Loading ...

Home sports

മുംബൈയുടെ വിജയത്തിന് നിര്‍ണായകമായത് ആ റണ്ണൗട്ട്; തുറന്നുപറഞ്ഞ് സച്ചിന്‍

ഹൈദരാബാദ്: ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അത്യന്തം ആവേശകരമായ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്ണിന് മറികടന്നാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നാലാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. 59 പന്തില്‍ എട്ടു ഫോറും നാല് സിക്‌സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ മികവില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. എന്നാല്‍ വിജയം മുംബൈയ്ക്ക് ഒപ്പം നില്‍ക്കുകയായിരുന്നു. മത്സരത്തിനു പിന്നാലെ വിജയത്തില്‍ നിര്‍ണായകമായത് ചെന്നൈ നായകന്‍ എം എസ് ധോനിയുടെ റണ്ണൗട്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായ സച്ചിന്‍ തെണ്ടുല്‍ക്കര്‍. സീസണില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച ധോനി ഫൈനലില്‍ എട്ടു പന്തില്‍ നിന്ന് വെറും രണ്ടു റണ്‍സ് മാത്രമെടുത്ത് റണ്ണൗട്ടാകുകയായിരുന്നു. ഇതിന് പുറമേ അവസാനഓവറുകളില്‍ ചെന്നൈയെ പിടിച്ചുകെട്ടിയ ബുംറയെയും മലിംഗയെയും അഭിനന്ദിക്കാനും സച്ചിന്‍ മറന്നില്ല. ഇരു ബൗളര്‍മാരുടെയും പ്രകടനവും വിജയത്തില്‍ നിര്‍ണായകമായെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. മലിംഗ എറിഞ്ഞ അവസാനഓവറിലെ അവസാനപന്തില്‍ ഒരു പന്തില്‍ രണ്ടു റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച്‌ താക്കൂറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു മലിംഗ. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 13ാം ഓവറിലാണ് ധോനി പുറത്താകുന്നത്. ലസിത് മലിംഗയുടെ ഓവര്‍ത്രോയില്‍ രണ്ടാം റണ്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ത്രോയിലാണ് ധോനി റണ്ണൗട്ടാകുന്നത്. ഇതിനു പിന്നാലെയാണ് മുംബൈ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്. പിന്നാലെ വാട്‌സണ്‍ ഒന്ന് വിറപ്പിച്ചെങ്കിലും ബുംറയും മലിംഗയും ചേര്‍ന്ന് അവസാന ഓവറുകളില്‍ ചെന്നൈയെ പിടിച്ചുകെട്ടി. ടൂര്‍ണമെന്റിലുടനീളം ഹാര്‍ദിക് പാണ്ഡ്യയും രാഹുല്‍ ചാഹറും പുറത്തെടുത്ത പ്രകടനങ്ങളെ അഭിനന്ദിക്കാനും സച്ചിന്‍ മറന്നില്ല. വിജയത്തോടെ ഐപിഎല്‍ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംബൈ ചരിത്രത്തില്‍ ഇടം നേടി.

Related News