Loading ...

Home National

വാണിജ്യ മുൻഗണനാ പദവി നിഷേധം; യുഎസിന‌് കീഴടങ്ങി മോഡി

ന്യൂഡൽഹി  
ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി തടഞ്ഞതിന‌ു പിന്നാലെ വ്യാപാര രംഗത്ത‌് ഇന്ത്യക്ക‌ു നൽകിവന്നിരുന്ന മുൻഗണനാപദവി എടുത്തുകളഞ്ഞതിന‌ുശേഷവും അമേരിക്കയോട‌ുള്ള വിധേയത്വം ഉയർത്തിപ്പിടിച്ച‌് മോഡിസർക്കാർ. ഇന്ത്യയിൽനിന്ന‌് മൂവായിരത്തോളം ഉൽപ്പന്നങ്ങൾ നികുതിരഹിതമായി അമേരിക്കയിലേക്ക‌് ഇറക്കുമതി ചെയ്യാമായിരുന്ന സാഹചര്യമാണ‌് മുൻഗണനാപദവി ഇല്ലാതായതോടെ ഇന്ത്യക്ക‌ു നഷ്ടമായത‌്. വസ‌്ത്രനിർമാണം, തുകലുൽപ്പന്നം, മരുന്നുനിർമാണം തുടങ്ങിയ വ്യവസായങ്ങൾക്കാണ‌് യുഎസ‌് തീരുമാനം കടുത്ത തിരിച്ചടിയാകുന്നത‌്. പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യൻ സമ്പദ‌്‌വ്യവസ്ഥയ‌്ക്ക‌് കൂടുതൽ ആഘാതമേൽപ്പിക്കുന്നതാണ‌് ട്രംപ‌് ഭരണകൂടത്തിന്റെ നടപടിയെങ്കിലും അങ്ങേയറ്റം തണുപ്പൻ മട്ടിലാണ‌് മോഡി സർക്കാരിന്റെ പ്രതികരണം.  റഷ്യയിൽനിന്ന‌് എസ‌്–-400 ട്രെയിംഫ‌് മിസൈൽ കവചം വാങ്ങാനുള്ള തീമുാനത്തിൽ നിന്നും  പിൻമാറണമെന്നും ചൈനീസ‌് ടെലികോം കമ്പനിയായ വാവെയ‌്‌യുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട‌്. ഇക്കാര്യങ്ങളിൽ നിലപാട‌് വ്യക്തമാക്കാനും  മോഡി സർക്കാർ തയ്യാറായിട്ടില്ല.
വ്യാപാരബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യുഎസുമായി യോജിച്ചുപ്രവർത്തിക്കുമെന്നാണ‌് മുൻഗണനാപദവി എടുത്തുകളഞ്ഞ ട്രംപ‌് ഭരണകൂടത്തിന്റെ തീരുമാനത്തോട‌് വാണിജ്യമന്ത്രാലയം പ്രതികരിച്ചത‌്. യുഎസ‌് തീരുമാനം ഇന്ത്യയെ വലിയതോതിൽ ബാധിക്കില്ലെന്നും കേന്ദ്രം അവകാശപ്പെടുന്നു. ഇറാനിൽനിന്ന‌് ക്രൂഡോയിൽ വാങ്ങുന്നത‌് നിർത്തിവയ‌്ക്കണമെന്ന യുഎസ‌് നിർദേശം വന്നപ്പോഴും ഒരു മടിയും കൂടാതെ മോഡി സർക്കാർ ഉറപ്പുനൽകി. ഇറാൻ എണ്ണയുടെ കാര്യത്തിൽ ഉറപ്പ‌ുപാലിക്കണമെന്നും അല്ലെങ്കിൽ ബഹിഷ‌്കരണം ഉണ്ടാകുമെന്ന‌ും കഴിഞ്ഞദിവസവും അമേരിക്ക ഇന്ത്യയ‌്ക്ക‌് മുന്നറയിപ്പുനൽകിയിട്ടുണ്ട‌്. സാമ്പത്തികമായി വൻ തിരിച്ചടി
ഇറാൻ എണ്ണ വാങ്ങുന്നത‌് നിർത്തുന്നതും യുഎസിലേക്ക‌് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക‌് നികുതി പുനഃസ്ഥാപിക്കപ്പെടുന്നതും സാമ്പത്തികമായി ഇന്ത്യക്ക‌് വലിയ തിരിച്ചടിയാകും. അമേരിക്കയ‌്ക്ക‌് സാമ്പത്തിക നേട്ടവുമുണ്ട‌്. ഇറാൻ എണ്ണവരവ‌് നിലയ‌്ക്കുമ്പോൾ തങ്ങളുടെ സ്വകാര്യ എണ്ണക്കമ്പനികളിൽനിന്ന‌് ഷെയ‌്ൽ ഓയിൽ വാങ്ങാനാണ‌് യുഎസ‌് നിർദേശം. സാമ്പത്തികമായി ഏറെ മെച്ചമുണ്ടായിരുന്ന ഇറാൻ എണ്ണ വേണ്ടെന്നു വച്ച‌് വൻ സാമ്പത്തികബാധ്യത വരുത്തുന്ന ഷെയ‌്ൽ ഓയിൽ വാങ്ങാൻ മോഡി സർക്കാർ തീരുമാനവുമെടുത്തു.
ഇന്ത്യ–-യുഎസ‌് ബന്ധത്തിൽ വലിയ സംഭവങ്ങളാണ‌് ഇനി വരാൻ പോകുന്നതെന്ന‌് മോഡി വീണ്ടും ജയിച്ചുകയറിയപ്പോൾ നൽകിയ അനുമോദനസന്ദേശത്തിൽ ട്രംപ‌് പറഞ്ഞിരുന്നു. എന്നാൽ, ഒരാഴ‌്ചയ‌്ക്കകം വ്യാപാര മുൻഗണനാപദവി എടുത്തുകളയുകയാണ‌് ചെയ‌്തത‌്. യുഎസിൽനിന്ന‌് തുടർച്ചയായി തിരിച്ചടികൾ നേരിട്ടിട്ടും സാമന്ത രാജ്യത്തെപ്പൊലെ വിധേയമായി നിൽക്കുകയാണ‌് മോഡി സർക്കാർ. അമേരിക്ക താൽപ്പര്യപ്പെടുംവിധം പ്രതിരോധമേഖലയിൽ പൂർണ പങ്കാളിയായി ഇന്ത്യ മാറിക്കഴിഞ്ഞു. തങ്ങളുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള നല്ലൊരു വിപണിയായാണ‌് യുഎസ‌് ഇന്ത്യയെ കാണുന്നത‌്. 2008 മുതലുള്ള കാലയളവിൽ 1600 കോടി യുഎസ‌് ഡോളറിന്റെ ആയുധങ്ങളും മറ്റ‌ു പ്രതിരോധസാമഗ്രികളും ഇന്ത്യക്ക‌് വിൽപ്പന നടത്തി. 2016ൽ പ്രധാന പ്രതിരോധപങ്കാളിയെന്ന പദവി അമേരിക്ക ഇന്ത്യക്ക‌ു നൽകി. പിന്നാലെ ഇന്ത്യയുടെ പ്രതിരോധമേഖലയെ പൂർണമായും നിയന്ത്രണത്തിലാക്കുംവിധം കോംകാസ (കമ്യൂണിക്കേഷൻ–-കോംപാക്ടബിലിറ്റി ആൻഡ‌് സെക്യൂരിറ്റി എഗ്രിമെന്റ‌്) ധാരണയിൽ എത്തിച്ചേരാനും അമേരിക്കയ‌്ക്ക‌് കഴിഞ്ഞു. പ്രതിരോധരംഗത്തെ ഇന്ത്യയുടെ വാർത്താവിനിമയ ഘടനയിലേക്ക‌് അമേരിക്കയ‌്ക്ക‌് സമ്പൂർണ പ്രവേശനം അനുവദിക്കുന്നതാണ‌് കോംകാസ. റഷ്യയിൽനിന്ന‌് എസ‌്–-400 ട്രെയിംഫ‌് മിസൈൽ കവചം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരായും അമേരിക്ക രംഗത്തുവന്നിട്ടുണ്ട‌്. റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നതിൽനിന്നും പിന്തിരിയണമെന്നും പകരം തങ്ങളുടേതായ മിസൈൽ സംവിധാനം നൽകാമെന്നുമാണ‌് നിർദേശം. റഷ്യൻ കരാറുമായി മുന്നോട്ടുപോയാൽ യുഎസിന്റെ എതിരാളികളെ ഉപരോധത്തിലൂടെ ചെറുക്കുന്ന നിയമപ്രകാരം (കാറ്റ‌്സ) ഇന്ത്യക്ക‌് ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും ട്രംപ‌് ഭരണകൂടം മുന്നോട്ടുവയ‌്ക്കുന്നു. ഈ വിഷയത്തിലും കൃത്യമായ നിലപാട‌് മോഡി സർക്കാരിൽനിന്ന‌് വന്നിട്ടില്ല.


Related News