Loading ...

Home Education

‘അഗ്നി’ തടയാൻ അമേരിക്ക ശ്രമിച്ചെന്നു ഡോ. കലാമിന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി∙ അഗ്നി മിസൈൽ പരീക്ഷണം തടയാ‍ൻ അവസാന നിമിഷംവരെ അമേരിക്കയും ‘നാറ്റോ’യും ശ്രമിച്ചെന്ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വെളിപ്പെടുത്തൽ. അന്തരിച്ച മുൻ രാഷ്ട്രപതി അവസാനമായി എഴുതിയ ‘അഡ്വാന്റേജ് ഇന്ത്യ, ഫ്രം ചലഞ്ച് ടു ഓപ്പർച്യൂനിറ്റി’ എന്ന പുസ്തകത്തിലാണ് ഈ വിവരം. ശ്രീജൻ പാൽ സിങ്ങുമായി ചേർന്ന് രചിച്ച പുസ്തകം ഉടൻ പുറത്തിറങ്ങും.1988 മേയ് 22ന് ആണ് അഗ്നി വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഡോ. എ.പി.ജെ. അബ്ദുൽ കലാമിന് ഒരു ഫോൺ വന്നു. മറുവശത്ത് അന്നത്തെ ക്യാബിനറ്റ് സെക്രട്ടറി ടി.എൻ. ശേഷൻ ആയിരുന്നു. രാജീവ് ഗാന്ധിയായിരുന്നു അപ്പോൾ പ്രധാനമന്ത്രി. ‘ പരീക്ഷണം നീട്ടിവയ്ക്കാൻ ഞങ്ങളുടെമേൽ അമേരിക്കയുടെയും നാറ്റോയുടെയും ശക്തമായ സമ്മർദമുണ്ട് ’– ശേഷൻ പറഞ്ഞു. നയതന്ത്ര രീതിയിൽ ഇക്കാര്യം പരിഹരിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഏതാനും നിമിഷങ്ങൾ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് കലാം ഓർക്കുന്നു. അമേരിക്ക പരീക്ഷണം നീട്ടിവയ്ക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദം ചെലുത്തുന്ന കാര്യം അറിയാമായിരുന്നു. ഒരു ദശാബ്ദമായി മികച്ച ഒരു സംഘം നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായിരുന്നു അഗ്നി. അതിനാൽ കലാം പറഞ്ഞു: പരീക്ഷണത്തിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല. വൈകിപ്പോയി. ശേഷനിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ വരുമെന്ന് കലാം പ്രതീക്ഷിച്ചു. എന്നാൽ കലാമിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ‘ശരി, മുന്നോട്ടുപോകുക’ എന്ന് ശേഷൻ നിർദേശിച്ചു. ഈ സംഭാഷണം നടന്ന് മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അഗ്നി വിക്ഷേപിച്ചു. ചരിത്രം സൃഷ്ടിച്ച വിജയകരമായ ആ പരീക്ഷണം ഒരുകൂട്ടം യുവ ശാസ്ത്രജ്ഞരുടെ അർപ്പണത്തിന്റെ ഫലമായിരുന്നുവെന്ന് കലാം എഴുതുന്നു. വിക്ഷേപണം നടന്ന ഒഡീഷയിലെ ചാന്ദിപ്പൂരിൽ അടുത്ത ദിവസം ചുഴലിക്കാറ്റടിച്ചു. വിക്ഷേപണ സ്ഥലത്ത് കനത്ത നാശമുണ്ടായി. പക്ഷേ, അപ്പോഴേയ്ക്കും അഗ്നി വിജയപഥത്തിലെത്തിയിരുന്നു– കലാം എഴുതുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ ‘മെയ്ക് ഇൻ ഇന്ത്യ’ യുടെ പോരായ്മകളെപ്പറ്റിയും കലാം പുസ്തകത്തിൽ സൂചിപ്പിക്കുന്നു. പദ്ധതി ആവേശമുണർത്തുന്നതാണ്. എന്നാൽ രാജ്യത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഭീമമായ അന്തരവും ഇല്ലാതാക്കേണ്ടതാണ്. ടെലികോം, ഇന്റർനെറ്റ് രംഗത്ത് അത്ഭുതകരമായ വളർച്ച രാജ്യത്തുണ്ട്. എന്നാൽ റോഡോ വൈദ്യുതിയോ ഇല്ലാത്ത ഗ്രാമങ്ങളും നിരവധി. ഭൗതികമായ ഈ ഇല്ലായ്മകൾ കാണാതെ നിർമാണരംഗത്തെ വളർച്ചയെ മാത്രം ലക്ഷ്യമാക്കുന്നതിൽ അപകടമുണ്ട്. ‘നിലവാരം കുറഞ്ഞ സാധനങ്ങൾ ഉൽപാദിപ്പിക്കുന്ന സ്ഥലമായി ഇന്ത്യ മാറരുത്, അത് ജനങ്ങളെ ദുരിതത്തിലാഴ്ത്തും ’ –കലാം മുന്നറിയിപ്പു നൽകുന്നു.പകരം യുവാക്കളുടെ ആശയങ്ങളെ ഉപയോഗപ്പെടുത്തിയും മുതിർന്നവരുടെ മാർഗനിർദേശത്തോടെയും മൗലികമായ ഗവേഷണങ്ങൾ വഴി വളരുകയും വികസിക്കുകയും വേണം. ഷില്ലോങ്ങിലെ ഐഐഎമ്മിൽ വച്ച് ജൂലൈ 27ന് നിര്യാതനാവുന്നതിനു തൊട്ടുമുമ്പ് നടത്തിയ അപൂർണമായ പ്രസംഗവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

Related News