Loading ...

Home Gulf

വൈദികരുടെ പീഡനം പെരുകുന്നു, കര്‍ശന മാര്‍ഗരേഖകളുമായി കത്തോലിക്ക സഭ; പരാതിക്കാര്‍ക്ക് സംരക്ഷണം നല്‍കണം, പഴയ ലൈംഗികപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

ആഗോളതലത്തില്‍ കത്തോലിക്ക പുരോഹിതരുടെ പീഡനം പെരുകുമ്ബോള്‍ ഇതിന് തടയിടാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി വത്തിക്കാന്‍. മേലില്‍ പീഡന പരാതിയുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണമെന്നും വിശ്വാസികള്‍ക്ക് പീഡന പരാതികള്‍ നിര്‍ഭയം നല്‍കാനാവുന്ന സാഹചര്യം ഒരുക്കണമെന്നുമെല്ലാം മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് ഈയിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പീഡന പരാതികളിലെല്ലാം പരാതിക്കാരെ സഭ തള്ളിക്കളയുകയോ ഭീഷണിപ്പെടുത്തുകയോ ആണ് ഉണ്ടായിട്ടുള്ളത്. സഭയിലെ ലൈംഗിക പീഡനങ്ങളില്‍ പൊലീസില്‍ പരാതിപ്പെടുന്നതിനെ സഭ പരസ്യമായി പിന്തുണച്ചിരുന്നില്ല. ഇതാദ്യമായിട്ടാണ് വത്തിക്കാന്‍ അതാതു നാട്ടിലെ നിയമസംവിധാനവുമായി ചേര്‍ന്ന് പരാതിപ്പെടാന്‍ നിര്‍ദേശം നല്‍കുന്നത്. സഭ അതില്‍ ഇടപെടാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. പരാതിയുമായി എത്തുന്നവരെ സഭാനേതൃത്വം കേള്‍ക്കുകയും ആത്മീയവും വൈദ്യശാസ്ത്രപരവും മനശാസ്ത്രപരവുമായ പിന്തുണ അവര്‍ക്ക് ഉറപ്പാക്കുകയും വേണം. പഴയ ലൈംഗിക പീഡനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ കന്യാസ്ത്രീകളും പുരോഹിതരും ബാധ്യസ്ഥരാണെന്നും മാര്‍ഗരേഖ പറയുന്നു. പീഡനങ്ങളെ കുറിച്ച്‌ വിവരമറിഞ്ഞാല്‍ ഉടന്‍ പരാതി നല്‍കണം. സഭയിലെ ഉന്നതര്‍ പരാതി മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും പുറത്തു പറയണം-മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പരാതികള്‍ ഉയര്‍ന്നാല്‍ അത് വത്തിക്കാനെ അറിയിക്കാന്‍ ആര്‍ച്ച്‌ബിഷപ്പുമാര്‍ തയ്യാറാകണമെന്നും മാര്‍ഗനിര്‍ദേശം പറയുന്നു. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ആഗോളതലത്തില്‍ കത്തോലിക്ക വൈദികര്‍ക്കെതിരെ ഉയരുന്ന പീഡന പരാതികള്‍ വേണ്ടവിധം അതാത് പ്രാദേശിക സഭകള്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് വെളിവാക്കുന്ന വാര്‍ത്തകളുടെയും സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം. കേരളത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെതടക്കമുള്ള പീഡന കേസുകള്‍ കൈകാര്യം ചെയ്ത രീതി പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.

Related News