Loading ...

Home Gulf

അബുദാബി ഖുര്‍ആന്‍ മത്സരത്തിന് തുടക്കമായി

അബുദാബി : അബുദാബി മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മത്സരത്തിന് ഐ എസ് സി ഓഡിറ്റോറിയത്തില്‍ തുടക്കമായി. അഞ്ചു വിഭാഗത്തിലാണ് മത്സരം നടക്കുന്നത്. ഒന്നാം വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ ഖുര്‍ആനിന്റെ ഏത് ഭാഗത്ത് നിന്നും വിധികര്‍ത്താക്കള്‍ പാരായണം ചെയ്യാന്‍ ആവശ്യപ്പെട്ടാലും പാരായണം ചെയ്യണം. 30 വയസു വരെയുള്ളവര്‍ക്കാണ് ഒന്നാം വിഭാഗത്തില്‍ മത്സരിക്കുവാന്‍ അവസരം. രണ്ടാം വിഭാഗത്തില്‍ മത്സരിക്കുന്ന 25 വയസുവരെയുള്ളവര്‍ ഖുര്‍ആനിന്റെ 15 വാള്യങ്ങളില്‍ നിന്നും മൂന്നാം വിഭാഗത്തില്‍ മത്സരിക്കുന്ന 20 വയസുവരെയുള്ളവര്‍ പത്ത് വാള്യങ്ങളില്‍ നിന്നും നാലാം വിഭാഗത്തിലുള്ളവര്‍ അഞ്ചു വാള്യങ്ങളില്‍ നിന്നും പാരായണം ചെയ്യണം. അഞ്ചാം വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ വ്യാകരണത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്യണം. ഈ വിഭാഗത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മത്സരിക്കാന്‍ അവസരമുണ്ട്. ഐ എസ് സി യിലെ പ്രധാന ഓഡിറ്റോറിയത്തില്‍ രാത്രി ഒമ്ബത് മുതല്‍ 11 വരെയാണ് മത്സരം നടക്കുക. അബുദാബി മതകാര്യ വകുപ്പിലെ മുഹമ്മദ് അബ്ദുല്ല അബ്ദുല്‍ അസീസ്, അഹ്മദ് ഹസ്സന്‍ ഗസ്സാലി, അബ്ദുല്ല അബ്ദുല്‍ അസീസ് അസ്വ എന്നിവരാണ് വിധി കര്‍ത്താക്കള്‍. ഇന്ത്യ, യൂ എ ഇ, ബംഗ്ലാദേശ്, സിറിയ, ഈജിപ്ത്ത് , തുടങ്ങിയ രാജ്യങ്ങളിലെ 75 മത്സരാത്ഥികളാണ് പങ്കെടുക്കുന്നത്. അവസാന റൗണ്ടിലെത്തുന്ന 23 വിജയികള്‍ക്ക് സമ്മാനം ലഭിക്കും.
അടുത്ത മത്സരം മെയ് 20,23 ദിവസങ്ങളില്‍ നടക്കും. മെയ് 24 ന് ഐ എസ് സി പ്രസിഡണ്ട് ഡി നടരാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫ് അലി മുഖ്യാതിഥിയായിരിക്കും. യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റംസാന്‍ അതിഥി സയ്യിദ് ഇബ്രാഹിം ഖലീലും ബുഖാരി ചടങ്ങില്‍ സംബന്ധിക്കും. ഖുര്‍ആന്‍ മത്സരത്തിന്റെ ഭാഗമായി മെയ് 24 ന് ഐ എസ് സി ഓഡിറ്റോറിയത്തില്‍ ശൈഖ് സായിദ് ഫോട്ടോ പ്രദര്‍ശനം ഒരുക്കിയതായും ഖുര്‍ആന്‍ മത്സരത്തിന് ഐ എസ് സിയിലെത്തുന്നതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിലെ പള്ളികളില്‍ നിന്നും തറാവിഹ് നിസ്‌കാരത്തിന് ശേഷം വാഹന സൗകര്യം ഏര്‍പെടുത്തിയതായും സംഘടകര്‍ അറിയിച്ചു.

Related News