Loading ...

Home National

വിവിപാറ്റ് ആദ്യം എണ്ണണമെന്ന ആവശ്യം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി > വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്നതടക്കം പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടായേക്കും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്നു നിര്‍ണായക യോഗം നടക്കുകയാണ്.
 
വിവി പാറ്റുകള്‍ എണ്ണുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയില്‍ പാകപ്പിഴകളുണ്ടെന്ന് പ്രതിപക്ഷം ചൊവ്വാഴ്ച നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെണ്ണുമ്പോള്‍ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വിവി പാറ്റിന് പ്രാധാന്യം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാത്രമല്ല ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വിവി പാറ്റുകളും എണ്ണണം. സുപ്രീം കോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികള്‍ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
 
വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ചാനലുകളുടെ വീഡിയോയില്‍ കാണിക്കുന്ന ദൃശ്യങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
 
21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്.

Related News