Loading ...

Home International

പാവങ്ങൾക്കും പരിസ്ഥിതിക്കും നന്മ നേർന്നു ഫ്രാൻസിസ് മാർപാപ്പ

വിശ്വാസലക്ഷങ്ങൾ പങ്കെടുത്ത കുർബാനയോടെ ഫ്രാൻസിസ് മാർപാപ്പയുടെ ലാറ്റിനമേരിക്ക സന്ദർശനത്തിന് പരിസമാപ്തി. പാവങ്ങൾക്കും പരിസ്ഥിതിക്കും നന്മ നേർന്നുകൊണ്ടുള്ള ഒരാഴ്ചത്തെ പര്യടനത്തിനുശേഷം മാർപാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി.പാരഗ്വായിലെ ബനാഡോ നോത്രിലുള്ള ചേരികളിൽ പട്ടിണിപ്പാവങ്ങളുടെ ദുരിതജീവിതം നേരിട്ടു കണ്ട അദ്ദേഹം ഭൂമിയിലെ സൗഭാഗ്യങ്ങൾ എല്ലാവർക്കും ഒരുപോലെ അനുഭവിക്കാനാകുന്ന സാമ്പത്തിക ക്രമത്തെക്കുറിച്ചാണ് സംസാരിച്ചതേറെയും. പണത്തിന്റെയും അത്യാർത്തിയുടെയും ബലിപീഠത്തിൽ മനുഷ്യജീവൻ പിടയാൻ വഴിയൊരുക്കുന്ന നയങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പാരഗ്വായ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

അസൻസ്യോനിലെ കുർബാനയിൽ അർജന്റീന പ്രസിഡന്റ് ക്രിസ്റ്റിന ഫെർനാണ്ടസും പങ്കെടുത്തു. ശനിയാഴ്ച, കാക്യുപിലെ കുർബാനയ്ക്കിടെ പാരഗ്വായ് സ്ത്രീകളുടെ സഹനശക്തിയെയും അടിയുറച്ച ദൈവവിശ്വാസത്തെയും മാർപാപ്പ പുകഴ്ത്തിയിരുന്നു. 1860-കളിൽ രാജ്യത്തെ ചോരക്കളമാക്കിയ യുദ്ധപരമ്പരയ്ക്കു ശേഷം വൈധവ്യത്തിന്റെയും അനാഥത്വത്തിന്റെയും വേദനകളറിഞ്ഞ പാരഗ്വായ് സ്ത്രീകൾക്കാണ് തെക്കേ അമേരിക്കൻ സ്ത്രീകളിൽ ഏറ്റവും മഹത്വമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related News