Loading ...

Home Education

രണ്ടു ലക്ഷത്തിലധികം കമ്ബ്യൂട്ടറുകള്‍ക്കായി കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ കമ്ബ്യൂട്ടറുകളില്‍ വിന്യസിക്കുന്നതിനായി 'ഐ.ടി.@സ്‌കൂള്‍ ഗ്‌നു/ലിനക്‌സ് 18.04' എന്ന പേരില്‍ പരിഷ്‌ക്കരിച്ച സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) പുറത്തിറക്കി. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എല്‍.ടി.എസ്. പതിപ്പ് അടിസ്ഥാനമാക്കിയാണിത്. സ്‌കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഓപറേറ്റിങ്ങ് സിസ്റ്റം എന്ന നിലയില്‍ മാത്രമല്ല, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഓഫീസ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന ഡി.ടി.പി സെന്ററുകള്‍, ഇന്റര്‍നെറ്റ് കിയോസ്‌കുകള്‍, സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍, കോളേജ് വിദ്യാര്‍ഥികള്‍, മറ്റു കമ്ബ്യൂട്ടര്‍ സേവന ദാതാക്കള്‍ തുടങ്ങിയവര്‍ക്കും സമ്ബൂര്‍ണ കമ്ബ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമായി ഈ ഓപറേറ്റിങ്ങ് സിസ്റ്റം സൗജന്യമായി ഉപയോഗിക്കാനാകും. ഉബുണ്ടു 18.04 റെപ്പോസിറ്ററിയില്‍ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫ്റ്റ്വെയറുകളും പുതിയ സോഫ്റ്റ്‌വെയര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്വെയറുകളും ഏറ്റവും പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഡേറ്റു ചെയ്യുകയും, സ്‌കൂള്‍ പാഠ്യപദ്ധതിക്കനുസരിച്ച്‌ കസ്റ്റമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മലയാളം കമ്ബ്യൂട്ടിങ് സാധ്യമാക്കുന്നതിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരം തന്നെ ഇതില്‍ സജ്ജീകരിച്ചിട്ടുമുണ്ട്. സ്‌കൂള്‍ ഐ.സി.ടി പാഠപുസ്തകങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന സോഫ്റ്റ്വെയറുകളെ കൂടാതെ പൊതു ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന സോഫ്റ്റ്വെയറുകളുടെ ബൃഹത്തായ ഒരു ശേഖരം തന്നെ 'ഐ.ടി.@സ്‌കൂള്‍ ഗ്‌നു/ലിനക്‌സ് 18.04' ല്‍ അടങ്ങിയിട്ടുണ്ട്.
ഓഫീസ് പാക്കേജുകള്‍, ഭാഷാഇന്‍പുട്ട് ടൂളുകള്‍, ഡാറ്റാബേസ് ആപ്ലിക്കേഷനുകള്‍, ഡി.ടി.പി-ഗ്രാഫിക്‌സ്-ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകള്‍, സൗണ്ട് റിക്കോര്‍ഡിങ്-വീഡിയോ എഡിറ്റിങ്-ത്രീഡി അനിമേഷന്‍ പാക്കേജുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കള്‍, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഡാറ്റാബേസ് സര്‍വറുകള്‍, മൊബൈല്‍ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേര്‍ഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ വിഷയങ്ങള്‍ ഐ.ടി ഉപയോഗിച്ച്‌ പഠിക്കാനായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്റ്റ്‌വെയറുകളായ ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാല്‍സ്യം, മാര്‍ബിള്‍, രാസ്‌മോള്‍, ജീപ്ലെയ്റ്റ്‌സ്, ഗെമിക്കല്‍, ജികോമ്ബ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷന്‍ലാബ്, തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈസ് ചെയ്തുമാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൈറ്റ് വിക്ടേഴ്‌സ്, സമഗ്ര പോര്‍ട്ടല്‍, സ്‌കൂള്‍ വിക്കി സൈറ്റുകളിലേക്ക് നേരിട്ടുതന്നെ ഊ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നുമെത്താം.
ഇതെല്ലാം ഉടമസ്ഥാവകാശമുള്ള (പ്രൊപ്രൈറ്ററി) ആപ്ലിക്കേഷനുകളാണെങ്കില്‍ കമ്ബ്യൂട്ടര്‍ ഒന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടി വരുമായിരുമായിരുന്നു. കാലാകാലങ്ങളായുള്ള അപ്‌ഡേഷനുകള്‍ വേണ്ടി വരുന്ന അധിക ചെലവ് ഇതിനു പുറമെയാണ്. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 60,000 ലാപ്‌ടോപ്പുകളിലും പുതിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ജൂണില്‍ വിന്യസിക്കുന്ന 55,000 ലാപ്‌ടോപ്പുകളിലും ഉള്‍പ്പെടെ സ്‌കൂളുകള്‍ക്കുള്ള രണ്ടുലക്ഷത്തിലധികം കമ്ബ്യൂട്ടറുകളില്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിന്യാസം അടുത്ത അദ്ധ്യന വര്‍ഷത്തിനു മുമ്ബുതന്നെ പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
രണ്ടു ലക്ഷത്തിലധികം കമ്ബ്യൂട്ടറുകളില്‍ ഒന്നരലക്ഷം രൂപ കണക്കാക്കി മൂവായിരം കോടി രൂപയുടെ സാമ്ബത്തിക ലാഭം ഇതുവഴി ലഭിക്കും. സാമ്ബത്തിക ലാഭത്തിനുപരി ആവശ്യാനുസരണം പങ്കുവക്കാനും മാറ്റം വരുത്താനും മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനും സ്വതന്ത്രസോഫ്റ്റ്വെയര്‍ കൊണ്ട് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സൗകര്യം.
ഐ.ടി@സ്‌കൂള്‍ പ്രോജക്ടിന്റെ (ഇപ്പോള്‍ കൈറ്റ്) നേതൃത്വത്തില്‍ നടന്നുവരുന്ന ഐ.സി.ടി പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെതന്നെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിന്യാസ പദ്ധതിയായി മാറിയിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുകൊണ്ടു മാത്രമാണ് സ്‌കൂള്‍ തലത്തില്‍ ഇത്ര വിപുലമായ ഐ.ടി. പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്താന്‍ സാധിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ തന്നെ പഠനവും പരിശീലനവും നിര്‍ബന്ധമാക്കി നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്.
കൈറ്റിന്റെ www.kite.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും സര്‍വീസസ്-> ഡൗണ്‍ലോഡ് ലിങ്ക് വഴി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴി വിപുലമായ തോതില്‍ പൊതുജനങ്ങള്‍ക്കും സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കാന്‍ കൈറ്റ് സംവിധാനമൊരുക്കും.

Related News