Loading ...

Home Education

സിബിഎസ്‌ഇ സ്‌കൂളുകളുടെ മേല്‍ ശക്തമായ നിയന്ത്രണങ്ങളുമായി പുതിയ നയം

ന്യൂഡല്‍ഹി: സിബിഎസ്‌ഇ സ്‌കൂളുകളുടെ മേല്‍ ശക്തമായ നിയന്ത്രണങ്ങളുമായി പുതിയ നയം നിലവില്‍ വരുന്നു. ഡോ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ കരടിലുള്ളത് സ്വകാര്യ സ്‌കൂളുകളുടെ കള്ളക്കളികളും കൊള്ളയടിയും തടയുവാനുള്ള കര്‍ശന നടപടികള്‍. സ്‌കൂളുകളെ വെറും കച്ചവട കേന്ദ്രങ്ങളായി കാണുന്ന മാനേജ്‌മെന്‍റുകളുടെ നടപടികള്‍ക്ക് വിലക്ക് വരും. പല പേരുകളില്‍ വലിയ തുകകളാണ് ഇത്തരം സ്‌കൂളുകള്‍ രക്ഷിതാക്കളില്‍ നിന്ന് പിടുങ്ങുന്നത്. സ്‌കൂളുകള്‍ ലാഭമുണ്ടാക്കാനുള്ള സ്ഥാപനങ്ങളായി മാറ്റരുതെന്നും അവര്‍ വര്‍ഷം തോറും ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. രക്ഷിതാക്കളില്‍ നിന്ന് പണം പിരിക്കുന്ന ഓരോ ഇനവും കണക്കില്‍ കാണിക്കേണ്ടിവരും. രാജ്യത്തെ പേരുകേട്ട സ്‌കൂളുകള്‍ അടക്കം അനവധി സ്വകാര്യ സ്‌കൂളുകള്‍ തങ്ങളുടെ പേരിനൊപ്പം പബ്ലിക് എന്ന് ചേര്‍ക്കുന്നത് ഇനി മുതല്‍ അനുവദിക്കില്ല. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു മാത്രമേ പേരില്‍ പബ്ലിക് എന്ന് ചേര്‍ക്കാന്‍ കഴിയൂ. സ്വകാര്യ സ്‌കൂളുകള്‍ പേരിലെ പബ്ലിക് എന്ന വാക്ക് നീക്കണം. ബോര്‍ഡില്‍ മാത്രമല്ല ഒരു രേഖയിലും അവര്‍ പബ്ലിക് എന്ന വാക്ക് ഉപയോഗിക്കരുത്. സ്‌കൂളിന്റെ പേരിലെ പബ്ലിക് എന്നു കണ്ട് സര്‍ക്കാര്‍ സ്ഥാപനമാണെന്ന് രക്ഷിതാക്കള്‍ തെറ്റിദ്ധരിക്കുന്നുണ്ട്. പുതിയ നയം നടപ്പാക്കുന്നതോടെ ഇത് ഒഴിവാകും. ഹിന്ദി പഠിക്കണമെന്ന വ്യവസ്ഥ വിവാദമാക്കിയതോടെ അത് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സംസ്‌കൃതം പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ലഭ്യമാക്കണമെന്നും നയത്തിലുണ്ട്. ഇംഗ്ലീഷും മാതൃഭാഷയും നിര്‍ബന്ധമാക്കുന്ന നയത്തില്‍ മൂന്നാമതൊരു ഭാഷ കൂടി പഠിക്കണമെന്നും അത് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്നും വ്യക്തമാക്കുന്നു. അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്‌കൂളുകള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും. കണക്ക് നിര്‍ബന്ധമാക്കും, സ്‌കൂളുകള്‍ക്ക് വേണ്ട നിലവാരവും സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശിക്കാം. പ്രീ പ്രൈമറി വരെ പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് ഇരട്ടിയാക്കാനും നിയമത്തില്‍ ശുപാര്‍ശയുണ്ട്. ഉച്ചഭക്ഷണത്തിനുപുറമേ പ്രഭാത ഭക്ഷണവും നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Related News