Loading ...

Home USA

എണ്ണ കപ്പല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍; യുഎസിനെ പിന്താങ്ങി സൗദി വിദേശകാര്യ മന്ത്രി

വാഷിങ്ടണ്‍: ഒമാന്‍ ഉള്‍ക്കടലില്‍ 2 എണ്ണ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്ന് സംശയിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി ഏദല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്ന യുഎസ് ആരോപണത്തെ ശരിവെയ്ക്കുന്നതാണ് സൗദി വിദേശകാര്യ മന്ത്രിയുടെ നിലപാട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ അഭിപ്രായവുമായി വിയോജിക്കേണ്ട കാരണങ്ങളൊന്നുമില്ല. മറിച്ച്‌ തങ്ങള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു. ഇറാന്റെ ചരിത്രം ഇത്തരം ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കപ്പലുകളിലുണ്ടായിരുന്ന എല്ലാ ആള്‍ക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസവും ഈ മേഖലയില്‍ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ജപ്പാന്‍, നോര്‍വേ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ലോകത്തെ ക്രൂഡോയില്‍ നീക്കത്തിന്റെ 20 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഇറാന്റെ സാമീപ്യം ഇവിടെ ഗള്‍ഫ് രാജ്യങ്ങള്‍ ഭീഷണിയായാണ് കാണുന്നത്. മുന്‍പ് യുഎസില്‍ നിന്നും ഉപരോധം നേരിട്ടപ്പോള്‍ മറ്റ് രാജ്യങ്ങളുടെ എണ്ണ നീക്കം ഇറാന്‍ തടയുമെന്ന് ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് ഇറാനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ച്‌ യുഎസ് കഴിഞ്ഞ ദിവസം മേഖലയില്‍ ഒരു യുദ്ധക്കപ്പല്‍ കൂടി അയയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അപകടത്തില്‍ പെട്ടവരെ തങ്ങളാണ് രക്ഷിച്ചതെന്നാണ് ഇറാന്റെ അവകാശവാദം.

Related News