Loading ...

Home National

തെക്കേഇന്ത്യയില്‍ വേരുറപ്പിക്കാനാകാതെ എന്‍ഡിഎ; സിറ്റിംഗ് സീറ്റുകളിലും പിന്നില്‍

ചെന്നൈ > ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക ഒഴികെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടാക്കാനാകാതെ ബിജെപി. കര്‍ണാടകയില്‍ 28ല്‍ 23 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 3 സീറ്റിലും ജെഡിഎസും ഒരു സ്വതന്ത്രനും ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ മറ്റ് തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടും. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ 2014ല്‍ 128662 വോട്ടിനാണ് ജയിച്ചത്. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം എണ്‍പതിനായിരത്തോളം വോട്ടുകള്‍ക്ക് പൊന്‍ രാധാകൃഷ്ണന്‍ പിന്നിലാണ്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, നാഗപട്ടണം, മധുര, കോയമ്പത്തൂര്‍ മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നത് സിപിഐ എമ്മും സിപിഐയുമാണ്.

കേരളത്തിലും എന്‍ഡിഎ സഖ്യത്തിന് നേട്ടമുണ്ടാക്കാനായില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമാണ് എന്‍ഡിഎക്ക് രണ്ടാമതെത്താനെങ്കിലുമായത്. കേരളത്തില്‍ കുറഞ്ഞത് മൂന്ന് സീറ്റില്‍ വിജയിക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്.

ആന്ധ്രാപ്രദേശില്‍ 25ല്‍ 24ലും വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഒരു മണ്ഡലത്തില്‍ തെലുങ്കുദേശം പാര്‍ടിയും ലീഡ് ചെയ്യുന്നു. 2014ല്‍ ബിജെപി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എഐഎന്‍ആര്‍സിയെ മറികടന്ന് കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ എന്‍ഡിഎയാണ് പുതുച്ചേരിയില്‍ വിജയിച്ചത്.


Related News