Loading ...

Home National

പഞ്ചാബ് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, രാഹുലും പ്രിയങ്കയുമായി സിദ്ദുവിന്റെ കൂടിക്കാഴ്ച, കത്ത് കൈമാറി

ദില്ലി: പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായതിന് പിന്നാലെ നവജ്യോത് സിംഗ് സിദ്ദു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറി. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സാഹചര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നവജ്യോത് സിംഗ് സിദ്ദു ട്വീറ്റ് ചെയ്തു. അതേ സമയം സിദ്ദു രാജിക്കൊരുങ്ങുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവജ്യോത് സിംഗും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായത്. ഭാര്യ നവജ്യോത് കൗറിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ അമരീന്ദര്‍ സിംഗാണെന്ന് സിദ്ദു ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രചാരണ യോഗങ്ങളില്‍ നിന്നും സിദ്ദു വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സിദ്ദുവില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു, നഗരമേഖലയില്‍ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞത് വകുപ്പുന്റെ പരാജയമാണെന്നായിരുന്നു അമരീന്ദര്‍ സിംഗിന്‍റെ ആരോപണം. ഇതിന് പിന്നാലെ എട്ട് ഉപദേശക സമിതികളില്‍ നിന്നും നവജ്യോത് സിംഗ് സിദ്ദുവിനെ നീക്കി. മന്ത്രിസഭാ യോഗത്തില്‍ നിന്നും സിദ്ദു വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയെ കൂടാതെ പ്രിയങ്കാ ഗാന്ധിയും അഹമ്മദ് പട്ടേലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കേരളത്തെ കൂടാതെ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ കാത്ത സംസ്ഥാനമാണ് പഞ്ചാബ്. ആകെയുള്ള 13 സീറ്റുകളില്‍ 8 എണ്ണം കോണ്‍ഗ്രസ് നേടി. എന്നാല്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ തമ്മിലുളള ഭിന്നതയാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. പുതിയ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കാന്‍ സിദ്ദു ഇതുവരെ തയാറായിട്ടില്ല

Related News