Loading ...

Home Education

സീറ്റുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല

കോഴിക്കോട്: ( 17.05.2019) സീറ്റുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്തൊട്ടാകെ ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല. എസ്.എസ്.എല്‍.സി വിജയികളുടെ എണ്ണവുമായി താരതമ്യംചെയ്യുമ്ബോള്‍ ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ എണ്ണത്തില്‍ മലബാറിലെ സ്‌കൂളുകള്‍ ബഹുദൂരം പിന്നിലാണ്.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മാത്രമാണ് എസ്.എസ്.എല്‍.സി. വിജയികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകളുള്ളത്. മലബാര്‍ ജില്ലകളില്‍ വിജയികളുടെ എണ്ണവും പ്ലസ് വണ്‍ സീറ്റുകളുമായുള്ള അന്തരം വളരെ കൂടുതലാണ്.

എസ്.എസ്.എല്‍.സിക്ക് 78,335 വിദ്യാര്‍ഥികള്‍ ജയിച്ച മലപ്പുറം ജില്ലയില്‍ 52,775 സീറ്റ് മാത്രമേ പ്ലസ് വണ്ണിനുള്ളൂ. 44,074 കുട്ടികള്‍ ജയിച്ച കോഴിക്കോട്ടാകട്ടെ സീറ്റുകള്‍ 34,522 മാത്രം.

മറ്റുജില്ലകളുടെ സ്ഥിതി ഇപ്രകാരമാണ്(ജില്ല, എസ്.എസ്.എല്‍.സി. വിജയികള്‍, പ്ലസ് വണ്‍
സീറ്റ് എന്ന ക്രമത്തില്‍): കണ്ണൂര്‍-33908, 28067, പാലക്കാട്- 39815, 28206, കാസര്‍കോട്-18541, 14278, വയനാട്- 11306, 8656, തൃശ്ശൂര്‍-35997, 32611, ഇടുക്കി- 11936, 11878, കൊല്ലം- 31107, 26622, തിരുവനന്തപുരം- 34851, 31603.

പത്തനംതിട്ട ജില്ലയില്‍ 10780 കുട്ടികളാണ് എസ്.എസ്.എല്‍.സി. വിജയിച്ചത്. അവിടെ 14931 പ്ലസ് വണ്‍ സീറ്റുണ്ട്. എറണാകുളം- 32082, 32589, ആലപ്പുഴ- 22552, 22839, കോട്ടയം- 20141, 22136 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി.

എസ്.എസ്.എല്‍.സി. കഴിഞ്ഞവര്‍ മാത്രമല്ല കേരള സിലബസിലുള്ള ഹയര്‍സെക്കന്‍ഡറി പഠനത്തിന് അപേക്ഷിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ ഉള്‍പ്പെടെ മറ്റു ധാരകളിലൂടെ പത്താംക്ലാസ് വിജയിച്ച 63,000-ത്തോളം വിദ്യാര്‍ഥികളും പ്ലസ് വണ്‍ അപേക്ഷകരായുണ്ട്.

ഓരോ ജില്ലയിലും അയ്യായിരത്തോളം വരും ഈ വിഭാഗത്തിലെ അപേക്ഷകര്‍. ഇവരുടെ എണ്ണംകൂടി പരിഗണിക്കുമ്ബോള്‍, സീറ്റുകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്താകെ ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകര്‍ക്ക് പ്ലസ്വണ്‍ പ്രവേശനം ലഭിക്കില്ല.

Related News