Loading ...

Home Education

പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. 1,250 സര്‍ക്കാര്‍ കോളേജുകളിലും സ്വകാര്യ കോളേജുകളിലും ബിരുദ, ബിരുദാനന്തര ബിരുദം കോഴ്സുകളില്‍ ചേരുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജിത്തു പട്വാരി അറിയിച്ചു. അഡ്മിഷന്‍ തൊട്ട് പരീക്ഷാ ഫീസ് വരെ എല്ലാം സൗജന്യമായിരിക്കും. അതേസമയം, ആണ്‍കുട്ടികളുടെ രജിസ്ട്രേഷന്‍ ഫീസ് 500 രൂപയില്‍ നിന്ന് 50 രൂപയായി കുറച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് 2,000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ ജനറല്‍, ഒബിസി വിഭാഗങ്ങളിലുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കും. നേരത്തെ ഇത് പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നു പുസ്തകം സൗജന്യമായി നല്‍കിയിരുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയതായി നോളേജ് കമ്മീഷന്‍ രൂപീകരിക്കും. യുവജനങ്ങളുടെ കഴിവ് ഉയര്‍ത്തുന്നതിന് വേണ്ടി സ്‌കില്‍ ഡവലപ്മെന്‍റ് സര്‍വ്വകശാല സ്ഥാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കൂടാതെ, സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. സംസ്ഥാനത്തിന് പുറത്ത് പോയി പരിശീലനം നേടണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം. അത് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Related News