Loading ...

Home National

ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് ലഭിക്കില്ല ; വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് ബിജെപി വാഗ്ദാനം ; ജഗനെ ഒപ്പംകൂട്ടാന്‍ കരുനീക്കി മോദി

ന്യൂഡല്‍ഹി : ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കില്ല. ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് അവകാശപ്പെട്ടതാണെന്നും, തങ്ങള്‍ ഇത്തവണ ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ആവശ്യം തള്ളുന്നതാണ് ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങള്‍. എന്‍ഡിഎ സഖ്യകക്ഷിയല്ലാത്ത ആന്ധ്രപ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാമെന്നാണ് ബിജെപി വാഗ്ദാനവുമായി രംഗത്തുവന്നത്. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയെ കൂടെ നിര്‍ത്തുക ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കം. ബിജെപി വക്താവും എംപിയുമായ ജിവിഎല്‍ നരസിംഹ ജഗന്‍മോഹന്‍ റെഡ്ഡിയെ കണ്ടാണ് ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത്ഷായുടേയും നിര്‍ദേശപ്രകാരമാണ് നരസിംഹ, ജഗനെ കണ്ട് വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഈ വാഗ്ദാനത്തോട് ജഗന്‍ പ്രതികരിച്ചിട്ടില്ല. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും, സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിക്കണമെന്നും ജഗന്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു. ആന്ധ്രയിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ മികച്ച വിജയത്തിന് മുസ്ലിം, ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചിരുന്നു. ബിജെപിയുടെ വാഗ്ദാനം സ്വീകരിക്കുന്നത് ഈ പിന്തുണ നഷ്ടപ്പെടാന്‍ ഇടയാക്കുമോ എന്നതാണ് ജഗനെ അലട്ടുന്ന ഭയം. 22 പാര്‍ട്ടികളാണ് ജഗന്റെ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന് പാര്‍ലമെന്റിലുള്ളത്. ജൂണ്‍ 17നാണ് പാര്‍ലമെന്‍ര് സമ്മേളിക്കുന്നത്. പുതിയ എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതിയ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. അതിനിടെ ഈ മാസം 15 ന് നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഡല്‍ഹിയിലെത്തുന്നുണ്ട്. ഈ സമയത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ജഗന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ തിരുപ്പതി ദര്‍ശനത്തിനെത്തിയ മോദിയെ ജഗന്‍ അനുഗമിച്ചതും, അദ്ദഹം ബിജെപി പാളയത്തിലേക്ക് അടുക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

Related News