Loading ...

Home Education

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ പ്രവേശനം: പിടിഎ ഫണ്ടിലേക്ക് 100 രൂപയില്‍ കൂടുതല്‍ വാങ്ങുന്നത് കുറ്റകരം

തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് പിടിഎ ഫീസ് 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് കൈമാറി. 100 രൂപയില്‍ കൂടുതല്‍ പിടിഎ ഫീസ് വാങ്ങിയതായി പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. 2007-ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച്‌ പിടിഎ ഫണ്ടിലേക്ക് 100 രൂപയില്‍ കൂടുതല്‍ വാങ്ങുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന എല്ലാ രസീതുകളും പിന്‍വലിക്കണം. പുതിയതായി കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിക്കുന്ന രസീതുകള്‍ അച്ചടിച്ച്‌ നമ്ബര്‍ രേഖപ്പെടുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. എഇഒ മുതല്‍ ഡിഡി വരെയുള്ളവര്‍ സ്‌കൂളുകളിലെത്തി ഇത് പരിശോധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. പഠന സംബന്ധമായ ആവശ്യങ്ങള്‍ക്കായി എല്‍പി വിഭാഗത്തില്‍ 20 രൂപയും, യുപി-യില്‍ 50 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 100 രൂപയുമാണ് പരമാവധി പിടിഎ ഫണ്ടായി സ്വീകരിക്കാവുന്ന തുക. ജൂണ്‍ മൂന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്ബ് എല്ലാ സൗകര്യങ്ങളും കുട്ടികള്‍ക്കായി ഒരുക്കണം. സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഓടിട്ട കെട്ടിടങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ വേണമെന്നും അദ്ദേഹം പ്രധാനാധ്യാപകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കൂളിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക സ്‌കൂള്‍ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News