Loading ...

Home cinema

സ്ത്രീവിരുദ്ധത നിറഞ്ഞ 10 സിനിമകള്‍!

ഡോ. വിവേക് പൂന്തിയില്‍ ബാലചന്ദ്രന്‍

സ്ത്രീവിരുദ്ധ ഡയലോഗുകള്‍ അല്ലെങ്കില്‍ സിറ്റുവേഷന്‍സ് സിനിമയില്‍ ഉണ്ടാകാനുള്ള കാരണം എന്താണ്? അതിന് മൂന്നു കാരണങ്ങള്‍ ഉള്ളതായാണ് തോന്നിയിട്ടുള്ളത്:

എഴുത്തുകാരുടെയും സംവിധായരുടേയും കഴിവില്ലായ്മ. അതായത് സര്‍ഗശേഷിയുടെ അഭാവം നികത്താന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ അടിച്ചുകേറ്റി ആളെ കയറ്റുന്ന ടെക്നിക്.
അറിവില്ലായ്മ. നമ്മുടെ ഇടയിലുള്ള പകുതിയിലധികം പേര്‍ക്കും സിനിമയിലെ സ്ത്രീ വിരുദ്ധത എന്താണെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നത് നമ്മുടെ സോഷ്യല്‍ മീഡിയയിലും മറ്റും ഇടപെടലുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അറിവില്ലായ്മ എഴുത്തുകാരെയും ബാധിക്കുന്നതു സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് വളം വെക്കുന്നുണ്ട്.
നമ്മുടെ ഉള്ളിലെ പുരുഷാധിപത്യത്തെ പ്രീതിപ്പെടുത്താന്‍.
ഈ മൂന്നോ അതില്‍ കൂടുതലോ കാരണങ്ങള്‍ കൊണ്ട് മലയാള സിനിമ പടച്ചുവിട്ട സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കും സിറ്റുവേഷന്‍സിനും ഒരു പഞ്ഞവുമില്ല. അത്തരത്തിലുള്ള 10 സിനിമകളെ നമുക്കൊന്നു നോക്കാം.

1984-ല്‍ ഭരതന്‍ സംവിധാനം ചെയ്ത സിനിമയാണ് എന്‍റെ ഉപാസന. മല്ലിക യൂനിസ് എന്ന എഴുത്തുകാരിയുടെ ഉപാസന എന്ന നോവല്‍ സിനിമയാക്കിയതാണ് ഇത്. തിരക്കഥയെഴുതിയത് തോപ്പില്‍ ഭാസിയാണ്. കൂട്ടുകാരിയുടെ സഹോദരനാല്‍ റേപ്പ് ചെയ്യപ്പെട്ട്, ഒരു കുട്ടിയെ പ്രസവിക്കേണ്ടി വരുന്ന സുഹാസിനിയുടെ കഥാപാത്രത്തിന് ഒരു കാമുകന്‍ ഉണ്ടായിരുന്നു. റേപ്പ് ചെയ്യപ്പെട്ട കാമുകിയെ സ്നേഹസമ്ബന്നനായ കാമുകന്‍ അഭിസംബോധന ചെയ്യുന്നത് വേശ്യ എന്നാണു. റേപ്പ് ചെയ്തു എന്ന് തെറ്റിന് പരിഹാരമായി മമ്മൂട്ടിയുടെ കഥാപാത്രമായ റേപ്പിസ്റ്റ് ഒടുവില്‍ അവളെ സ്വീകരിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. റേപ്പ് ചെയ്യാനിടയാക്കിയ കാരണം മഴയും ഇരുട്ടും റേപ്പിസ്റ്റിന്റെ ഭാര്യ ഹൃദ്രോഗം മൂലം മരിച്ച ഒരു സ്ത്രീയാണ് എന്നുള്ളതുമാണ്. റേപ്പിസ്റ്റിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന സിനിമയില്‍ മമ്മൂട്ടിക്ക് പകരം അന്നത്തെ വില്ലന്‍ വേഷം അഭിനയിക്കുന്ന ഏതെങ്കിലും നടന്‍ ആയിരുന്നെങ്കില്‍ എന്ന് ഒന്ന് ഓര്‍ത്തു നോക്കൂ. കഥയിലെ കഥയില്ലായ്മയെ തിരിച്ചറിയാന്‍ നമുക്ക് അങ്ങനെയൊക്കെ സങ്കല്‍പ്പിച്ചാലേ മനസ്സിലാകൂ.

രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത 1995-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ദി കിംഗ്. മമ്മുട്ടിയുടെ കളക്‌ടര്‍, വാണി വിശ്വനാഥ് ചെയ്ത അസിസ്റ്റന്‍റ് കളക്ടര്‍ അടിക്കാന്‍ കൈയെത്തുമ്ബോള്‍ തടഞ്ഞുനിര്‍ത്തി പറയുന്ന ഡയലോഗ് തീയേറ്ററില്‍ ഹര്‍ഷാരവം സൃഷ്ടിച്ച ഒന്നാണ്.മേലില്‍ എന്റെ നേരെ കൈയ്യുയര്‍ത്തരുത് എന്നോ മേലില്‍ ഒരാളുടെ നേരെയും അടിക്കാന്‍ കൈ ഉയരരുത് എന്നോ ഒന്നുമല്ല പറയുന്നത്. മേലില്‍ ഒരാണിന്റെ നേരേയും നിന്‍റെ ഈ കൈ പൊങ്ങരുത് എന്നാണ് പറയുന്നത്. തിയേറ്ററിലിരുന്ന സകല റേഞ്ചിലുള്ള പുരുഷന്മാര്‍ അതായത് പിടിച്ചുപറിക്കാര്‍, ബലാത്സംഗക്കാര്‍ മുതല്‍ മര്യാദ പുരുഷോത്തമന്‍ വരെ അവിടെയിരുന്ന ഏതൊരു പെണ്ണിനെകാളും ഏറെയാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു, ചിരിച്ചു, കൈയ്യടിച്ചു പാസാക്കിയ ഡയലോഗ്. ആണിനെ അടിക്കാന്‍ മാത്രം ഒരു പെണ്ണും വളര്‍ന്നിട്ടില്ല എന്ന്. ഇനിയെങ്ങാനും മുമ്ബില്‍ നില്‍ക്കുന്നത് ഒരു ആഭാസനായ ആണായാല്‍ പോലും അടിക്കാന്‍ കൈ പൊങ്ങുമ്ബോള്‍ ജോസഫ് അലക്സാണ്ടറെ ഓര്‍ക്കണം, ആ തീപ്പൊരി ഡയലോഗ് ഓര്‍ത്ത് കൈ അറിയാതെ താഴണം.

ഷാജി കൈലാസ്, രഞ്ജിത് കൂട്ടുകെട്ടില്‍ 2000-ല്‍ പിറന്ന മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ സിനിമയാണ് നരസിംഹം. കലാശക്കൊട്ടും കഴിഞ്ഞു നായികയെ നായകന്‍ പ്രൊപ്പോസ് ചെയ്യുന്ന സീന്‍. നായികയെ പുളകിതയാക്കി ആ ഡയലോഗിന്റെ പൊയറ്റിക് ഭാഷയൊക്കെ ഒഴിവാക്കിയാല്‍ അര്‍ത്ഥമിതാണ്. രാത്രി എനിക്ക് തോന്നുന്ന സമയത്ത് വന്നാല്‍ വാതില്‍ തുറന്നു തരാനും, ഞാന്‍ അടിച്ചും ചവിട്ടിയും കൊല്ലാന്‍ ആക്കുമ്ബോള്‍ മിണ്ടാതിരുന്നു സഹിക്കാനും, എന്‍റെ മക്കളെ പെറ്റു കുലസ്ത്രീയായി ജീവിക്കാനും, എനിക്കെന്തെങ്കിലും പറ്റുമ്ബോള്‍ അലറി കരയാനും പറ്റുമെങ്കില്‍ എന്‍റെ കൂടെ പോന്നോ. തിരിച്ചൊന്നും പ്രതീക്ഷിക്കേണ്ട എന്ന് . ഏതൊരു പെണ്ണിനെയും ഹര്‍ഷോന്മാദത്തിലാക്കുന്ന പ്രൊപ്പോസല്‍. അതുകേട്ട് മയങ്ങി നായകന്‍റെ കൂടെ ഓടിപ്പോകുന്ന നായിക. രഞ്ജിത്തിന്റെ നല്ല പ്രായത്തില്‍ എഴുതിയ ഡയലോഗാണ്. ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

അച്ചുവിന്‍റെ അമ്മ അടക്കം ഒരുപാട് നല്ല തിരക്കഥകള്‍ എഴുതിയിട്ടുള്ള രഞ്ജന്‍ പ്രമോദ് 2002-ല്‍ തിരക്കഥയെഴുതി പുറത്തുവന്ന സിനിമയാണ് മീശമാധവന്‍. രാത്രി വീട്ടില്‍ കയറുന്ന കള്ളന്‍ ഉറങ്ങിക്കിടക്കുന്ന നായികയെ നോക്കി ഒരു റേപ്പ് അങ്ങ് വെച്ച്‌ തന്നാലുണ്ടല്ലോ എന്ന് പറയുന്നതിന്റെ പൊളിറ്റിക്കല്‍ കറക്‌ട്നെസ് നമുക്ക് ഒരിക്കലും ചോദ്യം ചെയ്യാന്‍ കഴിയില്ല. പക്ഷേ അതിലേക്ക് നയിച്ച കാരണം സൂക്ഷ്മമായി നോക്കിയാല്‍ ഹീനമായ ഒരു ആണ്‍ചിന്ത കടന്നു വരുന്നുണ്ട്. അത് നമ്മുടെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. തന്നെ ചോദ്യം ചെയ്യുന്ന, വെല്ലുവിളിക്കുന്ന പെണ്ണിനെ തരം കിട്ടിയാല്‍ റേപ്പ് ചെയ്ത് പകരം വീട്ടും എന്നു തോന്നുന്ന ആണ്‍ചിന്തയെ അവതരിപ്പിക്കുന്ന രീതി തിയേറ്ററില്‍ കയ്യടിച്ച്‌ സ്വീകാര്യത കിട്ടുന്ന തരത്തില്‍ ആക്കിയത് സമൂഹത്തോട്, യുവജനങ്ങളോട് പ്രത്യേകിച്ച്‌ സ്ത്രീകളോട് ചെയ്ത അനീതിയാണ്. രഞ്ജന്‍ പ്രമോദില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല.

2012-ല്‍ ഉദയകൃഷ്ണ, സിബി കെ തോമസ് എഴുതി സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകന്‍ ഒരുകാലത്ത് രജനീകാന്ത് അഭിനയിച്ച 'സ്ത്രീകളെ നന്നാക്കല്‍' റോളുകളെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്. ആണിന്‍റെ സപ്പോര്‍ട്ട് ഇല്ലാതെയും ജീവിക്കാം എന്നു കരുതുന്ന സ്ത്രീയെ ഉപദേശിച്ചും വേണ്ടിവന്നാല്‍ അടിച്ചും കുലസ്ത്രീ ആക്കി മാറ്റുക എന്നത് ഏതൊരാണിന്റെയും കടമയാണെന്ന് ഓര്‍മിപ്പിക്കുന്ന സ്ക്രിപ്റ്റ്. മേമ്ബൊടിയായി പെണ്ണിന്റെ അഹങ്കാരം ഒന്ന് കൂട്ടി കാണിച്ചാല്‍ ഏതുതരം ആളുകളെയും രസിപ്പിക്കുന്ന ഒരു എന്റര്‍ടെയിനര്‍ ആയി മാറുമെന്ന ടെക്നിക്കും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്.

അടിമുടി സ്ത്രീവിരുദ്ധത കൊണ്ട് അമ്മാനമാടി അതിനു ഫാമിലി എന്റര്‍ടെയിനര്‍ എന്ന പേര് കൊടുക്കാന്‍ ചങ്കൂറ്റം കാണിച്ച സിനിമയാണു 2014-ല്‍ ഇറങ്ങിയ റാഫി എഴുതി സംവിധാനം ചെയ്ത റിംഗ് മാസ്റ്റര്‍. സംശയം തോന്നുന്നുണ്ടെങ്കില്‍ നായയുടെ പേര് കൊടുത്ത നായികയ്ക്ക് പകരം നായകനെയും നായകന്‍റെ സ്ഥാനത്ത് നായികയുമാക്കി ചിന്തിച്ചു നോക്കിയാല്‍ മതി. സിനിമ ജനപ്രിയമാകുന്നത് പോയിട്ട് അങ്ങനെ ഒരു സിനിമ തിയേറ്റര്‍ പോലും കാണില്ലായിരുന്നു. സ്ത്രീകളെ insult ചെയ്യുന്നത് കാണാന്‍ പൊതുസമൂഹത്തിന് ഉള്ള താല്പര്യം മുതലെടുത്ത സിനിമയാണ് റിംഗ് മാസ്റ്റര്‍.

1989-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് നമ്മുടെ ജഗദീഷ് എഴുതി കെ.മധു സംവിധാനം ചെയ്ത അധിപന്‍. റേപ്പ് ചെയ്യപ്പെട്ട അനിയത്തിയെ റേപ്പിസ്റ്റിനെ കൊണ്ട് കെട്ടിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന നായകനാണ് കഥയുടെ നട്ടെല്ല്. റേപ്പ് വിക്ടിംസിനെ റേപ്പിസ്റ്റിന് കൊണ്ടുതന്നെ കെട്ടിച്ച്‌ കോംപ്രമൈസ് ആക്കുന്നത് എത്ര നീചമായിരിക്കും എന്ന് മനസ്സിലാക്കാന്‍ ഗോവിന്ദച്ചാമിയെ പോലുള്ളവരെ വെച്ച്‌ ഒന്ന് ചിന്തിച്ചാല്‍ മതി.

അധിപനിലെ നായകന്‍റെ അതേ രീതിയില്‍ ചിന്തിക്കുന്ന മറ്റൊരു നായികനാണ് 1996-ല്‍ ഹിറ്റ്ലര്‍ എന്ന സിനിമയില്‍ സിദ്ദിഖ് സൃഷ്ടിച്ചിരിക്കുന്നത്. വിക്ടിംസിനോട് അഭിപ്രായം ചോദിക്കേണ്ട ആവശ്യം പോലുമില്ല എന്നു തോന്നിക്കുന്ന വിധം. അന്നത്തെ സമൂഹ ചിന്താരീതി മൊത്തത്തില്‍ ഒരു പക്ഷേ അങ്ങനെ ആയിരിക്കാം. അതിനുമേല്‍ ചിന്തിക്കാന്‍ എഴുത്തുകാരനും കഴിയാതെപോയി.

2007-ല്‍ പുറത്തിറങ്ങിയ സച്ചി-സേതുവിന്റെ ചോക്കലേറ്റ് ചിത്രത്തിലെ ഒരു ഡയലോഗ് ഉണ്ട് - 'ഞാന്‍ ഒന്ന് അറിഞ്ഞു പെരുമാറിയാല്‍ 10 മാസം കഴിഞ്ഞെ നീയൊക്കെ പിന്നെ ഫ്രീ ആകു.' പൃഥ്വിരാജ് പിന്നീട് ക്ഷമ ചോദിച്ചത് വളരെ നല്ല മുന്നേറ്റമായി കരുതുമ്ബോഴും എഴുത്തുകാരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും പഴി കേള്‍ക്കേണ്ടതും എന്നത് മറച്ചു വെക്കാന്‍ കഴിയില്ല.

ഈയടുത്ത് ഏറ്റവുമധികം വിവാദമായ കസബ ഈയൊരു ട്രെന്‍ഡ് അവസാനിച്ചിട്ടില്ല എന്നതിന്‍റെ സൂചന തരുന്നതോടൊപ്പം ആളുകള്‍ പ്രതികരിക്കുന്നു എന്ന പ്രതീക്ഷയും നല്‍കുന്നുണ്ട് .

പുതിയ എഴുത്തുകാര്‍, സംവിധായകര്‍, നടി-നടന്‍മാര്‍, പ്രേക്ഷകര്‍ ഇതിനെതിരെ രംഗത്ത് വരുന്നുണ്ട് എന്നത് ശുഭസൂചകമാണ് . സര്‍ഗശേഷിയുള്ള, ഒരു തരത്തിലുള്ള ഡിസ്ക്രിമിനേഷനെയും ഗ്ലോറിഫൈ ചെയ്യാത്ത ഒരു തലമുറ ജീവിതത്തോടൊപ്പം സിനിമയില്‍ ഉയര്‍ന്നുവരുന്നത് കണ്ടു നമുക്കൊരുമിച്ച്‌ കയ്യടിക്കാം .

Related News