Loading ...

Home Gulf

ചരിത്രം മാറ്റിയെഴുതിയ വിജയം ആഘോഷിച്ച് പ്രവാസികളും; നിരാശയോടെ ഇടത് അനുകൂലികള്‍

അബുദാബി: മധുരം വിളമ്പിയും ആര്‍പ്പുവിളിച്ചു എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പ്രവാസികളും. മലയാളി പ്രവാസികളിലെ കോണ്‍ഗ്രസ്-ലീഗ് അനുഭാവികള്‍ കേരളത്തിലെ വിജയം ആഘോഷിച്ചപ്പോള്‍ ഫലമറിയാനായി ലീവെടുത്തവരില്‍ പലര്‍ക്കും നിരാശയായിരുന്നു ബാക്കി. നാട്ടിലെ ആവേശത്തില്‍ നിന്ന് ഒട്ടും കുറവായിരുന്നില്ല ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ക്ക് വോട്ടെണ്ണല്‍ ദിനത്തില്‍. രാവിലെ മുതല്‍ ടിവിക്ക് മുന്നിലിരുന്നും ജോലി സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും ആശ്രയിച്ചും ഫലം കാത്തിരുന്നു. ഇന്ത്യന്‍ സംഘടനകളും സ്ഥാപനങ്ങളും ഫലമറിയാന്‍ പലയിടങ്ങളിലും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ആദ്യ മണിക്കൂറില്‍ തന്നെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് ഏതാണ്ട് വ്യക്തമായതോടെ പലരുടെയും ആവേശം അസ്തമിച്ചു. നോമ്പുതുറ സമയത്ത് മധുരം വിളമ്പിയായിരുന്നു പലയിടത്തും ആഘോഷം. വടക്കേഇന്ത്യക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലായിരുന്നു ഗള്‍ഫില്‍ പ്രധാനമായും ആഘോഷങ്ങള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് രാജ്യമൊട്ടാകെ ലഭിച്ച വലിയ വിജയത്തിന് കാരണമെന്ന് എന്‍ഡിഎ അനുകൂലികള്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് നിലംതൊടാനാവാതെ പോയതില്‍ നിരാശയും അവര്‍ക്കുണ്ട്. അതേസമയം ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും കേരളത്തില്‍ യുഡിഎഫ് സ്വന്തമാക്കിയ മികച്ച വിജയം കെഎംസിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആഘോഘിച്ചു. ഇടത് അനുഭാവികള്‍ക്ക് നിരാശയുടെ ദിനമായിരുന്നു. നോമ്പുതുറ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഒത്തുചേരലുകളിലൊക്കെ ചര്‍ച്ചയും തെരഞ്ഞെടുപ്പും രാഷ്ട്രീയവും തന്നെ. ഗള്‍ഫ് രാജ്യങ്ങളിലെ മാധ്യമങ്ങള്‍ക്കും ഇന്ത്യയിലെ തെരഞ്ഞെടുപ്പും ജയപരാജയങ്ങളും പ്രധാന വാര്‍ത്തയായിരുന്നു.

Related News