Loading ...

Home peace

ഫ്രാൻസിസ് മാർപാപ്പ ബൊളീവിയയിൽ

ലാ പാസ് (ബൊളീവിയ)∙ പ്രസിഡന്റ് ഇവോ മോറാലിസിന്റെ നേതൃത്വത്തിലുള്ള ബൊളീവിയയിലെ ഇടതുപക്ഷ സർക്കാരിന്റെ സാമൂഹിക പരിഷ്കരണങ്ങൾക്കു ഫ്രാൻസിസ് മാർപാപ്പയുടെ പ്രശംസ. ഭൗതികസമ്പത്തിനെ സമൃദ്ധിയായി കാണരുതെന്നും അത് അഴിമതിയും സംഘർഷവുമാണ് ഉൽപാദിപ്പിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയുടെ സ്വദേശപര്യടനത്തിന്റെ ഭാഗമായാണു ബൊളീവിയ അടക്കമുള്ള രാജ്യങ്ങളിലെ സന്ദർശനം. പർവതനഗരമായ ലാ പാസിലെത്തിയ പാപ്പയെ പ്രസിഡന്റ് ഇവോ മോറാലിസ് ആലിംഗനം ചെയ്താണു സ്വീകരിച്ചത്.

കത്തോലിക്കാ സഭയുടെ കടുത്ത വിമർശകനായ ഇവോ മോറാലിസ് ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റതോടെയാണു സഭയുമായി സൗഹൃദം പുനസ്ഥാപിച്ചത്. ‘ബൊളീവിയൻ ജനത അങ്ങയെ ഇപ്പോൾ ആഹ്ലാദത്തോടും പ്രതീക്ഷയോടെയും സ്വാഗതം ചെയ്യുന്നു’ – പ്രസിഡന്റ് മോറാലിസ് പറഞ്ഞു.മരത്തിൽ തീർത്ത അരിവാൾ ചുറ്റികയാണു പാപ്പയ്ക്കു മോറാലിസ് സമ്മാനമായി നൽകിയത്. അരിവാളിൽ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപവും കൊത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇക്വഡോറിൽ 20 ലക്ഷം പേരാണു മാർപാപ്പയെ കാണാനെത്തിയത്. എഴുതിത്തയാറാക്കിയ പ്രസംഗം ഉപേക്ഷിച്ചാണ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. ആത്മീയമായ മറവിരോഗത്തിനു കീഴ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.പർവതയാത്രയ്ക്കിടെ കൊക്ക ഇലയിട്ട ചായ
pope-mountain
സമുദ്രനിരപ്പിൽ 13,000 അടി ഉയരത്തിലുള്ള പർവതനഗരമായ ലാ പാസിലേക്കുള്ള യാത്രയ്ക്കിടെ ബൊളീവിയക്കാർക്കു പ്രിയങ്കരമായ കൊക്ക ഇലയിട്ട പ്രത്യേക ചായയാണു ഫ്രാൻസിസ് മാർപാപ്പ വിമാനയാത്രയ്ക്കിടെ കുടിച്ചത്. ലഹരിയുള്ള കൊക്ക ചേർന്ന ചായ പാപ്പ കുടിക്കുമോ എന്നതു നേരത്തേ ചർച്ചയായിരുന്നു. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള സ‍ഞ്ചാരത്തിനിടെ ഉണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ കൂടി ഒഴിവാക്കാനാണു കൊക്ക ചായ കുടിക്കുകയോ കൊക്ക ഇല ചവയ്ക്കുകയോ ചെയ്യുന്നത്.*കുപ്രസിദ്ധ ബൊളീവിയൻ ജയിലിൽ ഇന്നു പാപ്പയുടെ സന്ദർശനം *ബൊളീവിയയിലെ കുപ്രസിദ്ധമായ പാൽമസോല ജയിലും ഫ്രാൻസിസ് മാർപാപ്പ ഇന്നു സന്ദർശിച്ചേക്കും. ലഹരിമരുന്നു കടത്തുകാരും കൊടുംകുറ്റവാളികളും വാഴുന്ന ജയിലിൽ ജയിൽ അധികൃതർക്കു കാര്യമായ നിയന്ത്രണമില്ല. പണമുണ്ടെങ്കിൽ എന്തും കിട്ടുന്ന ജയിലിനകത്തു തടവുകാർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ പതിവാണ്. 2013ലെ സംഘർഷത്തിൽ 30 തടവുകാരാണു കൊല്ലപ്പെട്ടത്. ഇവിടെ അടക്കം ബൊളീവിയയിലെ വിവിധ ജയിലുകളിൽ 12,000 തടവുകാരാണു വിചാരണ കാത്തു കഴിയുന്നത്.

Related News