Loading ...

Home cinema

'ഉയരെ 'സ‌്ത്രീപക്ഷ സിനിമയല്ല; എന്തുകൊണ്ട‌് ഈ സിനിമ എന്നതിന‌് ഉത്തരമുണ്ട‌്

''ബുദ്ധിയുണ്ട്, ഹൃദയമുണ്ട്, സൗന്ദര്യത്തെ നമുക്ക് മറ്റൊരു രീതിയില്‍ നിര്‍വചിച്ചുകൂടെ.....'' 'ഉയരെ' സിനിമയില്‍ ടൊവിനൊയുടെ കഥാപാത്രമായ വിശാല്‍ രാജശേഖരന്‍ പറയുന്ന ഈ വാക്കുകള്‍ തൊടുന്നത് പ്രേക്ഷകഹൃദയത്തിലാണ്. മനസ്സില്‍ ആഴത്തില്‍ ഇടംപിടിക്കുന്ന കഥ, പുരോ​ഗമ നപരമായ ഉള്ളടക്കം, സ‌്ത്രീ കേന്ദ്രീകൃതമായ ആവിഷ്കാരം, വേറിട്ട അവതരണ ശൈലി, പുതുമുഖ സംവിധായകന്റെതെന്ന‌് തിരിച്ചറിയാനാകാത്തവിധം കൈത്തഴക്കംവന്ന പരിചരണം അങ്ങനെ പോകും ഉയരെയുടെ വിശേഷങ്ങള്‍. ആദ്യ സിനിമയിലൂടെ സാന്നിധ്യമറിയിയിക്കുക മാത്രമല്ല മനുഅശോകന്‍ എന്ന സംവിധായകന്‍, ആസ്വാദകരുടെ ഹൃദയത്തിലിടം തേടുകയുമാണ‌്. ആസിഡാക്രമണത്തിനിരയായിട്ടും മനസ്സ‌് പൊള്ളാതെ അതീജിവിക്കുന്ന പെണ്‍കുട്ടിയുടെ കഥ അ​ഗാധമായ മനുഷ്യപ്പറ്റോടെ അവതരിപ്പിക്കുന്നു മനു അശോകന്‍. ഇരകളാക്കപ്പെട്ട‌് ചവിട്ടിയരയ‌്ക്കപ്പെടുന്ന ജീവിതങ്ങള്‍ക്ക‌് അന്തസ്സോടെ ആത്മാഭിമാനത്തോടെ ഉയരാന്‍ ആകാശങ്ങളുണ്ടെന്ന‌് 'ഉയരെ 'കാണിച്ചുതരുന്നു. മലയാളസിനിമയ‌്ക്ക‌് പുതിയ ഉയരങ്ങള്‍ കണ്ടെത്താനിതാ ഒരു പുത്തന്‍ സംവിധായകന്‍ എന്ന‌് സധൈര്യം പറയുന്നു സിനിമ. 'ഉയരെ' അനുവാചകഹൃദയങ്ങളില്‍ പുതിയ ഉയരങ്ങള്‍ തേടുമ്ബോള്‍ സിനിമാസങ്കല്‍പ്പത്തെപ്പറ്റി, കടന്നുവന്ന വഴികളെപ്പറ്റി മനു അശോകന്‍ സംസാരിക്കുന്നു. സ‌്ത്രീപക്ഷമല്ല മനുഷ്യപക്ഷം 'ഉയരെ 'സ‌്ത്രീപക്ഷസിനിമയെന്ന കളത്തില്‍ ചേര്‍ക്കുന്നത‌് ശരിയായ വിലയിരുത്തലാകില്ല. തീര്‍ച്ചയായും അതൊരു സ‌്ത്രീ കേന്ദ്രീകൃത കഥയാണ‌്. ഇരകളാക്കപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥയാണിത‌്. അതില്‍ പ്രധാനം സ‌്ത്രീ കഥാപാത്രമാണ‌്. പല്ലവി രവീന്ദ്രന്‍ എന്ന നായികയെ ഉജ്വല അനുഭവമാക്കി പാര്‍വതി. ആസിഫ‌് അലിയും ടൊവിനൊയും കഥാപാത്രങ്ങളെ അടയാളപ്പെടുത്തി. കാമ്ബുള്ള തിരക്കഥ ഒരുക്കിയ ബോബി--സഞ്ജയ‌്മാരുടെ സിനിമകൂടിയാണിത്. നായികാ പ്രധാനമായ കഥപോലെ നിര്‍മാതാക്കള്‍ വനിതകളാണെന്ന, അതും നവാഗതര്‍, എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഷെനൂഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ‌് നിര്‍മാതാക്കള്‍. ശ്രദ്ധേയനായ നിര്‍മാതാവ‌് പി വി ഗംഗാധരന്റെ ( ഗൃഹലക്ഷ‌്മി പ്രൊഡക‌്ഷന്‍സ‌്) മക്കള്‍. കൂടാതെ, നിരവധി സ‌്ത്രീകള്‍ സിനിമയുടെ മുന്നണിയിലും പിന്നണിയിലുമുണ്ട‌്. എല്ലാവരുടെയും കൂട്ടായ‌്മയുടെ വിജയമാണിത്. വിജയത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ട‌്. എന്തുകൊണ്ട‌് ഈ സിനിമ എന്നതിന‌് ഉത്തരമുണ്ട‌്. ഇത‌് ഇന്നു പറയേണ്ട കഥയാണ‌്. ആസിഡാക്രമണത്തിനിരയായ യുവതികള്‍ അനുഭവിക്കുന്ന അവഗണനകള്‍, മുഖംതിരിക്കലുകള്‍, സംഘര്‍ഷങ്ങള്‍ ഒന്നും കേരളത്തില്‍ ഇല്ലല്ലോ എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. ഞങ്ങള്‍ ഈ സിനിമയെക്കുറിച്ച‌് ചര്‍ച്ച ചെയ്യുമ്ബോള്‍ ആസിഡാക്രമണങ്ങള്‍ ഇവിടെ അത്രവലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇപ്പോഴോ. കാമുകിയെ മണ്ണെണ്ണയൊഴിച്ച‌് കത്തിക്കല്‍, ആസിഡാക്രമണം എല്ലാം നമ്മുടെ നാട്ടിലും കടന്നുവന്നു കഴിഞ്ഞു. പുരുഷാധിപത്യ സമീപനത്തെയാണീ സിനിമ പരാമര്‍ശിക്കുന്നത‌്. മുഖസൗന്ദര്യമാണ‌് നമുക്കിന്നും അഴകിന്റെ അളവുകോല്‍. ശരാശരി മുഖസൗന്ദര്യമുള്ളൊരു സ്ത്രീ നല്ല വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ സുന്ദരിയാണ്. വ്യക്തിത്വമാണ‌് പ്രധാനം. നോക്കുന്നയാളുടെ കണ്ണിലാണ് മറ്റൊരാളുടെ സൗന്ദര്യം. എന്നാല്‍ മുഖസൗന്ദര്യമാണിന്നും അവസാന വാക്ക്. ആസിഡ് ആക്രമണം നേരിട്ട സ്ത്രീ ഹൃദയത്തില്‍ നന്മയുള്ളവളാണെങ്കില്‍ സുന്ദരിയാണെന്ന് 'ഉയരെ ' പറയുന്നുണ്ട‌്, ഇത‌് നമ്മള്‍ ശീലിച്ചുവന്ന ബോധത്തെ തിരുത്താനാണ്. പുരുഷനും കുട്ടികളും ഇരകളാക്കപ്പെടുമ്ബോള്‍ തീര്‍ച്ചയായും സിനിമ അവരുടെ പക്ഷത്താകും, ആരാണ‌് ഇര, ആരാണ‌് അതീജിവിക്കേണ്ടവര്‍ എന്നതാണ‌് വിഷയം. മനുഷ്യരായി തൊഴിലെടുത്ത‌് ജീവിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകണം. സിനിമയ‌്ക്ക‌് നല്ല പ്രതികരണമുണ്ടായതില്‍ സന്തോഷമുണ്ട‌്. നല്ല സ്വീകാര്യതയാണ‌് തിയറ്റുകളില്‍. സിനിമ കണ്ട‌് നിരവധി രക്ഷിതാക്കള്‍, അച്ഛനമ്മമാര്‍, യുവതികള്‍ അങ്ങനെ പല തുറകളിലുള്ളവര്‍ വിളിക്കുന്നു. വല്ലാതെ സ‌്പര്‍ശിച്ചതായി അവര്‍ പറയുമ്ബോള്‍ അതാണ‌് വലിയ അംഗീകാരമായി തോന്നുന്നത‌്. ട്രാഫിക്കിലെ വെളിച്ചം
മലയാളത്തിന്റെ പുതുസിനിമയുടെ ട്രാഫിക്കിന‌് ദിശകാട്ടിയ രാജേഷ‌് പിള്ളയുടെ കൂടെയായിരുന്നു മനു ഏറെക്കാലം. രാജേഷിനെ ഇപ്പോള്‍ എങ്ങനെ ഓര്‍ക്കുന്നുവെന്ന‌ ചോദ്യത്തിന‌് മനുവിന്റെ മറുപടി ഇങ്ങനെ.'രാജേ‌ഷ‌് പിള്ളയെ മറന്നിട്ടുവേണ്ടെ ഓര്‍ത്തെടുക്കാന്‍, പിള്ളേച്ചന്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ എന്നും ഓര്‍ത്തുകൊണ്ടിരിക്കുന്ന സാന്നിധ്യമാണ‌്. എനിക്ക‌് ചേട്ടനായിരുന്നു. സഹോദരനെ ആര്‍ക്ക‌് മറക്കാനാകും.'
സിനിമാലോകത്ത‌് ഒരു വ്യാഴവട്ടമായി മനുവുണ്ട‌്. 2007ല്‍ അന്തിപ്പൊന്‍വെട്ടം എന്ന സിനിമയുടെ അസി. ഡയറക്ടറായാണ‌് തുടക്കം. സംവിധായകരായ നന്ദകുമാര്‍ കാവില്‍, ദിലീഷ‌് പോത്തന്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ഇരുപതോളം സിനിമകളില്‍ പങ്കാളിയായി. കോഴിക്കോട‌് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശിയാണ‌് മനു. ബാലസംഘത്തിന്റെ കലാസംഘമായ വേനല്‍ട്രൂപ്പായിരുന്നു തന്റെ കലാപ്രവേശതട്ടകമെന്ന‌് പറയാന്‍ മടിയില്ല മനുവിന‌്. നാടകപ്രവര്‍ത്തകന്‍ കൂടിയായ ചേമഞ്ചേരി പഞ്ചായത്ത‌് പ്രസിഡന്റ‌് അശോകന്‍ കോട്ടിന്റെയും ഖാദിബോര്‍ഡില്‍നിന്ന‌് വിരമിച്ച നളിനിയുടെയും മകന്‍. തിരുവങ്ങൂര്‍ സൈരിയിലൂടെ നാടകവുമായി അരങ്ങുകളും തെരുവുകളിലും നിറഞ്ഞ യൗവ്വനം. കാക്കനാട്ടെ സ‌്കൂള്‍ ഓഫ‌് വിഷ്വല്‍ കമ്യൂണിക്കേഷനില്‍നിന്ന‌് പിജി ഡിപ്ലോമ. കാലടി സംസ‌്കൃത വാഴ‌്സിറ്റിയില്‍നിന്ന‌് തിയറ്ററില്‍ ബിരുദാനന്തരബിരുദം. ചെഗുവേരയായി അഭിനയിച്ച നാടകം സംവിധാനം ചെയ‌്ത കാലടിക്കാലവും മറക്കാനാകില്ല മനുവിന‌്. ദിലീഷ‌് പോത്തന്‍, അപ്പാനി ശരത്, സുരഭി, വിജിലേഷ‌്, രജീഷ‌് പുറ്റാട‌്.. മലയാള സിനിമയിലെ നവതരംഗങ്ങളായ കാലടി വാഴ‌്സിറ്റിക്കാരുടെ പുതിയ മുഖമാണ‌് മനു. കുടുംബവിശേഷം 'ഉയരെ 'യില്‍ അധികമാരും അറിയാത്ത കുടുംബവിശേഷവുമുണ്ട‌് മനുവിന‌് അഭിമാനിക്കാന്‍. സിനിമയുടെ വസ‌്ത്രാലങ്കാരം നിര്‍വഹിച്ചത‌് ജീവിതസഖി ശ്രേയ അരവിന്ദാണ‌്. രണ്ടരവയസ്സുകാരി ഗാര്‍ഷ്യയുടെ അമ്മമാത്രമല്ല കലാജീവിതത്തിലും സഹപ്രവര്‍ത്തകയാണ‌് മനുവിന‌് ശ്രേയ. അസുരവിത്ത‌്, ഹേപ്പി ജേണി തുടങ്ങി നിരവധി സിനിമകളില്‍ കോസ‌്റ്റ്യൂം ഡിസൈനറായ സജീവ ചലച്ചിത്രപ്രവര്‍ത്തകയുമാണ‌് ശ്രേയ.

Related News