Loading ...

Home sports

കണ്ണുകൾ ധോണിയിൽ

ലണ്ടൻ
ഈ ലോകകപ്പിൽ ഇന്ത്യയുടെ ഗതി നിർണയിക്കുക മഹേന്ദ്ര സിങ‌് ധോണിയായിരിക്കുമെന്ന‌് പരിശീലകൻ രവി ശാസ‌്ത്രിയും പറയുന്നു. ധോണി നിർണായക സ്വാധീനമാണെന്നും ശാസ‌്ത്രി വ്യക്തമാക്കി. ശാസ‌്ത്രി മാത്രമല്ല, മുൻ ഇന്ത്യൻ ക്യാപ‌്റ്റൻ രാഹുൽ ദ്രാവിഡ‌്, മുൻ പാകിസ്ഥാൻ ക്യാപ‌്റ്റൻ സഹീർ അബ്ബാസ‌് എന്നിവരും ഇന്ത്യയുടെ സാധ്യതകൾ ഇൗ വിക്കറ്റ‌്കീപ്പറിലാണ‌് കാണുന്നത‌്.
ഇന്ത്യക്കുവേണ്ടി 341 ഏകദിനം കളിച്ചിട്ടുണ്ട‌് ധോണി, ലോകകപ്പിൽ 20 മത്സരങ്ങളിലും. ഈ അനുഭവ സമ്പത്താണ‌് ലോകകപ്പിൽ ഇന്ത്യയുടെ ആത്മവിശ്വാസം. നാല‌ാം ലോകകപ്പിനാണ‌് ഈ മുപ്പത്തേഴുകാരൻ ഇറങ്ങുന്നത‌്. ഇനിയൊരു ലോകകപ്പ‌് ക‌ളിക്കാൻ സാധ്യത വിരളമാണ‌്. അവസാന ലോകകപ്പ‌് മികച്ചതാക്കാനാണ‌് ധോണിയുടെ ഒരുക്കം. 2011ൽ ക്യാപ‌്റ്റനായി ഇന്ത്യക്ക‌് ലോകകപ്പ‌് നേടിത്തന്ന ധോണിക്ക‌് ഇനിയും അത്ഭുതങ്ങൾ കാട്ടാനാകുമെന്ന‌ാണ‌് ശാസ‌്ത്രിയുടെ കണക്കുകൂട്ടൽ. ‘ഏകദിനത്തിൽ ഈ തലമുറയിൽ ധോണിയെക്കാൾ മികച്ചവർ അപൂർവമാണ‌്. ഏകദിന ക്രിക്കറ്റിനെ നന്നായി അറിയാവുന്ന കളിക്കാരൻ. ചെറിയ നിമിഷങ്ങൾ മതി ധോണിക്ക‌് കളിയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ. വിക്കറ്റ‌് കീപ്പർ എന്ന നിലയിൽ പുലർത്തുന്ന ജാഗ്രത, ക്യാപ‌്റ്റനും ബൗളർമാർക്കും നൽകുന്ന ആത്മവിശ്വാസം ഇതെല്ലാം ധോണിയെ വ്യത്യസ‌്തനാക്കുന്നു–- ശാസ‌്ത്രി പറഞ്ഞു. വലിയ ടൂർണമെന്റുകളിൽ ധോണിയുടെ സാന്നിധ്യംതന്നെ ആത്മവിശ്വാസം പകരുമെന്ന‌ായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. വലിയ ടൂർണമെന്റുകളിൽ വലിയ മത്സരങ്ങളിൽ ധോണി കളിക്കുന്നത‌് കാണാൻതന്നെ ഭംഗിയാണ‌്. കണ്ട‌് പഠിക്കേണ്ടതാണ‌് ധോണിയുടെ രീതി–- ദ്രാവിഡ‌് പറഞ്ഞു. ഈ ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുശീട്ട‌് ധോണിയാകുമെന്ന‌് സഹീർ അബ്ബാസും പറയുന്നു. ബുദ്ധിപൂർവം കളിക്കുന്ന കളിക്കാരനാണ‌് ധോണി. ട്വന്റി–-20, ഏകദിന ലോകകപ്പുകൾ നേടിത്തന്ന ക്യാപ‌്റ്റന‌് ആത്മവിശ്വാസവും പരിചയവുമുണ്ട‌്. ക്യാപ‌്റ്റനും പരിശീലകനും ധോണിയുടെ സാന്നിധ്യം മുതൽക്കൂട്ടാണ‌്–- സഹീർ അബ്ബാസ‌് വ്യക്തമാക്കി. ലോകകപ്പിൽ 20 മത്സരങ്ങളിലാണ‌് ധോണി കളിച്ചത‌്. 17 ഇന്നിങ‌്സുകളിൽ 507 റൺ നേടി. രണ്ട‌് അരസെഞ്ചുറികൾ. 27 ക്യാച്ചും അഞ്ച‌് സ‌്റ്റമ്പിങ്ങും.
2015 ലോകകപ്പിന‌് ശേഷം ധോണിയുടെ ബാറ്റിങ‌് രീതിക്കെതിരെ വിമർശമുണ്ടായിരുന്നു. എന്നാൽ ഈ വർഷം വിമർശകരുടെ വായടപ്പിച്ച‌ു ഈ റാഞ്ചിക്കാരൻ. ഓസ‌്ട്രേലിയൻ മണ്ണിൽ അവർക്കെതിരായ ഏകദിന പരമ്പരയിൽ ധോണിയായിരുന്നു താരം. ന്യൂസിലൻഡിലും തിളങ്ങി. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ‌്സിനുവേണ്ടിയും റണ്ണടിച്ചുകൂട്ടി.
നാലാം നമ്പറിൽ ധോണിയെ ഇറക്കണമെ‌ന്നാണ‌് മുൻ താരങ്ങളുടെ ആവശ്യം.

Related News