Loading ...

Home sports

മഴ ആവേശം കെടുത്തുന്നു; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യ

ലോക കപ്പിലെ ഇന്നത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന്റെ ടോസ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകുന്നു. നിലവില്‍ മഴ പെയ്യുന്നില്ലെങ്കിലും ഔട്ട് ഫീല്‍ഡിലെ നനവാണ് മത്സരം വൈകാന്‍ കാരണം. നിലവില്‍ മഴയില്ല എന്നത് സന്തോഷം നല്‍കുന്നതാണെങ്കിലും മത്സരം നടക്കുന്ന നോട്ടിംഗ്ഹാമില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പിച്ചിന് നനവില്ലെങ്കിലും ഔട്ട്ഫീല്‍ഡില്‍ നനവു നിലനില്‍ക്കുന്നതിനാല്‍ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ടോസ് നീട്ടാന്‍ അമ്ബയര്‍മാര്‍ തീരുമാനിച്ചത്. ധവാന്‍ പരിക്കേറ്റു പുറത്തിരിക്കുന്നതിനു പകരം ആര് എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ കാര്‍ത്തിക്കിനോ ശങ്കറിനോ അവസരം ലഭിച്ചേക്കാമെങ്കിലും നാലാം നമ്ബറില്‍ തന്നെ കളിക്കുമോ എന്നത് സംശയമാണ്. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ കളിയില്‍ നാലാം നമ്ബരില്‍ മികവു കാട്ടിയ ഹാര്‍ദിക് പാണ്ഡ്യയെ വീണ്ടും പരീക്ഷിക്കാനും സാധ്യത കൂടുതല്‍. അതേ സമയം കനത്ത മഴ ഈ ലോക കപ്പിന്റെ ആവേശത്തെ തണുപ്പിക്കുകയാണ്. ഈ ലോക കപ്പില്‍ ഇതേ വരെ മൂന്ന് മത്സരങ്ങളാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. പ്രവചനങ്ങള്‍ തെറ്റിച്ച്‌ ഇന്ന് മഴ മാറി നില്‍ക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍.

Related News