Loading ...

Home sports

692 റണ്‍സുമായി ഓറഞ്ച് ക്യാപ് ഡേവിഡ് വാര്‍ണര്‍ക്ക്; പര്‍പ്പിള്‍ ക്യാപ്പ് താഹിറിന്: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ റെക്കോര്‍ഡുകള്‍

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീട ജേതാക്കളായപ്പോള്‍ കൂടുതല്‍ റണ്‍സ് എടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപ് ഡേവിഡ് വാര്‍ണര്‍ക്ക്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് താരമായ വാര്‍ണര്‍ 12 ഇന്നിംഗ്‌സുകളില്‍ നിന്നായി 692 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 100 റണ്‍സാണ് വാര്‍ണറുടെ സീസണിലെ ടോപ് സ്‌കോര്‍. 143.86 ശരാശരിയിലാണ് താരത്തിന്റെ പ്രകടനം. 21 സിക്‌സറുകളും 57 ബൗണ്ടറികളും വാര്‍ണര്‍ സ്വന്തമാക്കി. 481 പന്തുകള്‍ നേരിട്ടാണ് വാര്‍ണര്‍ 692 റണ്‍സ് നേടിയത്. 529 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്ക് രണ്ടാം സ്ഥാനത്തും 521 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇരുവരും 16 മത്സരങ്ങളില്‍ നിന്നാണ് ഈ സ്‌കോര്‍ നേടിയത്. നാലാം സ്ഥാനത്തുള്ള ആന്ദ്രെ റസ്സല്‍ 13 ഇന്നിംഗ്‌സുകളില്‍ നിന്നായി 510 റണ്‍സ് സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ റെക്കോര്‍ഡ് ആന്ദ്ര റസ്സലിനാണ്. 52 സിക്‌സറുകളാണ് സീസണില്‍ റസ്സല്‍ സ്വന്തമാക്കിയത്. 34 സിക്‌സുകള്‍ നേടിയ ഗെയില്‍ രണ്ടാം സ്ഥാനത്തും 29 സിക്‌സുകള്‍ നേടിയ ഹാര്‍ദിക് മൂന്നാം സ്ഥാനത്തുമുണ്ട്. ആറ് സെഞ്ച്വറികളാണ് പന്ത്രണ്ടാം സീസണില്‍ പിറന്നത്. ഇതില്‍ 114 റണ്‍സെടുത്ത ഹൈദരാബാദ് താരം ബെയിര്‍‌സ്റ്റോയുടേതാണ് സീസണിലെ ടോപ് സ്‌കോര്‍. 105 റണ്‍സെടുത്ത രഹാനെ രണ്ടാം സ്ഥാനത്തും 102 റണ്‍സുള്ള സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തുമുണ്ട്. വാര്‍ണര്‍, കെ എല്‍ രാഹുല്‍, കോഹ്ലി എന്നിവര്‍ 100 റണ്‍സുമായി തൊട്ടുപിന്നാലെ നില്‍ക്കുന്നു. 26 വിക്കറ്റുകള്‍ സ്വന്തമാക്കിയ ചെന്നൈയുടെ ഇമ്രാന്‍ താഹിറിനാണ് പര്‍പ്പിള്‍ ക്യാപ്പ്. 17 ഇന്നിംഗ്‌സുകളില്‍ നിന്നായി 16.57 ആവറേജിലാണ് താഹിറിന്റെ 26 വിക്കറ്റ് നേട്ടം. സീസണില്‍ രണ്ട് തവണ നാല് വിക്കറ്റ് നേട്ടവും താഹിര്‍ ആഘോഷിച്ചു. 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റ് നേടിയ റബാദ രണ്ടാം സ്ഥാനത്തും 17 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റുകള്‍ നേടിയ ദീപക് ചാഹര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 12 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈയുടെ അല്‍സാരി ജോസഫിന്റേതാണ് സീസണിലെ മികച്ച ബൗളിംഗ് പ്രകടനം. 11 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റെടുത്ത മുഹമ്മദ് നബി മികച്ച പ്രകടനങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 5.50 ഇക്കോണമി റേറ്റുള്ള മുംബൈയുടെ അനുകൂല്‍ റോയിയുടേതാണ് ബെസ്റ്റ് ഇക്കോണമി.

Related News