Loading ...

Home USA

ഇറാഖിലെ നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് തിരിച്ചു വിളിച്ചു

വാഷിംഗ്ടണ്‍: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ എംബസിയിലെയും ഇര്‍ബിലിലെ കോണ്‍സുലേറ്റിലെയും അത്യാവശ്യക്കാരല്ലാത്ത മുഴുവന്‍ ഉദ്യോഗസ്ഥരും നാട്ടില്‍ തിരിച്ചെത്തണമെന്ന് യു.എസ് നിര്‍ദേശം. ഇറാഖിന്റെ അയല്‍രാജ്യമായ ഇറാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് യു.എസ് നിര്‍ദേശം. മേഖലയിലെ തങ്ങളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണത്തിനൊരുങ്ങുന്നതായി യു.എസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. യു.എസ് വിരുദ്ധ മിലീഷ്യകളുള്‍പ്പെടെയുള്ള തീവ്രവാദസംഘങ്ങള്‍ സജീവമായതിനെ തുടര്‍ന്ന് ഇറാഖിലെ എംബസികളുടെ പ്രവര്‍ത്തനം ഭാഗികമായി റദ്ദാക്കിയതായും സ്‌റ്റേറ്റ് ഡിപ്പാര്‍ട്മന്റെ് അറിയിച്ചു. ഇറാഖിലെ യു.എസ് പൗരന്‍മാര്‍ക്കും പാശ്ചാത്യ കമ്ബനികള്‍ക്കും ഈ സംഘങ്ങള്‍ ഭീഷണിയുയര്‍ത്തുന്നതായും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പിന്തുണയുള്ള സൈന്യത്തിന്റെ സഹായത്തോടെ കുഴപ്പത്തിനു ശ്രമിക്കുന്നുവെന്നാരോപിച്ച്‌ ഇറാഖി നഗരമായ ബസ്‌റയിലെ കോണ്‍സുലേറ്റ് യു.എസ് കഴിഞ്ഞവര്‍ഷം അടച്ചുപൂട്ടിയിരുന്നു. 2015ല്‍ ഒപ്പുവെച്ച ആണവകരാറില്‍നിന്ന് കഴിഞ്ഞ മേയില്‍ പിന്മാറിയതോടെയാണ് യു.എസും ഇറാനും തമ്മിലുള്ള ബന്ധം യുദ്ധസമാനമായത്. ഇറാന്‍ ആണവകരാറില്‍നിന്ന് പിന്മാറുമെന്നത് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇറാനെ അസ്ഥിരപ്പെടുത്തുന്നതിന് പിന്തുണ തേടി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞാഴ്ച ഇറാഖില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.

Related News