Loading ...

Home International

നേതാജി ഫയലുകള്‍ കൈമാറണമെന്ന് റഷ്യയോട് ഇന്ത്യ

മോസ്‌കോ: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ റഷ്യയുടെ പക്കല്‍ ഉണ്ടെങ്കില്‍ ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ഉറപ്പ് നല്‍കി.നേതാജിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന്‍െറ കൈവശമുള്ള രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. തുടര്‍ന്ന് നേതാജിയുമായി ബന്ധപ്പെട്ടുള്ള 130 രഹസ്യ ഫയലുകള്‍ അദ്ദേഹത്തിന്‍െറ 118ാം ജന്മവാര്‍ഷികമായ 2016 ജനുവരി 23ന് പുറത്തുവിടുമെന്ന് കേന്ദ്രം അറിയിച്ചു. ബംഗാള്‍ സര്‍ക്കാരിന്‍െറ കൈവശമുണ്ടായിരുന്ന 64 രഹസ്യരേഖകള്‍ സെപ്തംബറില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1964 വരെ നേതാജി ജീവിച്ചിരുന്നതായുള്ള സൂചനകള്‍ രഹസ്യരേഖകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.1945 ആഗസ്റ്റ് 18ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഇന്നത്തെ തായ് വാനില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നേതാജി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ജപ്പാന്‍ റേഡിയോയാണ് പുറത്തുവിട്ടത്. എന്നാല്‍, സംഭവത്തിന് ഒരു തെളിവുകളുമില്ലാത്തതിനാല്‍ നേതാജി മരണപ്പെട്ടില്ലെന്നും തിരിച്ചുവരുമെന്നും അദ്ദേഹത്തിന്റെ അനുയായികളും കുടുംബാംഗങ്ങളും വാദിച്ചു. സോവിയറ്റ് യൂനിയനിലെ ലേബര്‍ ക്യാമ്പില്‍ അദ്ദേഹം അകപ്പെടുകയായിരുന്നെന്നും അതല്ല 1969ല്‍ പാരീസില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടതായുമൊക്കെയുള്ള വിവിധ വിശദീകരണങ്ങള്‍ പലഘട്ടത്തില്‍ പുറത്തുവന്നു. സര്‍ക്കാര്‍ നിയോഗിച്ച മൂന്ന് അന്വേഷണ കമീഷനുകള്‍ക്കും സംഭവത്തിലെ ദുരൂഹത നീക്കാനായില്ല. ലോകത്തിന്‍െറ പലഭാഗങ്ങളിലും നേതാജിയെ കണ്ടതായി പലരെയും ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Related News