Loading ...

Home International

മധ്യവർഗ ജീവിതപ്രശ്നങ്ങൾ അവഗണിച്ചതിന് മാർപാപ്പയുടെ ക്ഷമാപണം

തെക്കേ അമേരിക്കയിലെ മധ്യവർഗക്കാരനുഭവിക്കുന്ന ജീവിതപ്രശ്നങ്ങളെക്കുറിച്ച് ഒന്നുംപറയാതെ പട്ടിണിപ്പാവങ്ങളെക്കുറിച്ചുമാത്രം ആകുലപ്പെട്ടതിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കു പശ്ചാത്താപം. തെക്കേ അമേരിക്ക സന്ദർശനം പൂർത്തിയാക്കി വത്തിക്കാനിലേക്കു മടങ്ങുമ്പോൾ വിമാനത്തിൽവച്ചാണ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ മാർപാപ്പ ആത്മപരിശോധന നടത്തിയത്.ഇക്വഡോർ, ബൊളീവിയ, പാരഗ്വേയ് എന്നീ രാജ്യങ്ങളിലായി നടത്തിയ എട്ടുദിവസത്തെ പര്യടനത്തിനിടെ മുതലാളിത്ത തിന്മകളെ മാർപാപ്പ രൂക്ഷമായി വിമർശിച്ചിരുന്നു. പാവങ്ങളോടുള്ള അനീതിക്ക് അറുതിവരുത്തണമെന്നു ഭരണകൂടങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം മധ്യവർഗക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചു നിശ്ശബ്ദത പാലിച്ചതെന്തുകൊണ്ടാണെന്നാണു വത്തിക്കാനിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരിലൊരാൾ ചോദിച്ചത്. ഈ ചോദ്യം തന്റെ കണ്ണുതുറപ്പിച്ചെന്നും പണക്കാരും പാവപ്പെട്ടവരുമെന്ന വൻധ്രുവീകരണങ്ങൾക്കിടെ മധ്യവർഗക്കാർ തന്റെ ശ്രദ്ധയിൽപ്പെടാതെ പോയതാണെന്നുമാണ് മാർപാപ്പ തുറന്നുപറഞ്ഞത്.

‘അവരെക്കുറിച്ചു ചിന്തിക്കാതിരുന്നത് എന്റെ തെറ്റായിപ്പോയി... ഇക്കാര്യം ഇനിമുതൽ ഞാൻ ശ്രദ്ധിച്ചേ തീരൂ’– അദ്ദേഹം പറഞ്ഞു. തെക്കേ അമേരിക്ക സന്ദർശനത്തിനിടെ, മുതലാളിത്തത്തിനെതിരെ താൻ നടത്തിയ വിമർശനങ്ങളോടു വിയോജിപ്പുള്ളവരുമായി തുറന്നു സംസാരിക്കാൻ തയാറാണെന്നും മാർപാപ്പ പറഞ്ഞു.‘കമ്യൂണിസ്റ്റ് ക്രൂശിതരൂപം പ്രതിഷേധത്തിന്റെ കല’ബൊളീവിയ സന്ദർശനത്തിനിടെ പ്രസിഡന്റ് ഇവോ മൊറാലസ് അരിവാൾ ചുറ്റികയിലെ ക്രൂശിതരൂപം സമ്മാനിച്ചതിൽ തനിക്കു തെല്ലും പരിഭവമില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. മാർക്സിസ്റ്റ് അനുഭാവിയായിരുന്ന ജസ്യൂട്ട് പുരോഹിതൻ ലൂയി എസ്പിനാൽ രൂപകൽപന ചെയ്ത സവിശേഷ ക്രൂശിതരൂപത്തിന്റെ മാതൃകകളിലൊന്നു മാർപാപ്പയ്ക്കു നൽകിയതു ശരിയായില്ലെന്നു വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് സമ്മാനത്തിൽ ഒരുതെറ്റുമില്ലെന്ന് അദ്ദേഹത്തിന്റെ തന്നെ വിശദീകരണം. കമ്യൂണിസ്റ്റ് ക്രൂശിതരൂപം പ്രതിഷേധത്തിന്റെ കലയാണെന്നും അത് തനിക്കുൾക്കൊള്ളാനാകുമെന്നും മാർപാപ്പ പറഞ്ഞു.ലഹരിയല്ല, ഊർജരഹസ്യം ‘അർജന്റീനക്കാപ്പി’!എഴുപത്തെട്ടാം വയസ്സിലും താൻ ഊർജസ്വലനായി നിരന്തരയാത്രകൾ നടത്തുന്നതു ലഹരിമരുന്നിന്റെയൊന്നും ബലത്തിലല്ലെന്നു മാർപാപ്പയുടെ ഫലിതം. ജന്മനാടായ അർജന്റീനയിലെ പരമ്പരാഗത പാനീയമായ ‘മേറ്റ്’ എന്ന കാപ്പി കുടിക്കുന്നതാണു തന്റെ ഊർജരഹസ്യമെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

Related News