Loading ...

Home Gulf

2015ലെ ആണവകരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്‍മാറി

ടെഹ്‌റാന്‍: വന്‍ശക്തികളുമായുള്ള 2015ലെ ആണവകരാറില്‍നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറി. ഉടമ്ബടിയില്‍ ഒപ്പുവച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പിന്മാറ്റം. രണ്ട് മാസത്തിനകം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ യുറേനിയം സമ്ബുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. 2015ല്‍ ഒപ്പുവച്ച ആണവകരാറില്‍ നിന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഈ പിന്മാറ്റത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്ബോഴാണ് റുഹാനിയുടെ പ്രഖ്യാപനം. ആണവ നിരായുധീകരണ നടപടികളില്‍ സഹകരിക്കുന്നതിന് പകരമായി ഇറാന് മേലുള്ള സാമ്ബത്തിക, വാണിജ്യ ഉപരോധത്തില്‍ ഇളവുവരുത്തുമെന്ന കരാറുമുണ്ടായിരുന്നു. എന്നാല്‍, കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ ഉപരോധത്തില്‍നിന്ന് ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലകളെ സംരക്ഷിക്കാന്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് കഴിയുന്നില്ല. ഈ നിലയില്‍ കരാര്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റൂഹാനിയുടെ പിന്മാറ്റപ്രഖ്യാപനം. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു ഇറാന്റെ ആണവകരാര്‍. റൂഹാനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഒരു കാരണവശാലും ആണവശക്തിയാകാന്‍ ഇറാനെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ആണവകരാറില്‍നിന്ന് ഭാഗികമായി പിന്മാറുകയാണെന്ന് ഇറാന്റെ തീരുമാനത്തിന് പിന്നാലെ കടുത്ത ഉപരോധവുമായി അമേരിക്ക. വിദേശനാണയങ്ങളില്‍ ഇറാന്റെ സാമ്ബത്തികസ്രോതസ്സായ ഉരുക്ക്, അലുമിനിയം, ചെമ്ബ്, ഇരുമ്ബ് മേഖലകളിലാണ് അമേരിക്കയുടെ ഉപരോധം. ഇറാന്റെ മനോഭാവം മാറ്റിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എണ്ണമേഖല കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ കയറ്റുമതി വരുമാനമാണ് ലോഹമേഖലയെന്നും അതിന്മേലുള്ള ഉപരോധം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. 60 ദിവസത്തിനിടയില്‍ ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായുള്ള നീക്കങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ബ്രിട്ടണ്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹന്റ് പറഞ്ഞു.

Related News