Loading ...

Home Europe

'ഇതാണ് ആ കുഞ്ഞുരാജകുമാരന്‍'; മകനെ ആദ്യമായി ലോകത്തെ കാണിച്ച്‌ മേഗനും ഹാരിയും

മെയ് ആറിന് ഇംഗ്ലണ്ടിനെ ആഹ്ളാദത്തിലാഴ്ത്തിയായിരുന്നു ആ വാര്‍ത്ത പുറത്തു വന്നത്. ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കിളിനും ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. രാജാവിന്‍റെ പദവിയിലേക്കുള്ള ഊഴത്തില്‍ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്‍റെയും മകന്‍. കുഞ്ഞിനെ ഒന്ന് കാണാനായി കാത്തിരിക്കുന്ന ലോകത്തിനായി മേഗനും ഹാരിയും കുഞ്ഞിന്‍റെ മുഖം കാണിച്ചു.


കൊട്ടാരത്തിന്‍റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ കൂടാതെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമായിരുന്നു കുഞ്ഞിനെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും അനുവാദമുണ്ടായിരുന്നത്. കുഞ്ഞിനെ തന്‍റെ കൈകളില്‍ വച്ച്‌ ഹാരി താലോലിക്കുന്നുണ്ടായിരുന്നു. ഹാരിയേ ചേര്‍ത്തുപിടിച്ച്‌ കുഞ്ഞിനെ തലോടി മേഗനും കൂടെ നിന്നു. ഇരുവരും വളരെയധികം സന്തോഷത്തിലായിരുന്നു.


വിന്‍സര്‍ കാസ്റ്റിലിലെ സെന്‍റ് ജോര്‍ജ് ഹാളില്‍ വച്ചായിരുന്നു കുഞ്ഞിനൊപ്പം ഇരുവരും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ഇതൊരു അത്ഭുതമാണ് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് പേര്‍ തനിക്കൊപ്പം ഉണ്ടെന്നും മേഗന്‍ പറഞ്ഞു. മാത്രമല്ല കുഞ്ഞ് വളരെ ശാന്തസ്വഭാവക്കാരനാണെന്നാണ് മേഗന്‍ പറയുന്നത്.

കുഞ്ഞിന് ഇതുവരെ പേര് ഇട്ടിട്ടില്ല. മെയ് ആറിന് കാലത്ത് 5.26 നാണ് കുഞ്ഞ് ജനിച്ചത്. സാധാരണ കുഞ്ഞ് ജനിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ പൊതുസമൂഹത്തെ കാണിക്കുന്ന പതിവ് കൊട്ടാരത്തിന് ഉണ്ടായിരുന്നു. എങ്കിലും മേഗനും ഹാരിക്കും അതില്‍ താല്‍പര്യമില്ലെന്ന് മുമ്ബു തന്നെ പറഞ്ഞിരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും സ്വകാര്യതയെ മാനിച്ച്‌ പ്രസവം കോട്ടേജില്‍ വച്ച്‌ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും കുഞ്ഞു ജനിക്കാത്തതിനെ തുടര്‍ന്ന് മേഗനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഹാരി രാജകുമാരന്‍ തന്നെയാണ് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തു വിട്ടത്. തൊട്ടുപിന്നാലെ സസക്സ് കൊട്ടാരത്തില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പും പുറത്തുവന്നു. ''Absolutely to die for'' എന്നാണ് കുഞ്ഞ് ജനിച്ചതിനെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് ഹാരി പറഞ്ഞത്. 3.2 കിലോ തൂക്കമായിരുന്നു ജനിക്കുമ്ബോള്‍ കുഞ്ഞിന്‍റെ തൂക്കം.

''അങ്ങനെ ഒരു ആണ്‍കുഞ്ഞ് വന്നു'', ചിരിച്ചുകൊണ്ട് ഹാരി മാധ്യമപ്രവ‍ര്‍ത്തകരോട് പറഞ്ഞു. ''എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണിത്. ഓരോ സ്ത്രീയും കുഞ്ഞിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും നമുക്കൊരിക്കലും ചെയ്യാന്‍ കഴിയാത്തതാണ്. ഞങ്ങളുടെ ഈ നല്ല നിമിഷങ്ങളില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, സന്തോഷം''- ഹാരി അന്ന് പറഞ്ഞു.

ഇംഗ്ലണ്ടിന്‍റെ രാജ്ഞിയായ ക്വീന്‍ എലിസബത്തിന്‍റെ പേരക്കുട്ടിയാണ് ഹാരി. പ്രശസ്തയായിരുന്ന ഡയാന രാജകുമാരിയുടെയും അടുത്ത രാജാവായി അധികാരമേല്‍ക്കുന്ന ചാള്‍സ് രാജകുമാരന്‍റെയും രണ്ടാമത്തെ മകന്‍. കഴിഞ്ഞ വര്‍ഷം മെയിലാണ് വലിയ ആഘോഷത്തോടെ വിന്‍ഡ്‍സോര്‍ കൊട്ടാരത്തില്‍ വച്ച്‌ ഇരുവരുടെയും വിവാഹം നടന്നത്. ഹാരിക്ക് 34 വയസ്സാണ് പ്രായം. അമേരിക്കയിലെ മുന്‍നിര നടി കൂടിയായിരുന്ന മേഗന് 37 വയസ്സും. ക്വീന്‍ എലിസബത്തിന്‍റെ പേരക്കുട്ടികളുടെ കുട്ടികളില്‍ എട്ടാമത്തെയാളാകും ഇപ്പോള്‍ പിറന്ന കുഞ്ഞ്. 93 വയസ്സുള്ള എലിസബത്ത് രാജ്ഞി ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാജ്ഞിമാരില്‍ ഒരാളാണ്. ബ്രിട്ടീഷ്, അമേരിക്കന്‍ പൗരത്വം ഒരുപോലെ സ്വന്തമായുണ്ട് ക്വീന്‍ എലിസബത്തിന്.

എന്തായാലും കുഞ്ഞിനെ രാജാവെന്ന് വിളിക്കാനാകില്ല ഇപ്പോള്‍. അതിന് രാജ്ഞി അനുമതിപത്രം എഴുതി നല്‍കണം. ഹാരി രാജകുമാരന്‍റെയും മേഗന്‍ മര്‍ക്കിളിന്‍റെയും ഔദ്യോഗികപദവികള്‍ സസക്സ് പ്രഭുവെന്നും പ്രഭ്വിയെന്നുമാണ്.







Related News