Loading ...

Home cinema

ജയിച്ചുകയറി അര്‍ജുന്‍

ഹരിശ്രീ അശോകന്റെ മകനെന്ന മേല്‍വിലാസത്തിലാണ‌് സിനിമാലോകത്തേക്ക‌് അര്‍ജുന്റെ പ്രവേശനം. ഏഴുവര്‍ഷം മുമ്ബ‌് ഓര്‍ക്കുട്ട‌് ഒരു ഓര്‍മക്കൂട്ട‌് എന്നതായിരുന്നു ചിത്രം. നവാഗത സംവിധായകനൊരുക്കിയ ചിത്രം വേണ്ടത്ര വിജയിച്ചില്ല. പിന്നെ രണ്ടുവര്‍ഷത്തേക്ക‌് അര്‍ജുന്‍ സിനിമയിലില്ലായിരുന്നു. 2014 ല്‍ ടു ലെറ്റ‌് അമ്ബാടി ടാക്കീസ‌് ആയിരുന്നു അടുത്ത ചിത്രം. അന്തരിച്ച നടന്‍ സൈനുദ്ദീന്റെ മകന്‍ സിനിലും അര്‍ജുനും നായകരായെത്തിയ ചിത്രം. പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞ‌് നടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധായകനായ പറവയില്‍ അതിഗംഭീരമായി ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ‌് അര്‍ജുന്‍ തിരിച്ചെത്തിയത‌്. ഇതിലെ അഭിനയത്തിന‌് മികച്ച നവാഗത നടനുള്ള സൈമ പുരസ‌്കാരവും ലഭിച്ചു. തൊട്ടുപിന്നാലെ പോയവര്‍ഷം അര്‍ജുന്റേതായി ഇറങ്ങിയത‌് മൂന്നു ചിത്രങ്ങളാണ‌്.
ബി ടെക‌്, വരത്തന്‍, മന്ദാരം എന്നീ മൂന്നിലും അഭിനയത്തിന്റെ വ്യത്യസ‌്ത തലങ്ങള്‍ കാഴ‌്ചവച്ച‌് അര്‍ജുന്‍ കൈയടി നേടി. വരത്തനിലെ നെഗറ്റീവ‌് ഷേഡുള്ള കഥാപാത്രം ഏറെ ശ്രദ്ധനേടി. അച്ഛന്റെ മേല്‍വിലാസം പതുക്കെവിട്ട‌് മലയാള സിനിമയില്‍ തന്റേതായ ഇടം അര്‍ജുന്‍ നേടി.
ഇതിനിടെ എട്ടുവര്‍ഷം നീണ്ട പ്രണയം വിവാഹത്തിലുമെത്തി. എറണാകുളം സ്വദേശിനിയും ഇന്‍ഫോപാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നികിതയാണ‌് വധുവായത‌്. 2019ല്‍ അര്‍ജുന്‍ എത്തിയത‌് 'ജൂണി'ലാണ‌്. ജൂണിലെ ആനന്ദ‌് ഏറെ ഹൃദ്യമായി അര്‍ജുന്‍ അവതരിപ്പിച്ചു. ജൂണില്‍ പൊലീസ‌് കോണ്‍സ‌്റ്റബിളായിട്ടാണ‌് എത്തിയതെങ്കിലും യൂണിഫോമില്‍ സീനുകള്‍ വിരളമായിരുന്നു. എന്നാലിത്തവണ പൊലീസായിത്തന്നെയാണ‌് അര്‍ജുനെത്തുന്നത‌്. അനുരാഗ കരിക്കിന്‍വെള്ളത്തിനുശേഷം ഖാലിദ‌് റഹ‌്മാന്‍ സംവിധാനംചെയ്യുന്ന ഉണ്ടയിലാണ‌് അര്‍ജുന്‍ എത്തുന്നത‌്. മമ്മൂട്ടി നായകനാകുന്ന കോമഡി ആക‌്ഷന്‍ ചിത്രത്തില്‍ ഗിരീഷ‌് ടി പി എന്നാണ‌് അര്‍ജുന്റെ കഥാപാത്രം. മറ്റൊരു മികച്ച കഥാപാത്രമായിരിക്കുമിതെന്നാണ‌് പ്രേക്ഷകപ്രതീക്ഷ. നക‌്സല്‍ മേഖലയില്‍ തെരഞ്ഞെടുപ്പ‌് ഡ്യൂട്ടിക്കെത്തുന്ന ഒരുസംഘം പൊലീസ‌് ഉദ്യോഗസ്ഥരുടെ കഥയാണ‌് ചിത്രം പറയുന്നത‌്. അര്‍ജുന്റെ ക്യാരക്ടര്‍ പോസ‌്റ്റര്‍ ഫേസ‌്ബുക്കില്‍ റിലീസായതിന‌് വന്‍ സ്വീകാര്യതയാണ‌് ലഭിച്ചത‌്.

Related News