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേതൃത്വം പരിഗണിക്കുന്നുണ്ട്. ബിജെപി പിന്തുടരുന്ന കീഴ്‌വഴക്കം അനുസരിച്ച്‌ പ്രസിഡന്റിനെ നിയമിക്കാന്‍ ദേശീയ കൗണ്‍സില്‍ ചേരണമെന്നില്ല. രാജ്‌നാഥ് സിങ് കേന്ദ്രമന്ത്രിയായതിനെത്തുടര്‍ന്ന് 2014 ജൂണില്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് അമിത് ഷായെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. പിന്നീട് ദേശീയ കൗണ്‍സില്‍ ഇത് അംഗീകരിക്കുകയായിരുന്നു. അമിത് ഷാ കേന്ദ്രമന്ത്രിയായ സാഹചര്യത്തില്‍ ദേശീയ കൗണ്‍സില്‍ ചേരുന്നതു കാക്കാതെ പാര്‍ലമെന്ററി ബോര്‍ഡിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഷായുടെ നേതൃത്വത്തില്‍ നേരിടാമെന്ന് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അനൗപചാരിക ധാരണയായിട്ടുണ്ട്. വര്‍ക്കിങ് അധ്യക്ഷനെ നിയോഗിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിലും സുപ്രധാനമായ മന്ത്രിസഭാ സമിതികളിലെ അംഗമെന്ന നിലയിലും തിരക്കുള്ളതിനാല്‍ അമിത് ഷായ്ക്ക് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ പ്രയാസമാവുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഷായുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാവുന്ന വിശ്വസ്തനായ ഒരാളെ വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിച്ചാല്‍ ഇതിനെ മറികടക്കാനാവും. രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗവും ജനറല്‍ സെക്രട്ടറിയുമായ ഭൂപേന്ദ്ര യാദവിനെയാണ് ഈ പദവിയിലേക്കു പ്രധാനമായും പരിഗണിക്കുന്നത്. പാര്‍ട്ടിയില്‍ അമിത് ഷായുടെ നിഴലായി അറിയപ്പെടുന്നയാളാണ് ഭൂപേന്ദ്ര യാദവ്. ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളുടെ ചുമതലയും യാദവിനാണ്. വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിതനായാല്‍ സ്വാഭാവികയും ഷായുടെ പിന്‍ഗാമിയായി യാദവ് പാര്‍ട്ടി തലപ്പത്ത് എത്തുമെന്നാണ് കരുതുന്നത്. മുതിര്‍ന്ന നേതാവ് ജെപി നഡ്ഡ പാര്‍ട്ടി അധ്യക്ഷ പദത്തില്‍ എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓം മാത്തൂറിന്റെ പേരും പരിഗണിക്കപ്പെടുന്നതായി വാര്‍ത്തകളുണ്ട്.

Related News