Loading ...

Home Europe

12 ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനം; മുഖ്യമന്ത്രി നെതര്‍ലന്റസില്‍ എത്തി, പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതില്‍ നെതര്‍ലന്‍ഡ്‌സ് നടപ്പാക്കുന്ന മാതൃകകളെ കുറിച്ച്‌ പഠിക്കും, വെള്ളിയാഴ്ച വ്യവസായ കോണ്‍ഫെഡറേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച

നെതര്‍ലന്റ്: ( 09.05.2019) യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്റ്സിലെത്തി. അംബാസഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയ്ക്ക് സ്വീകരണ നല്‍കിയത്. വിവിധ മലയാളി സംഘടനാ പ്രതിനിധികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നെതര്‍ലന്റ്സിലെ വ്യവസായ കോണ്‍ഫെഡറേഷന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്നലെ യാത്ര തിരിച്ചത്.


വെള്ളപ്പൊക്കം ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതില്‍ നെതര്‍ലന്‍ഡ്‌സ് നടപ്പാക്കുന്ന മാതൃകകള്‍ മനസിലാക്കുക സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമാണ്. ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനം, ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങ് എന്നിവയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍. യുഎന്‍ പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യപ്രാസംഗികരില്‍ ഒരാളായി മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തിരുന്നു. പ്രമുഖ അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തങ്ങളെ കുറിച്ചും ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കും. നെതര്‍ലന്റ്സിലെത്തിയ വിവരം മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മെയ് 20ന് മുഖ്യമന്ത്രി തിരിച്ചെത്തും.

Related News