Loading ...

Home sports

പ്രീമിയര്‍ ലീഗില്‍ ഇനി പീറ്റര്‍ ചെക്കില്ല, കളി നിര്‍ത്തുന്നത് ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കി

പ്രീമിയര്‍ ലീഗ് ഇതിഹാസം പീറ്റര്‍ ചെക്ക് ഇനി ഗോള്‍ വല കാക്കില്ല. ഈ സീസണ്‍ അവസാനത്തോടെ കളി നിര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച ചെക്ക് ഇന്ന് ആഴ്സണലിന്റെ ബേണ്‍ലിക്ക് എതിരെയുള്ള കളിയോടെ ആണ് വിട പറയുന്നത്. അവസാന ലീഗ് മത്സരത്തില്‍ ബെഞ്ചില്‍ ആയിരുന്നെങ്കിലും യൂറോപ്പ ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ ചെക്കിന് അവസാന അവസരം ലഭിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രീമിയര്‍ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ് താനെന്ന് നിസംശയം അവകാശപ്പെടാവുന്ന റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് ചെക്ക് ഗോള്‍ വലക്ക് മുന്നില്‍ നിന്ന് മാറുന്നത്. ചെല്‍സിക്ക് വേണ്ടിയും ആഴ്സണലിന് വേണ്ടിയും ഗോള്‍ വല കാത്ത വെറ്ററന്‍ താരം കളിക്കളത്തിലെ അങ്ങേയറ്റത്തെ മാന്യതയുടെ പേരിലും ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി. കിരീടങ്ങള്‍ കൊണ്ട് അലങ്കാരം തീര്‍ത്ത കരിയറിനാണ് മുന്‍ ചെക്ക് റിപബ്ലിക് ദേശീയ താരമായ ചെക്ക് അവസാനം കുറിക്കുന്നത്. 2004 ല്‍ സ്പാര്‍ട്ട പ്രേഗില്‍ നിന്ന് ചെല്‍സിയില്‍ എത്തിയ ചെക്ക് അവര്‍ക്കൊപ്പം 4 പ്രീമിയര്‍ ലീഗ് കിരീടങ്ങളും, 4 എഫ് എ കപ്പും, 3 ലീഗ് കപ്പും, 2 കമ്മ്യുണിറ്റി ഷീല്‍ഡും ഇംഗ്ലണ്ടില്‍ സ്വന്തമാക്കി. യൂറോപ്യന്‍ മത്സരങ്ങളില്‍ ചെല്‍സികൊപ്പം ഒന്ന് വീതം ചാമ്ബ്യന്‍സ് ലീഗും, യൂറോപ്പ ലീഗും നേടിയ ചെക്ക് ആഴ്സണലിന് ഒപ്പം ഒരു എഫ് എ കപ്പും 2 കമ്മ്യുണിറ്റി ഷീല്‍ഡും സ്വന്തമാക്കി. പ്രീമിയര്‍ ലീഗിലെ ഏതാനും റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചാണ് ചെക്ക് പടി ഇറങ്ങുന്നത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ക്ളീന്‍ ഷീറ്റുകള്‍ (24), പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്ളീന്‍ ഷീറ്റ് ഉള്ള ഗോളി( 202) എന്നീ റെക്കോര്‍ഡുകള്‍ ചെക്കിന്റെ പേരിലാണ്.

Related News