Loading ...

Home health

പ്രമേഹരോഗികളും ദന്തസംരക്ഷണവും

Dr Manikandan.G.R (Consultant Periodontist ,Trivandrum) ദിവസം ചെല്ലുന്തോറും നമ്മുടെ നാട്ടില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍തന്നെയാണ് ഇതിനൊരു പ്രധാന കാരണം. പാരമ്ബര്യവും ഒരു ഘടകമായി വര്‍ത്തിക്കുന്നു. പ്രമേഹവും മോണ രോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അതു മാത്രമല്ല പ്രമേഹ രോഗികളില്‍ വായിലും പല്ലുകളിലും ചില വ്യതിയാനങ്ങള്‍ സംഭവിക്കാറുമുണ്ട്. മറ്റെല്ലാ അവയവങ്ങളുടെയും സംരക്ഷണം പോലെ തന്നെ പ്രമേഹരോഗികള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട ഒന്നാണ് അവരുടെ ദന്തസംരക്ഷണം. പ്രമേഹം കാരണമുണ്ടാവുന്ന പ്രധാന ദന്താരോഗ്യ പ്രശ്നങ്ങള്‍ 1. മോണരോഗം മോണരോഗവും പ്രമേഹവും തമ്മില്‍ ഒരു ദ്വിദിശ ബന്ധം(two way relationship)ആണുള്ളത്. മോണരോഗമുള്ള വരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച്‌ നിര്‍ത്താന്‍ നന്നേ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. അതുപോലെ തന്നെ അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍ മോണരോഗത്തിന്റെ സാധ്യതയും മൂന്നു മുതല്‍ നാലു മടങ്ങ് വര്‍ദ്ധിക്കുന്നു. പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളില്‍ ആറാമത്തേതില്‍ മോണ രോഗത്തിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018-ലെ അന്താ രാഷ്ട്ര പ്രമേഹ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രമേഹ രോഗിയുടെ പല്ലിന്റെയും മോണയുടെയും പരിശോധനകൂടി പ്രാരംഭ പരിശോധനകളില്‍ നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്. 2. ദന്തക്ഷയവും മറ്റ് പ്രശ്നങ്ങളും പ്രമേഹരോഗികളില്‍ വായിലെ ഉമിനീരിന്റെ അളവ് കുറഞ്ഞ് ചെറിയ വരള്‍ച്ച അനുഭവപ്പെടാറുണ്ട്. സാധാരണയായി ഉമിനീരിന്റെ പ്രവര്‍ത്തനമാണ് ദന്തക്ഷയം തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അതുകൊണ്ടു തന്നെ പ്രമേഹരോഗി കളില്‍ ഉമിനീര്‍ കുറയുന്നതു കാരണം ഭക്ഷണാവശിഷ്ടങ്ങള്‍ യഥാസമയം പൂര്‍ണമായും നീക്കപ്പെടാതെ അണുക്കളുടെ രാസപ്രവര്‍ത്തനം ത്വരിതപ്പെട്ട് അമ്ലസ്വഭാവം കൈവരുകയും ഒടുവില്‍ തീവ്രമായ തോതില്‍ ദന്തക്ഷയം ഉണ്ടാകാനും കാരണമാവുന്നു. ഇത് കൂടാതെ നാവിനും കവിളിനും എരി ച്ചിലും പുകച്ചിലും ഇടയ്ക്കിടെ അനുഭവപ്പെടുന്നു. നാവിലെ രസമുകുളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതിന്റെ ഫലമായി രുചിയക്ക് വ്യത്യാസം അനുഭവപ്പെടുകയും ചെയ്യും. 3. അസ്ഥിയുടെ തേയ്മാനം പല്ലുകള്‍ നഷ്ടപ്പെടുന്ന പ്രമേഹരോഗി കൃത്രിമ ദന്തങ്ങള്‍ വയ്ക്കുമ്ബോഴും അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. സാധാ ണയില്‍ നിന്നും വ്യത്യസ്തമായ അതീവ ത്വരിത വേഗത്തില്‍ അസ്ഥി തേഞ്ഞു പോകുകയും അതിന്റെ ഫലമായി വായിലെ അണയുടെ നീളവും വീതിയും ഇടയ്ക്കിടെ മാറാനും കാരണമാവുന്നു. അതു കാരണം ഒരു വര്‍ഷം മുമ്ബ് ഉണ്ടായിരുന്ന അളവില്‍ നിര്‍മ്മിച്ച വയ്പുപല്ലുകള്‍ ഉറപ്പില്ലാതാവുകയും ചവയ്ക്കുന്ന സമയത്തോ അല്ലാതെയോ ഊരി വരികയും ചെയ്യും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് വയ്പുപല്ലുകള്‍ ഇടയ്ക്കിടെ മാറ്റേണ്ടി വരാറുണ്ട്. 4. വായ്നാറ്റം പ്രമേഹരോഗികളില്‍ രാസപ്രവര്‍ത്തനം മൂലം സാധാരണയില്‍ നിന്നും ഉയര്‍ന്ന തോതില്‍ കീറ്റോണ്‍ സംയുക്തങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയുടെ ഗന്ധം രോഗിയുടെ ശ്വാസത്തിലും കലരാറുണ്ട്. വായ്നാറ്റത്തിനു കാരണമാവുന്ന അസ്ഥിര നൈസര്‍ഗിക സംയുക്തങ്ങള്‍ ഇവിടെ അളവില്‍ കൂടുതല്‍ ഉണ്ടാവുന്നു. പല്ലില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക് അഥവാ കക്ക കൂടിയാവുമ്ബോള്‍ ഈ പ്രവര്‍ത്തനം ത്വരിതപ്പെടുന്നു. 5. അടിക്കടി ഉണ്ടാവുന്ന പഴുപ്പ് സാധാരണക്കാരെ അപേക്ഷിച്ച്‌ പ്രമേഹരോഗികളില്‍ മോണ യിലെ പഴുപ്പ് അടിക്കടി കാണപ്പെടാറുണ്ട്. മോണരോഗത്തിന്റെ പ്രാരംഭചികിത്സയായ പല്ല് വൃത്തിയാക്കുക എന്നതിനോ ടൊപ്പം പ്രമേഹം കൂടി നിയന്ത്രിച്ച്‌ നിര്‍ത്തി ആവശ്യമായ ആന്റി ബയോട്ടിക് മരുന്നുകളും കഴിക്കേണ്ടത് അത്യാവശ്യമാണ്. 6. മറ്റു പ്രശ്നങ്ങള്‍ ശരീരത്തിലെ മറ്റേത് ഭാഗങ്ങളിലെയും പോലെ തന്നെ വായി ലെയും ശസ്ത്രക്രിയയ്ക്ക് ശേഷമോ, അല്ലെങ്കില്‍ പല്ല് എടുത്തതിനു ശേഷമോ മുറിവുണങ്ങാന്‍ കാലതാമസം നേരിടേണ്ടി വരുന്നതും പ്രമേഹരോഗികളില്‍ കാണുന്ന മറ്റൊരു പ്രശ്നമാണ്. ചില രോഗികളില്‍ വായില്‍ കാണ പ്പെടുന്ന ത്വക്ക് രോഗങ്ങളിലൊന്നായ ഓറല്‍ ലൈക്കന്‍ പ്ലാനസ് എന്ന അസുഖവും വര്‍ദ്ധിച്ച തോതില്‍ കണ്ടുവരാ റുണ്ട്. പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ രാവിലെയും വൈകിട്ടും മൂന്നു മുതല്‍ അഞ്ച് മിനിട്ട് നന്നായി ഒരു മീഡിയം അഥവാ സോഫ്റ്റ് ടൂത്ത് ബ്രഷ് കൊണ്ട് പല്ല് വൃത്തിയാക്കുക. പല്ലിനിടയില്‍ കയറുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എടുത്തു കളയാനായി ദന്തല്‍ ഫ്ലോസ് എന്ന നൂല് അല്ലെങ്കില്‍ ഇന്റര്‍ ദന്തല്‍ ബ്രഷ് ഉപയോഗിക്കുക. പല്ലുകള്‍ക്കിടയിലെ അകലം നിര്‍ണയിച്ചതിനു ശേഷം ഇതില്‍ ഏതാണ് അഭികാമ്യമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കും. ∙പല്ലില്‍ പറ്റിപ്പിടിക്കുന്ന കക്ക അഥവാ കാല്‍ക്കുലസ് യഥാസമയം നീക്കം ചെയ്യുക. ആറുമാസത്തിലൊരിക്കല്‍ ദന്തവിദ ഗ്ധനെ കണ്ട് അള്‍ട്രാസോണിക് ഉപകരണം കൊണ്ടുള്ള ക്ലീനിംഗ് അഥവാ സ്കെയിലിംഗ് ചെയ്യുക. ∙മധുരപദാര്‍ത്ഥങ്ങള്‍ കഴിവതും ഒഴിവാക്കുക. പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള മിഠായികള്‍, ക്രീം ബിസ്കറ്റുകള്‍, വറ്റലുകള്‍, കേക്കുകള്‍ തുടങ്ങിയവ കഴിച്ചതിന് ശേഷം ഉടന്‍ തന്നെ വായ നന്നായി കഴുകി വൃത്തിയാക്കുക. ∙മോണയില്‍ അമിതമായി ചുവപ്പു നിറം കാണുക, രക്തസ്രാവം മോണയില്‍ നിന്നുമുണ്ടാവുക, ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കാതെ തുടക്കത്തിലേ ചികിത്സ തേടുക. ∙മോണയിലെ രക്തചംക്രമണം കൂട്ടാന്‍ മോണ തിരുമ്മുന്നത് നല്ലതാണ്. വൃത്തിയുള്ള വിരലുകളോ ഇതിനായുള്ള ആയുര്‍ വേദ മരുന്നുകളോ ഉപയോഗിക്കാവുന്നതാണ്. ∙കൂര്‍ത്ത പല്ലുകളോ വയ്പു പല്ലുകളോ വായില്‍ മുറിവുണ്ടാക്കുന്നുണ്ടെങ്കില്‍ യഥാസമയം ചികിത്സ തേടുക. ∙വയ്പു പല്ലുകള്‍ക്ക് ചലനം സംഭവിച്ച്‌ അവയുടെ പിടുത്തം നഷ്ടപ്പെടുമ്ബോള്‍ തന്നെ ഡോക്ടറെ കണ്ട് അതിനുള്ള പരിഹാരം തേടുക. ∙പ്രമേഹനിയന്ത്രണത്തിനും വായിലെ മറ്റു കാരണങ്ങളും നീക്കം ചെയ്തിട്ടും വായ്നാറ്റം തുടരുന്നുവെങ്കില്‍ മറ്റു കാരണ ങ്ങളായ ഗ്യാസ്ട്രബിള്‍, സൈനസൈറ്റിസ്, ശ്വാസകോശസംബ ന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവയാണോ എന്ന് നിര്‍ണയിച്ച്‌ ചികിത്സ തേടുക. ∙പ്രമേഹത്തിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളും ഇന്‍സുലിന്‍ കുത്തിവയ്പും മുടങ്ങാതെ സ്ഥിരമായി എടുക്കുക. ∙വീട്ടില്‍ ഗ്ലൂക്കോമീറ്റര്‍ വാങ്ങി ദിവസവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കുക. വ്യതിയാനം ഉണ്ടെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക. ∙ദന്തരോഗത്തിന്റെ ഒരു ലക്ഷണവും തോന്നിയില്ലെങ്കില്‍ കൂടി പ്രമേഹ രോഗികള്‍ മൂന്നു മാസത്തില്‍ അല്ലെങ്കില്‍ കുറഞ്ഞത് ആറുമാസത്തിലൊരിക്കലോ ദന്തരോഗവിദഗ്ധനെ കണ്ട് വായ പരിശോധിക്കേണ്ടതാണ്.

Related News